കടലില്‍ വളരുന്ന നീരാളി(Octopus) രൂപം കൊണ്ടും സ്വഭാവ സവിശേഷത കൊണ്ടും ഏറെ പ്രത്യേകത നിറഞ്ഞ ജീവിയാണ്. മൊളസ്ക് (Mollusks) എന്ന വിഭാഗത്തില്‍പ്പെട്ട നീരാളി, മത്സ്യമോ സസ്തനിയോ അല്ല. 300 കിലോഗ്രാം വരെ തൂക്കം വരുന്ന നീരാളികളുണ്ട്. അത്തരത്തില്‍ വലിപ്പമേറിയ ഒരു നീരാളി കരയിലെത്തി നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറുന്ന ദൃശ്യം എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ വ്യാപകമായി പ്രചാരത്തിലുണ്ട്.
"ഖത്തറില്‍ കടലില്‍ നിന്ന് കയറിവന്ന നീരാളി കാര്‍ തകര്‍ക്കുന്നു" എന്നുള്ള പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ കാണാം.
എന്നാല്‍, പ്രചാരത്തിലുള്ള വീഡിയോ അമിനേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തില്‍ കണ്ടെത്താനായി.
അന്വേഷണം
പ്രചരിക്കുന്ന വീഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്സ് ഇമേജിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ ന്യൂയോര്‍ക്കിലെ വെള്ളപ്പൊക്കത്തില്‍ നിന്നുള്ളതാണെന്ന രീതിയിലും ഇതേ വീഡിയോ പങ്കുവച്ചിരിക്കുന്നതായി കാണാനായി. വീഡിയോയിലുള്ള '@ghost3dee' എന്ന വാട്ടര്‍മാര്‍ക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇതേ പേരിലുള്ള യുട്യൂബ് ചാനല്‍ ലഭ്യമായി. ഖത്തറില്‍ നിന്നുള്ള VFX ആര്‍ട്ടിസ്റ്റ് ആയ അലക്സ് ഇസഡ് ആണ് യുട്യൂബ് ചാനല്‍ ഉടമയെന്ന് മനസിലാക്കാനായി. മാത്രമല്ല, 'Churro' എന്ന സിജിഐ ഒക്ടോപ്പസ് കഥാപാത്രം സൃഷ്ടിച്ചതും ഈ കലാകാരനാണ്. VFX സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വീഡിയോ സൃഷ്ടിച്ചിട്ടുള്ളതെന്ന് ചാനലില്‍ വ്യക്തമാക്കുന്നുണ്ട്.
ഈ ചാനലില്‍, വൈറല്‍ വീഡിയോ കൂടാതെ, അതേ CGI നീരാളി മണലില്‍ നിരങ്ങുന്നതും കുളിക്കുന്നതുമായ നിരവധി വീഡിയോകളും കണ്ടെത്തി.
2023 സെപ്റ്റംബര്‍ 25-ന് ഇന്‍സ്റ്റാഗ്രാമിലാണ് അലക്സ് വൈറലായ വീഡിയോ ആദ്യം പങ്കിട്ടത്. സ്നാപ്പ് റെന്ഡര്ഫാം ഉപയോഗിച്ചാണ് പ്രസ്തുത വീഡിയോ ക്ലിപ്പ് നിര്‍മ്മിച്ചതെന്ന് അലക്സ് പരാമര്‍ശിച്ചിട്ടുണ്ട്.
ന്യൂയോര്‍ക്കിലെ വെള്ളപ്പൊക്കത്തില്‍ നിന്നുള്ളതാണെന്ന രീതിയില്‍ ഇതേ വീഡിയോ വൈറലയാപ്പോള് ഇന്ത്യാ ടുഡേ ഇംഗ്ലീഷില്‍ നല്കിയ ഫാക്ട് ചെക്ക് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് പ്രചരിക്കുന്ന വീഡിയോ ഒറിജിനല്‍ അല്ലെന്നും കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഖത്തറിലെ ഒരു കലാകാരന് സൃഷ്ടിച്ചതാണെന്നും വ്യക്തമായി.
ഖത്തറില്‍ കാറ് നശിപ്പിക്കുന്ന നീരാളിയുടെ ദൃശ്യം.
പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ അല്ല. കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഖത്തറിലെ ഒരു കലാകാരന് സൃഷ്ടിച്ച Churro എന്ന നീരാളിയാണിത്.