വ്യാജ മുന്നറിയിപ്പുകളും ഭീതിപ്പെടുത്തുന്ന സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് പതിവാണ്. അപകടം ഒഴിവാക്കാൻ മുൻകരുതലെടുക്കുക എന്ന സന്ദേശത്തോടൊപ്പമാകും പലപ്പോഴും ഇത്തരം വ്യാജവാർത്തകൾ പ്രചരിക്കുന്നത്. ശീതളപാനീയങ്ങൾ ഉപയോഗിക്കുന്നത് കുറച്ചുനാളത്തേക്ക് ഒഴിവാക്കണമെന്ന് ഹൈദരാബാദ് പൊലീസ് അറിയിച്ചു എന്ന മുന്നറിയിപ്പോടെ ഒരു സന്ദേശം സൈബർ ഇടങ്ങളിൽ വീണ്ടും പ്രചരിക്കുകയാണ്.
”Maza, Fanta, 7up, Coca Cola, Mountain Dio, Pepsi തുടങ്ങിയ ശീതളപാനീയങ്ങൾ അടുത്ത കുറച്ച് ദിവസത്തേക്ക് കുടിക്കരുത്. കമ്പനിയിലെ ജീവനക്കാരിലൊരാൾക്ക് മാരകമായ എബോള വൈറസ് ബാധിച്ചു. ഇന്നലെ എൻഡിടിവി ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എത്രയും വേഗം ഈ സന്ദേശം അയച്ച് സഹായിക്കൂ. ഈ സന്ദേശം നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് അയക്കുക നിങ്ങൾക്ക് കഴിയുന്നത്ര പങ്കിട്ടുത്തതിന് നന്ദി,” എന്ന് പറയുന്ന പോസ്റ്റ് താഴെ കാണാം.
ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാർ റൂം (AFWA) നടത്തിയ അന്വേഷണത്തിൽ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. ഈ വ്യാജ സന്ദേശം വർഷങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചാരത്തിലുള്ളതാണ്.
AFWA അന്വേഷണം
എന്താണ് എബോള വൈറസ്?
എബോള ജനുസ്സിൽപ്പെട്ട വൈറസുകൾ പരത്തുന്ന രോഗത്തെയാണ് EVD അഥവ എബോള വൈറസ് ഡിസീസ് എന്ന് പറയുന്നത്. ഗൊറില്ലകളിലും ചിമ്പാൻസികളിലും മനുഷ്യരിലുമാണ് EVD സാധാരണയായി കാണുന്നത്. 1976 കോംഗോയിലെ എബോള നദിക്കരയിൽ ആദ്യമായി കണ്ടെത്തിയതുകൊണ്ടാണ് ഈ രോഗത്തെ എബോള രോഗം എന്ന് പറയുന്നത്. അനവധി ആഫ്രിക്കൻ രാഷ്ട്രങ്ങളിൽ എബോള ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കുരങ്ങുകളിൽ നിന്നും വവ്വാലുകളിൽ നിന്നുമാണ് EVD സാധാരണയായി പകരുന്നതെന്നാണ് പറയപ്പെടുന്നത്.
രോഗിയുടെ രക്തമോ മറ്റ് ശരീരദ്രവങ്ങൾ വഴിയോ വൈറസ് പകരാം. EVD ബാധിച്ച് മരിച്ച രോഗിയുടെ ശരീരവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടാലും രോഗം പകരാം. ഒരാളുടെ മൂക്കിലൂടെയും വായിലൂടെയും കണ്ണിലൂടെയും വൈറസ് ശരീരത്തിൽ കയറാൻ സാധ്യതയുണ്ട്. EVDയിൽ നിന്ന് മുക്തി നേടിവരുന്ന ആളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നവഴിയും രോഗം ബാധിക്കാം. 50 ശതമാനമാണ് എബോള രോഗബാധിതരിൽ മരണനിരക്ക്.
