മധ്യപ്രദേശിലെ ഹുക്ക ബാറിൽ അടുത്തിടെ നടന്ന റെയ്ഡിൽ 30 പേരെ അറസ്റ്റ് ചെയ്തുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അറസ്റ്റിലായ 30 പേരിൽ 15 ഹിന്ദു പെൺകുട്ടികളും 15 മുസ്ലിം ആൺകുട്ടികളും ആണ് ഉണ്ടായിരുന്നത് എന്ന വർഗീയ ഉള്ളടക്കത്തോടെയാണ് വീഡിയോ വൈറലാവുന്നത്. മൂന്ന് യുവ ദമ്പതികളെ വെവ്വേറെ ക്യാബിനുകളിൽ നിന്നും പോലീസ് ഉദ്യോഗസ്ഥർ പിടിക്കുന്നതാണ് വീഡിയോയിൽ കാണുന്ന ദൃശ്യം.
”15 ആൺകുട്ടികളെയും 15 പെൺകുട്ടികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ പെൺകുട്ടികളും നല്ല കുടുംബത്തിൽ നിന്നുള്ളവരാണ്. പക്ഷേ എല്ലാ ആൺകുട്ടികളും മുസ്ലീങ്ങളും പെൺകുട്ടികളെല്ലാം ഹിന്ദുക്കളും, ഒരു മുസ്ലീം പെൺകുട്ടി പോലും അവിടെ ഇല്ല എന്നതാണ് പ്രധാനം.ഇതാണ് സാംസ്ക്കാരിക Jihad,”എന്നു തുടങ്ങുന്ന പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ കാണാം.
ഇന്ത്യാ ടുഡേ നടത്തിയ അന്വേഷണത്തിൽ വീഡിയോയിൽ കാണുന്ന സംഭവം ഉത്തർ പ്രദേശിൽ നിന്നുള്ളതാണെന്നും ഇതിന് വർഗീയവശം ഇല്ല എന്നും വ്യക്തമായി.
അന്വേഷണം
വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ ദൈനിക് ഭാസ്കറിന്റെ ഒരു റിപ്പോർട്ട് ഞങ്ങൾക്ക് ലഭ്യമായി. വൈറലായ വീഡിയോയിൽ നിന്നുള്ള സ്ക്രീൻഷോട്ടുകളിൽ ഒന്ന് റിപ്പോർട്ടിൽ നൽകിയിട്ടുണ്ട്.
ഈ റിപ്പോർട്ട് പ്രകാരം 2022 ജൂലൈ 27 ന് ഉത്തർപ്രദേശിലെ ആഗ്രയിലുള്ള സഞ്ജയ് പ്ലേസിലെ ഒരു റെസ്റ്റോറന്റിലാണ് ഈ സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് മറ്റ് നിരവധി റിപ്പോർട്ടുകളും ഞങ്ങൾക്ക് ലഭിച്ചു. എന്നാൽ ഈ റിപ്പോർട്ടുകളിലൊന്നും വർഗീയത പരാമർശമില്ല.
തുടർന്ന്, വർഗീയ ആരോപണത്തിന്റെ ആധികാരികത പരിശോധിക്കാൻ ഞങ്ങൾ ആഗ്രയിലെ അസിസ്റ്റന്റ് സൂപ്രണ്ട് സത്യനാരായൺ പാറിപറ്റുമായി സംസാരിച്ചു. സംഭവത്തിൽ വർഗീയമായ യാതൊന്നുമില്ലെന്നും പിടിയിലായ യുവാക്കളെല്ലാം തന്നെ ഹിന്ദുക്കളായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും എല്ലാവരും പ്രായപൂർത്തിയായവർ ആയതിനാൽ അവർക്കെതിരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിപ്പോർട്ടുകൾ പ്രകാരം ഹരിപർവത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന റസ്റ്റോറന്റിൽ പോലീസ് നടത്തിയ റെയ്ഡ് വീഡിയോ വൈറലായതിന് ശേഷം അതിൽ ഉൾപ്പെട്ട മൂന്ന് കോൺസ്റ്റബിൾമാരെ സസ്പെൻഡ് ചെയ്തിരുന്നു. റെയ്ഡ് നടത്തിയ പോലീസുകാരിൽ ഒരാളാണ് വീഡിയോ റെക്കോർഡ് ചെയ്തത്. എന്നാൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പോലീസിനെതിരെ ആക്ഷേപം ഉയർന്നു. ഇതേത്തുടർന്ന് ആഗ്ര പോലീസ് സൂപ്രണ്ട് പ്രഭാകർ ചൗധരി റെയ്ഡിൽ പങ്കെടുത്ത മൂന്ന് കോൺസ്റ്റബിൾമാരെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
വൈറൽ വീഡിയോ യഥാർത്ഥത്തിൽ ആഗ്രയിലെ ഒരു കഫേയിൽ നിന്നുള്ളതാണെന്നും ദൃശ്യങ്ങളിൽ കാണുന്ന യുവാക്കൾ എല്ലാം ഹിന്ദുക്കളായിരുന്നു എന്നും ഇതിനാൽ വ്യക്തമാണ്.
ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഇന്ത്യാ ടുഡേയുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമാണ്. റിപ്പോർട്ട് ഇവിടെ കാണാം
മധ്യപ്രദേശിലെ ഹുക്ക ബാറിൽ അടുത്തിടെ നടന്ന റെയ്ഡിൽ 15 ഹിന്ദു പെൺകുട്ടികളും 15 മുസ്ലിം ആൺകുട്ടികളും അറസ്റ്റ് ചെയ്തു.
വീഡിയോയിൽ കാണുന്ന സംഭവം ഉത്തർ പ്രദേശിൽ നിന്നുള്ളതാണ്. ഇതിൽ വർഗീയവശം ഇല്ല.