ഇസ്രയേല്-പാലസ്തീന് സംഘര്ഷം ഇടയ്ക്കിടെ വാര്ത്തകളില് നിറയാറുണ്ട്. ഏറ്റവും പുതിയ വാര്ത്തകള് പ്രകാരം ഇസ്രയേല് അധിനിവേശമുള്ള പാലസ്തീന് പ്രദേശമായ വെസ്റ്റ് ബാങ്കില് ഈ വര്ഷം 85 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്ട്ട്. പ്രദേശം പിടിച്ചെടുത്ത ശേഷമുള്ള ഏറ്റവും വലിയ മരണസംഖ്യയാണിതെന്നും വാര്ത്തകള് സൂചിപ്പിക്കുന്നു.
ഇസ്രയേല്-പാലസ്തീന് സംഘര്ഷത്തിലേത് എന്ന പേരില് ഇപ്പോള് സമൂഹമാധ്യമങ്ങളില് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. സ്ഫോടനം നടന്ന ഒരു സ്ഥലത്ത് നശിക്കാതെ അവശേഷിക്കുന്ന ഖുറാന് ആണ് ചിത്രത്തിലുള്ളത്.
'പാലസ്തീനിലെ ഓഹ് യാ പ്രവിശ്യയില് ഇസ്രയേല് ജൂതന്മാരുടെ ശക്തമായ ബോംബാക്രമണത്തിലും നശിക്കാതെ കിടക്കുന്ന വിശുദ്ധ വേദപുസ്തകം.
ചിന്തിക്കുന്നവര്ക്ക് അല്ലാഹു ദൃഷ്ടാന്തങ്ങള് കാണിച്ചു തരും.??
മാഷാ അല്ലാഹ് ' എന്ന കുറിപ്പിനൊപ്പം പ്രചരിക്കുന്ന പോസ്റ്റിന്റെ പൂര്ണ്ണരൂപം താഴെ കാണാം.
എന്നാല്, പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര് റൂം(AFWA) കണ്ടെത്തി. ഈ ചിത്രം പാലസ്തീനിലേതല്ല.
AFWA അന്വേഷണം
പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജില് തിരഞ്ഞപ്പോള് ഇത് വര്ഷങ്ങളായി പ്രചാരത്തിലുള്ള ചിത്രമാണെന്ന് മനസിലാക്കാനായി. വാര്ത്തകളില് നിന്ന് ഇത് അഫ്ഗാനിസ്ഥാനിലേതാണെന്ന സൂചനയാണ് ലഭിച്ചത്. 2018, 2019 തുടങ്ങി വിവിധ വര്ഷങ്ങളിലെ സ്ഫോടന വാര്ത്തകളില് മാധ്യമങ്ങള് ഈ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. 2018 നവംബറില് YJC ന്യൂസ് നല്കിയ വാര്ത്തയില് ഈ ചിത്രമുണ്ട്. കാബൂള് എയര്പോര്ട്ടിന് സമീപമുള്ള യുറാനസ് ഹോട്ടലില് നടന്ന സ്ഫോടനത്തെക്കുറിച്ചുള്ള വാര്ത്തയാണിത്.
റിപ്പോര്ട്ട് പ്രകാരം യുറാനസ് ഹോട്ടലില് നബിദിനാഘോഷം നടക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. ചാവേര് ആക്രമണമായിരുന്നുവെന്ന് അഫ്ഗാന് ആഭ്യന്തരമന്ത്രാലയത്തിന്റെ വക്താവ് നജീബ് ദനീഷിന്റെ കമെന്റ് ഉള്പ്പെടെയുള്ള വാര്ത്തയാണ് YJC ന്യൂസ് നല്കിയിരിക്കുന്നത്.
ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള് Englishisw news, middleeast press എന്നീ മാധ്യമങ്ങള് നല്കിയ സമാനമായ വര്ത്തകളും ലഭ്യമായി. ഈ വാര്ത്തകളില് നിന്നുള്ള ചിത്രങ്ങള് താഴെ കാണാം.
സ്ഫോടനത്തിന്റെ വിവിധ ദൃശ്യങ്ങള് ഇറാന് മാധ്യമം ആയ tabnak നല്കിയിരുന്നു. ഇതിലും ഇപ്പോള് പ്രചരിക്കുന്ന ചിത്രം ഉള്പ്പെട്ടിട്ടുണ്ട്.
ഇവയില് നിന്നെല്ലാം ചിത്രം അഫ്ഗാനിസ്ഥാനിലേതാണെന്ന് വ്യക്തമായി. അതേസമയം, പാലസ്തീന്-ഇസ്രയേല് സംഘര്ഷത്തില് സമാനമായ സ്ഫോടനങ്ങള് നടന്നിട്ടുണ്ട്. ഇപ്പോഴും സംഘര്ഷം നിലനില്ക്കുന്നതിനാല് സാഹചര്യം തുടരാന് സാധ്യതയുണ്ടെങ്കിലും പ്രചാരത്തിലുള്ള ചിത്രത്തിന് പാലസ്തീന്-ഇസ്രയേല് സംഘര്ഷവുമായി ബന്ധമില്ലെന്ന് വ്യക്തം.
പാലസ്തീനിലെ ഓഹ് യാ പ്രവിശ്യയില് ഇസ്രയേല് നടത്തിയ ബോംബ് ആക്രമണത്തില് നശിക്കാതെ അവശേഷിച്ച ഖുറാന്.
ഈ ചിത്രം അഫ്ഗാനിസ്ഥാനിലെ കാബൂളില് നിന്നുള്ളതാണ്. ഇതിന് ഇസ്രയേല്-പാലസ്തീന് സംഘര്ഷവുമായി യാതൊരു ബന്ധവുമില്ല.