എൻഡിടിവിയുടെ വെബ്സൈറ്റാണ് ഞങ്ങൾ ആദ്യം തിരഞ്ഞത്. എബോള വൈറസ് ഇന്ത്യയിൽ സ്ഥിതീകരിച്ചതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളൊന്നും ഇവിടെ കണ്ടെത്താനായില്ല. തുടർന്ന് "ഹൈദരാബാദ് പോലീസ്" "എബോള" "ഇന്ത്യ" തുടങ്ങിയവ കീവേർഡുകളായി നൽകി ഗൂഗിളിൽ തിരച്ചിൽ നടത്തി. ഇങ്ങനെ ലഭ്യമായ വിവരങ്ങളിൽ അധികവും എബോള വൈറസിനെപ്പറ്റി പ്രചരിക്കുന്ന ഒരു വ്യാജവാർത്തക്കെതിരെയുള്ള മുന്നറിയിപ്പായിരുന്നു. കൂട്ടത്തിൽ ഹൈദരാബാദ് പോലീസിന്റെ ഒരു ട്വീറ്റും കണ്ടെത്താനായി.
2019 ജൂൺ 13ന് ഹൈദരാബാദ് സിറ്റി പോലീസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പ്രചരിപ്പിക്കുന്ന വാദം തെറ്റാണെന്ന് അറിയിച്ചിരുന്നു. ഹൈദരാബാദ് പോലീസിന്റെ പേരിൽ ശീതളപാനീയങ്ങളെപ്പറ്റി പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും ഡിപ്പാർട്ട്മെൻറ് ഇത്തരമൊരു സന്ദേശം പുറപ്പെടുവിച്ചിട്ടില്ല എന്നും പറയുന്ന വീട് താഴെ കാണാം.
Fake news spreading on social media about cool drinks and a warning from Hyderabad city police is fake one and Hyderabad city police never released any message regarding this. pic.twitter.com/cCy32Vh7fN— హైదరాబాద్ సిటీ పోలీస్ Hyderabad City Police (@hydcitypolice) July 13, 2019
ഇതിൽനിന്നും ഇപ്പോൾ പ്രചരിക്കുന്ന വാദം വർഷങ്ങളായി പ്രചരിക്കുന്ന ഒന്നാണെന്ന് മനസ്സിലായി.
വലുതും ചെറുതുമായ എബോള വ്യപനങ്ങളുടെ ലിസ്റ്റ് ഞങ്ങൾ പരിശോധിച്ചെങ്കിലും ഇന്ത്യയിൽ എബോള കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെ വിവരങ്ങളൊന്നും ലഭ്യമായില്ല.
വർഷങ്ങളായി ഈ സന്ദേശം പ്രചാരത്തിൽ ഉള്ളതിനാൽ വൈറൽ ആകുന്ന വേളകളിൽ അനവധി വാർത്താമാധ്യമങ്ങൾ ഇവ ഫാക്ട് ചെക് ചെയ്തിട്ടുണ്ട്. ദ് ന്യൂസ് മിനിറ്റ്, ഫാക്ട് ക്രസന്റോ, സമയം മലയാളം മുതലായ മാധ്യമങ്ങൾ സമാനമായ സന്ദേശങ്ങൾ ഫാക്ട് ചെക് ചെയ്തിട്ടുണ്ട്.
ഇതിൽനിന്ന് ഇന്ത്യയിലെ തൊഴിലാളിക്ക് എബോള വൈറസ് സ്ഥിതീകരിച്ചതിനാൽ ശീതളപാനീയങ്ങൾ കുറച്ചുനാളത്തേക്ക് ഉപയോഗിക്കരുതെന്ന ഹൈദരാബാദ് പോലീസിൻറെ സന്ദേശം വ്യാജമാണെന്ന് കണ്ടെത്താനായി.
പ്രമുഖ ശീതളപാനീയ കമ്പനിയിലെ ജീവനക്കാരന് എബോള വൈറസ് സ്ഥിതീകരിച്ചതിനാൽ കുറച്ചുനാളത്തേക്ക് ഇവ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഹൈദരാബാദ് പോലീസ് അറിയിച്ചു.
ഇങ്ങനെ ഒരു സന്ദേശം നൽകിയിട്ടില്ലെന്ന് ഹൈദരാബാദ് പോലീസ് 2019 വ്യക്തമാക്കിയിരുന്നു. ഇത് വർഷങ്ങളായി പ്രചാരത്തിലുള്ള വ്യാജ വാർത്തയാണ്. എബോള വൈറസ് രോഗം ഇന്ത്യയിലെ തൊഴിലാളിക്ക് സ്ഥിരീകരിച്ചതിന് റിപ്പോർട്ടുകളൊന്നും ലഭ്യമല്ല.