K-RAIL പദ്ധതിക്കായുള്ള കല്ലിടാൻ എത്തുന്ന ഉദ്യോഗസ്ഥർ നേരിടേണ്ടിവരുന്ന ജനകീയ പ്രതിഷേധങ്ങളാണ് ഇപ്പോൾ കേരളത്തിലെ ഏറ്റവും ചൂടേറിയ മാധ്യമ ചർച്ച. പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന അനവധി വാർത്തകളിൽ ഏറ്റവും വൈറലാണ് സുബൈദയുടെ വീട്ടിലും കല്ലിടുന്നു എന്ന വാർത്ത. പ്രചരിക്കുന്ന പോസ്റ്റുകൾ പ്രകാരം CMDRലേക്ക് സംഭാവന നൽകിയതുവഴി മുഖ്യമന്ത്രിയുടെ അനുമോദനങ്ങൾ ലഭിച്ച സുബൈദയുടെ പുരയിടവും K-RAIL പദ്ധതി നടപ്പിലാകുന്നതോടെ നഷ്ടമാകും. ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു പോസ്റ്റ് താഴെ കാണാം
ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാർ റൂം (AFWA) നടത്തിയ അന്വേഷണത്തിൽ പോസ്റ്റിലെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. സുബൈദ താമസിക്കുന്നത് കൊല്ലം കോർപ്പറേഷൻ പരിധിയിൽ വരുന്ന സ്ഥലത്താണ്. കൊല്ലം ജില്ലയിൽ K-RAIL കടന്നുപോകുന്നത് കോർപ്പറേഷൻ പരിധിക്ക് വെളിയിലായാണ്.
AFWA അന്വേഷണം
ആരാണ് സുബൈദ?
കോവിഡ് വാക്സിൻ വാങ്ങാൻ വേണ്ടിയുള്ള സംഭാവനകൾ സ്വീകരിക്കാൻ പ്രത്യേക CMDR അക്കൗണ്ട് കേരളം രൂപീകരിച്ചിരുന്നു. 2021 ഏപ്രിലിൽ നടത്തിയ ഒരു പത്രസമ്മേളനത്തിലാണ് കൊല്ലം സ്വദേശിനി സുബൈദ ആടിനെ വിറ്റ് കിട്ടിയ പൈസ CMDRലേക്ക് സംഭാവന ചെയ്ത വിവരം മുഖ്യമന്ത്രി അറിയിച്ചത്. കൊല്ലം പോർട്ട് ഓഫീസ് സമീപം ചായക്കട നടത്തിയാണ് സുബൈദ ജീവിക്കുന്നത്. മനോരമ റിപ്പോർട്ട് പ്രകാരം സംഗമം നഗർ 77 എന്നതാണ് സുബൈദയുടെ അഡ്രസ്സ്. ആടിനെ വിറ്റുകിട്ടിയ തുകയിൽനിന്ന് 5,510 രൂപയാണ് ജില്ലാകളക്ടർക്ക് സുബൈദ അന്ന് കൈമാറിയത്. വളർത്തു ജന്തുവിനെ വിറ്റപ്പോൾ കിട്ടിയ 12,000 രൂപയിൽ മറ്റ് ആവശ്യങ്ങൾ കഴിച്ച് 5000രൂപ CMDRലേക്ക് നൽകിയതോടെയാണ് സുബൈദ ശ്രദ്ധേയയായത്.
പോസ്റ്റിൽ അവകാശപ്പെടുന്നതുപോലെ സുബൈദയുടെ വീടോ വസ്തുവോ K-RAILനായി വിട്ടുനൽകേണ്ടി വരുന്നതുമായ ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നിട്ടുണ്ടോ എന്ന് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
പ്രചരിക്കുന്ന വാദം സത്യമാണോ എന്നറിയാൻ K-RAIL പാത കടന്നുപോകുന്ന റൂട്ട് മാപ്പ് പരിശോധിച്ചു. സുബൈദയുടെ സ്ഥലമായി മാധ്യമറിപ്പോർട്ടുകൾ നേരത്തെ കാണിച്ചിരുന്ന പള്ളിത്തോട്ടം ഈ മാപ് പ്രകാരം കൊല്ലത്തു വരാൻപോകുന്ന അതിവേഗ റെയിലിൽ നിന്നും അകലെയാണ് എന്ന് മനസ്സിലായി. റെയില്വേ ബോര്ഡിന്റെ പരിഗണനയിലുള്ള അലൈന്മെന്റ് പ്ലാൻ പ്രകാരം കൊല്ലം K-RAIL സ്റ്റേഷൻ വരുന്ന പാലത്തറ കൊറ്റങ്കര സുബൈദയുടെ സ്ഥലമായ പള്ളിത്തോട്ടത്തുനിന്നും 9.6 കിലോമീറ്റർ മാറിയാണ് സ്ഥിതിചെയ്യുന്നത്.
ഗൂഗിൾ മാപ്പിൽ ഈ ദൂരം അടയാളപ്പെടുത്തിയിരിക്കുന്നത് താഴെ കാണാം.
പള്ളിത്തോട്ടം മുതൽ സ്റ്റേഷൻ വരെയുള്ള ദൂരം:
കൊല്ലം പോർട്ട് മുതൽ സ്റ്റേഷൻ വരെയുള്ള ദൂരം:
കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ കൊല്ലം കോര്പ്പറേഷന് പള്ളിത്തോട്ടം ഡിവിഷനിലെ കൗൺസിലർ എൻ ടോമിയെ ബന്ധപ്പെട്ടു. ഞങ്ങളുടെ കണ്ടെത്തൽ ശരിയാണെന്ന് അദ്ദേഹം പറഞ്ഞു. "കൊല്ലം തുറമുഖത്തിന് നേരെ എതിർവശത്തായാണ് സുബൈദ ഉമ്മയുടെ ചായക്കട. പള്ളിത്തോട്ടം, കൊല്ലം ഫോർട്ട് ഡിവിഷനുകളുടെ അതിരിലായാണ് സുബൈദയുടെ താമസം. തീരദേശ മേഖലയിൽ എന്നല്ല, കൊല്ലം കോർപ്പറേഷന്റെ പരിധിയിലെ K-RAIL വരുന്നില്ല എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ സുബൈദ ഉമ്മയ്ക്ക് പദ്ധതിയുമായി ബന്ധമൊന്നുമില്ല," ടോമി പറഞ്ഞു.
അതുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയതുവഴി ശ്രദ്ധിക്കപ്പെട്ട സുബൈദയുടെ വീട്ടിൽ സിൽവർലൈനിന്റെ കല്ലിട്ടു എന്ന വാദം തെറ്റാണെന്ന് ഉറപ്പിക്കാം.
ആടിനെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണമടച്ച കൊല്ലം സ്വദേശി സുബൈദയുടെ പുരയിടത്തിലും സിൽവർലൈനിന്റെ കല്ലിട്ടു
സുബൈദ താമസിക്കുന്നത് കൊല്ലം കോർപ്പറേഷൻ പരിധിയിലാണ്. ഇവിടെകൂടെ കെ-റെയിൽ പദ്ധതി കടന്നുപോകുന്നില്ല.