ഒരു യുവാവ് കാളയുടെ പുറത്തുകയറിയിരുന്നു പാഞ്ഞുപോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇത് പാക്കിസ്ഥാനിലെ ഏറ്റവും വലിയ കാലിച്ചന്തയായ വടക്കൻ മണ്ഡിയിൽ നിന്നുള്ളതാണ് എന്നാണ് വീഡിയോയ്ക്ക് ഒപ്പം പ്രചരിക്കുന്ന വാദം.
എന്നാൽ പ്രചാരത്തിലുള്ള വീഡിയോ ഉത്തരാഖണ്ഡിലെ ഋഷികേഷിൽ നിന്നുള്ളതാണെന്ന് ഇന്ത്യാ ടുഡേ കണ്ടെത്തി.
അന്വേഷണം
കേശവ് ഗസ്റ്റ് ഹൗസ് എന്ന ബോർഡിൻ്റെ അടുത്ത് നിന്നാണ് യുവാവ് കാളപ്പുറത്ത് കയറിയതെന്ന് വീഡിയോയിൽ കാണാം. കാള പാഞ്ഞുപോകുന്ന വഴിയിൽ ഉത്തരാഖണ്ഡ് എന്ന് ഒരു ബോർഡ് ശ്രദ്ധയിൽപ്പെട്ടു. മാത്രവുമല്ല, ദ ഹൈലാൻഡ്സ് എന്ന പേരും കാണാം. ഗൂഗിൾ മാപ്പിൻ്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ ഇത് ഉത്തരാഖണ്ഡിലെ ഋഷികേശിലുള്ള തപോവൻ എന്ന സ്ഥലത്തുള്ള ലക്ഷ്മൺ ജുലാ റോഡ് ആണെന്ന് വ്യക്തമായി. കീവേർഡുകളുപയോഗിച്ച് നടത്തിയ പരിശോധനയിൽ കാളപ്പുറത്തുള്ള യുവാവിൻ്റെ സാഹസിക യാത്രയെക്കുറിച്ച് ഒട്ടേറെ വാർത്തകൾ കണ്ടെത്താനായി. വാർത്തകൾ പ്രകാരം 2023 മെയ് അഞ്ചിനാണ് ലഹരിയുടെ സ്വാധീനത്തിലായിരുന്ന യുവാവ് കാളപ്പുറത്തേറി സഞ്ചരിച്ചത്. സംഭവം നടന്നത് ഉത്തരാഖണ്ഡിലാണെന്ന് പൊലീസിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് വാർത്തയിൽ വ്യക്തമാക്കിയിട്ടുണ്ട്.
യുവാവിനെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുള്ളതായി ഉത്തരാഖണ്ഡ് പൊലീസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ മെയ് എട്ടിന് വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയിലും മൃഗങ്ങളോട് അതിക്രമം കാട്ടരുതെന്ന് താക്കീത് നൽകിയതായും ട്വീറ്റിൽ പറയുന്നു. മാപ്പപേക്ഷിച്ചുള്ള യുവാവിൻ്റെ വീഡിയോയും പൊലീസ് ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
05 मई की देर रात्रि तपोवन ऋषिकेश में नशे में युवक के सांड के ऊपर सवार होने संबंधी सोशल मीडिया पर प्रसारित वीडियो का संज्ञान लेते हुए युवक के विरुद्व वैधानिक कार्यवाही करते हुए युवक को चेतावनी दी गयी कि पशुओं के साथ भविष्य में इस प्रकार दुर्व्यवहार न करें। pic.twitter.com/VrSxRdhqJX— उत्तराखण्ड पुलिस - Uttarakhand Police (@uttarakhandcops) May 8, 2023
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രചാരത്തിലുള്ള വീഡിയോ പാക്കിസ്ഥാനിലേതല്ലെന്നും ഋഷികേഷിൽ നിന്നുള്ളതാണെന്നും വ്യക്തം.
കാളപ്പുറത്ത് സവാരി ചെയ്യുന്ന യുവാവിൻ്റെ വീഡിയോ പാക്കിസ്ഥാനിലെ വടക്കൻ മണ്ഡിയിൽ നിന്നുള്ളതാണ്
ഉത്തരാഖണ്ഡിലെ ഋഷികേശിലുള്ള തപോവൻ എന്ന സ്ഥലത്തുനിന്നുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്.