schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
Claim: ബ്രിട്ടീഷ് പാർലമെന്റിൽ ഒരാൾക്ക് രണ്ടു തവണ മാത്രം എംപിയാവാം. ക്രിമിനൽ കേസുകൾ നിലവിൽ ഉള്ളവർ മത്സരിക്കരുത്.
Fact: ബ്രിട്ടീഷ് പാർലമെന്റിൽ ഒരാൾക്ക് എത്ര തവണ വേണമെങ്കിലും എംപിയാവാം. കോടതി ശിക്ഷിച്ചവർക്ക് മാത്രമേ മത്സരിക്കാൻ വിലക്കുള്ളൂ.
ബ്രിട്ടീഷ് പാർലമെന്റിൽ മത്സരിക്കുന്നതിന് ചില നിബന്ധനകൾ ഉണ്ടെന്ന് സൂചിപ്പിക്കുന്ന ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ഈ കൊല്ലം ഇന്ത്യയിൽ പാർലമെൻറ് തിരഞ്ഞെടുപ്പ് നടക്കാന്നിരിക്കേയാണ് ഈ പ്രചരണം.
“ബ്രിട്ടീഷ് പാർലമെന്റിൽ ഒരാൾക്ക് രണ്ടു തവണ മാത്രമേ എംപിയാവാൻ പറ്റുകയുള്ളൂ. മത്സരിക്കുന്നവരുടെ പേരിൽ ഒരൊറ്റ ക്രിമിനൽ കേസും ഉണ്ടാവരുത്. നമുക്കും വേണം ഈ നിയമങ്ങൾ,” എന്നാണ് പോസ്റ്റ് പറയുന്നത്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
Mannady Pushpakaran എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 2.2 k ഷെയറുകൾ ഉണ്ടായിരുന്നു.
ഇവിടെ വായിക്കുക: Fact Check: സുരേഷ് ഗോപി മോദിക്ക് നൽകിയ തളിക ചെമ്പല്ല സ്വർണ്ണമാണെന്ന ഏഷ്യാനെറ്റ് ന്യൂസ്കാർഡ് വ്യാജം
ഞങ്ങൾ ഈ പ്രചരണം സത്യമാണോ എന്നറിയാൻ ബ്രിട്ടീഷ് പാർലമെന്റിന്റെ സൈറ്റ് ആദ്യം പരിശോധിച്ചു. അപ്പോൾ വെബ്സൈറ്റിലെ പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ: എംപിമാർ എന്ന സെക്ഷനിൽ ഏറ്റവും കൂടുതൽ കാലം സേവനം അനുഷ്ഠിച്ച എംപിമാരെ കുറിച്ച് കൊടുത്തിട്ടുണ്ട്. അത് പ്രകാരം, ചാൾസ് പെൽഹാം വില്ലിയേഴ്സ് 63 വർഷവും 6 ദിവസവും തുടർച്ചയായി എംപിയായി സേവനമനുഷ്ഠിച്ചു. സർ വിൻസ്റ്റൺ ചർച്ചിൽ 63 വർഷവും 10 മാസവും എംപിയായി സേവനമനുഷ്ഠിച്ചു. എന്നാൽ അത് തുടർച്ചയായി അല്ല എന്ന് വ്യക്തമാക്കുന്നുണ്ട്.
ഇപ്പോൾ ബ്രിട്ടനിൽ എംപിമാരായി തുടരുന്നവരുടെ ചിലരുടെ സേവന കാലാവധിയും ഞങ്ങൾ പരിശോധിച്ചു. വർത്തിംഗ് വെസ്റ്റിൽ നിന്നുള്ള കൺസർവേറ്റീവ് എംപിയാണ് സർ പീറ്റർ ബോട്ടംലി. 1975 ജൂൺ 26 മുതൽ അദ്ദേഹം എംപിയാണ്. ഏഴ് തവണ അദ്ദേഹം എംപിയായിട്ടുണ്ട്.
ഹഡേഴ്സ്ഫീൽഡിൻ്റെ ലേബർ (കോ-ഓപ്പ്) എംപിയാണ് ബാരി ഷീർമാൻ. 1979 മെയ് 3 മുതൽ അദ്ദേഹം തുടർച്ചയായി എംപിയാണ്. പത്ത് തവണ അദ്ദേഹം എപിയാണ്.
പിന്നീട് ഞങ്ങൾ പരിശോധിച്ചത്, നിലവിൽ കേസുള്ളവർക്ക് ബ്രിട്ടനിൽ എംപിയാവാൻ കഴിയുമോ എന്നാണ്. അൺലോക്ക് എന്ന അഡ്വക്കസി വെബ്സൈറ്റ് പറയുന്നത്, “ബ്രിട്ടനിലെ ജനപ്രാതിനിധ്യ നിയമം 1981 പ്രകാരം, നിങ്ങൾ ഒരു കുറ്റകൃത്യത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഒരു വർഷത്തിലധികം തടവിന് ശിക്ഷിക്കപ്പെടുകയും ആ കുറ്റകൃത്യത്തിൻ്റെ ഫലമായി നിലവിൽ തടങ്കലിൽ കഴിയുകയും ചെയ്താൽ, ഹൗസ് ഓഫ് കോമൺസിൽ അംഗമാകുന്നതിന് നിങ്ങൾക്ക് അയോഗ്യതയുണ്ട്. ജയിൽ മോചിതനായാൽ എംപിയായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തടസ്സമില്ല. ശിക്ഷ ഒരു വർഷമോ അതിൽ കുറവോ ആണെങ്കിൽ, സാങ്കേതികമായി, നിങ്ങൾ ജയിലിൽ ആയിരിക്കുമ്പോൾ നിങ്ങൾക്ക് തിരഞ്ഞെടുപ്പിൽ നിൽക്കാനും കഴിയും.”
