ഹ്രസ്വകാല സൈനീക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തില് നിരവധി ആക്രമസംഭവങ്ങള് റിപ്പോര്ട്ട് ചെയ്തിരുന്നു. തീവണ്ടികള് കത്തിച്ചത് ഉള്പ്പെടെ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. അഗ്നിപഥ് പ്രതിഷേധത്തിന്റേത് എന്ന രീതിയില് നിരവധി ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലൊരു വീഡിയോ വൈറലാണ്.
'ഇത് ട്രെയിലര് ആണ്... ??
പടം വരുന്നതേയുള്ളൂ... ??
ഇത്രയും പറഞ്ഞു തീര്ന്നില്ല, അണ്ണന്റെ കിളിപോയി ?? ??
#AgnipathScheme #Agniveer ' എന്നുള്ള പോസ്റ്റിന്റെ പൂര്ണ്ണരൂപം താഴെ കാണാം.
എന്നാല്, പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര് റൂം(AFWA) കണ്ടെത്തി. ഈ വീഡിയോ അഗ്നിപഥ് പ്രതിഷേധത്തില് നിന്നുള്ളതല്ല.
AFWA അന്വേഷണം
' ഇത് ട്രെയ്ലറാണ്. പടം വരാനിരിക്കുന്നതേയുള്ളൂ' എന്ന് ഹിന്ദിയില് പറയുന്ന യുവാവിനെ പൊലീസ് കൈയിലും കാലിലും പിടിച്ച് എടുത്തുകൊണ്ട് അറസ്റ്റ് ചെയ്ത് നീക്കുന്നതാണ് കാണാനാകുന്നത്. ഈ വീഡിയോ തമാശ രൂപേണയാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ സത്യാവസ്ഥ അറിയുന്നതിന് വീഡിയോയുടെ കീഫ്രെയ്മുകള് റിവേഴ്സ് ഇമേജില് സെര്ച്ച് ചെയ്തപ്പോള് നിരവധി സമൂഹമാധ്യമ പേജുകളില് കഴിഞ്ഞ വര്ഷം മുതല് ഇത് ഷെയര് ചെയ്യുന്നുണ്ടെന്ന് മനസിലാക്കാനായി.
വീഡിയോയിലെ യുവാവ് പറയുന്ന 'picture abhi bakki he..' എന്നുള്ള സംഭാഷണം ഫേസ്ബുക്കില് സെര്ച്ച് ചെയ്തപ്പോള് 2021 ഓഗസ്റ്റ് മൂന്നിന് പങ്കുവച്ച ഒരു പോസ്റ്റ് ലഭ്യമായി. ഇതില് ത്രിപുര, ത്രിപുര ന്യൂസ് എന്നീ ഹാഷ് ടാഗുകള് നല്കിയിട്ടുണ്ട്. ഈ വീഡിയോ തന്നെയാണ് ഇപ്പോള് പ്രചരിക്കുന്നതെന്ന് ഉറപ്പിക്കാനായി.
വീഡിയോയുടെ വലതുഭാഗത്ത് താഴെയായി ഒരു ലോഗോകാണാനാകുന്നുണ്ട്. ഇതേപ്പറ്റി തിരഞ്ഞപ്പോള് ത്രിപുര ഇന്ഫോവെ (Tripura Infoway) എന്ന മാധ്യമത്തിന്റേതാണെന്ന് മനസിലാക്കാനായി. കീ വേര്ഡ് സെര്ച്ച് ഉപയോഗിച്ച് തിരഞ്ഞപ്പോള് ത്രിപുര ഇന്ഫോ വെയുടെ യുട്യൂബ് ചാനലില് നിന്ന് യഥാര്ഥ വീഡിയോ ലഭ്യമായി. ഇതില് നിന്ന് മനസിലാക്കാനായത് 2021ല് ത്രിപുരയിലെ വിദ്യാഭ്യാസമന്ത്രി രത്തന്ലാല് നാഥിന്റെ വസതിക്കു മുന്നില് വിദ്യാര്ഥികള് നടത്തിയ പ്രതിഷേധമാണിതെന്ന വിവരമാണ്. യഥാര്ഥ വീഡിയോ താഴെ കാണാം.
ത്രിപുര വിദ്യാഭ്യാസ ബോര്ഡ് നടത്തിയ എസ്എസ്എല്സി, പ്ലസ്ടു പരീക്ഷകളില് ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് വിദ്യാര്ഥികള് പ്രതിഷേധിച്ചത്. മൂന്ന് ദിവസം നീണ്ടു നിന്ന പ്രതിഷേധത്തിനൊടുവില് റിസള്ട്ട് പുനപരിശോധിക്കാന് സര്ക്കാര് തീരുമാനിച്ചിരുന്നു. ഈ വാര്ത്ത മാധ്യമങ്ങള് നല്കിയിട്ടുണ്ട്.
ലഭ്യമായ വിവരങ്ങളില് ഇപ്പോള് പ്രചരിക്കുന്ന വീഡിയോ അഗ്നിപഥ് പ്രതിഷേധത്തില് പങ്കെടുത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നതല്ലെന്നും ത്രിപുരയില് നിന്നുള്ള 2021ലെ പ്രതിഷേധത്തിന്റേതാണെന്നും വ്യക്തം.
അഗ്നിപഥ് പ്രതിഷേധത്തില് ആവേശത്തോടെ മുദ്രാവാക്യം വിളിച്ച യുവാവിനെ പൊലീസ് തൂക്കിയെടുത്തുകൊണ്ടുപോകുന്ന ദൃശ്യം.
ഇത് അഗ്നിപഥ് പ്രതിഷേധവുമായി ബന്ധപ്പെട്ട വീഡിയോ അല്ല. 2021ല് ത്രിപുര വിദ്യാഭ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് വിദ്യാര്ഥികള് നടത്തിയ പ്രതിഷേധത്തില് നിന്നുള്ളതാണ്.