യുകെ ലെജിസ്ലേഷൻ വെബ്സൈറ്റ് പ്രകാരം, “ബ്രിട്ടനിലെ ജനപ്രാതിനിധ്യ നിയമം 1981(1)ലെ വ്യവ്യവസ്ഥ പ്രകാരം,ഒന്നോ അതിലധികമോ കുറ്റകൃത്യങ്ങളിൽ (ഈ നിയമം പാസാക്കുന്നതിന് മുമ്പോ ശേഷമോ, യുണൈറ്റഡ് കിംഗ്ഡത്തിലോ മറ്റെവിടെയെങ്കിലുമോ) കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വ്യക്തി, ശിക്ഷിക്കപ്പെടുകയോ അല്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് അല്ലെങ്കിൽ ഒരു വർഷത്തിൽ കൂടുതൽ തടവിലിടുകയോ ചെയ്യാൻ ഉത്തരവിട്ടാൽ, അംഗത്വത്തിന് അയോഗ്യനാകും. ശിക്ഷയുടെയോ ഉത്തരവിൻ്റെയോ അടിസ്ഥാനത്തിൽ ബ്രിട്ടീഷ് ദ്വീപുകളിലോ റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിലോ എവിടെയെങ്കിലും തടങ്കലിലായിരിക്കുമ്പോൾ അല്ലെങ്കിൽ ആ സമയത്ത് നിയമവിരുദ്ധമായി ഒളിവിൽ പോവുകയോ ചെയ്താൽ ഹൗസ് ഓഫ് കോമൺസ് അംഗത്വത്തിന് അയോഗ്യനാകും.
ഇതിൽ നിന്നെല്ലാം, കേസിൽ പ്രതിയായാൽ ഒരാൾ ബ്രിട്ടനിൽ പാർലമെൻറിൽ മത്സരിക്കാൻ അയോഗ്യനാവില്ലെന്നും മറിച്ച് ശിക്ഷിക്കപ്പെട്ടാൽ മാത്രമേ അയോഗ്യത ഉണ്ടാവു എന്നും വ്യക്തം. അയോഗ്യതയുടെ ഈ മാനദണ്ഡത്തിന് ഇന്ത്യയിലെ നിയമത്തിൽ നിന്നും എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്നും ഞങ്ങൾ പരിശോധിച്ചു.
എസ് സി ഒബ്സർവേർ എന്ന വെബ്സൈറ്റ് പ്രകാരം, “ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെങ്കിലും ക്രിമിനൽ വിചാരണ നേരിടുന്ന ഒരു സ്ഥാനാർത്ഥിക്ക് ഈ വിലക്ക് ബാധകമല്ല. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8 തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാൽ മാത്രമേ അയോഗ്യരാക്കുകയുള്ളൂ.”
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8നെ കുറിച്ച് ഇന്ത്യൻകാണൂൺ എന്ന വെബ്സൈറ്റ് പറയുന്നത് ക്രിമിനൽ കുറ്റത്തിൽ ശിക്ഷിക്കപ്പെട്ടാൽ മാത്രമേ ഒരാൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അയോഗ്യനാവുകയുള്ളൂ എന്നാണ്.
ഇവിടെ വായിക്കുക: Fact Check: കുട്ടികളെ തട്ടികൊണ്ട് പോവുന്ന തമിഴ്നാട് സംഘത്തെ കുറിച്ചുള്ള മുന്നറിയിപ്പ് വ്യാജം
ബ്രിട്ടീഷ് പാർലമെന്റിൽ ഒരാൾക്ക് എത്ര തവണ വേണമെങ്കിലും എംപിയാവാം എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായത്. കോടതി ശിക്ഷിച്ചവർക്ക് മാത്രമേ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുള്ളൂവെന്നും വ്യക്തമായി. ഇന്ത്യയിലും കോടതി ശിക്ഷിച്ചവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ട്.
Sources
Members FAQ on the website of the UK Parliament
Sir Peter Bottomley’s profile on the website of the UK Parliament
Mr Barry Sheerman’s profile on the website of the UK Parliament
Advice/member-of-parliament section in Unlock Website
Representation of the People Act 1981 in UK Legislation Website
Electoral Disqualification section on Supreme Court Observer website
Section 8 in The Representation of the People Act, 1951
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
December 16, 2024
Sabloo Thomas
November 5, 2024
Sabloo Thomas
October 14, 2024
|