ഫെബ്രുവരി 19ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്ടില് ഭരണകക്ഷിയായ ഡിഎംകെയുടെ മുന്നണി മൃഗീയ ഭൂരിപക്ഷത്തോടെ വിജയിച്ച് കയറിയിരുന്നു. എന്നാൽ 308 ഇടങ്ങളിൽ ബിജെപിക്ക് നേടാനായ വിജയം സംസ്ഥാന പ്രസിഡന്റായ അണ്ണാമലെയുടെ വിജയമായാണ് സമൂഹമാധ്യമങ്ങളിൽ പാർട്ടി അണികൾ ആഘോഷിച്ചത്.
ഇക്കൂട്ടത്തിൽ ഡിഎംകെ ശക്തികേന്ദ്രമായ ചെന്നൈയിലെ താംമ്പരത്ത് ബിജെപി വിജയിച്ചു എന്ന വാദവും പലരും ഉന്നയിക്കുകയുണ്ടായി. ഡിഎംകെ ഇതേവരെ തോൽവി അറിയാത്ത താംമ്പരത്ത് ആദ്യമായി അവരെ തോൽപ്പിക്കാനായത് ബിജെപിക്കാണ് എന്നും പോസ്റ്റ് അവകാശപ്പെടുന്നു "തമിഴ്നാട്ടിൽ പഞ്ചായത്ത് ഇലക്ഷന് താമര വിരിഞ്ഞു..DMK യുടെ രാവണന് കോട്ടകള് പിടിച്ചടക്കി ബിജെപി തമിഴ്നാട്," എന്നുള്ള കുറിപ്പിനൊപ്പം ഫേസ്ബുക്കിൽ പ്രചരിക്കുന്ന പോസ്റ്റ് ഇവിടെ കാണാം.
ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാർ റൂം (AFWA) നടത്തിയ അന്വേഷണത്തിൽ പോസ്റ്റിലെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. സംസ്ഥാനത്തെ മുഴുവൻ കോർപ്പറേഷനുകളിലും വിജയിച്ചത് ഡിഎംകെ മുന്നണിയാണ്. താംമ്പരം സ്ഥിതിചെയ്യുന്നത് ചെന്നൈ ജില്ലയ്ക്കു കീഴിലല്ല.
AFWA അന്വേഷണം
ഗൂഗിളിൽ കീവേർഡുകൾ ഉപയോഗിച്ചുള്ള തിരച്ചിലിൽ ചെങ്കൽപ്പെട്ട് ജില്ലക്കുകീഴിൽ വരുന്ന കോർപ്പറേഷനാണ് താംമ്പരമെന്ന് മനസ്സിലായി. മുമ്പ് മുൻസിപ്പാലിറ്റി ആയിരുന്ന താമ്പരം 2021ലാണ് കോർപ്പറേഷനാകുന്നത്. ചെന്നൈ ജില്ലയുമായി അതിരുപങ്കിടുന്ന ജില്ലയാണ് ചെങ്കൽപ്പെട്ട്.
അഞ്ചുവീതം മുൻസിപ്പാലിറ്റികളും ജില്ലാ പഞ്ചായത്തുകളും ലയിപ്പിച്ചാണ് 70 വാർഡുകളുള്ള കോർപ്പറേഷനായി താമ്പരത്തെ പുനഃക്രമീകരിച്ചത്. രൂപീകരണത്തിനുശേഷം ആദ്യമായാണ് താമ്പരം കോർപ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്.
തുടർന്ന് തിരഞ്ഞെടുപ്പ് ഫലം ഞങ്ങൾ പരിശോധിച്ചു. തമിഴ്നാട്ടിൽ ആകെ 21 മുനിസിപ്പൽ കോർപ്പറേഷനുകളാണുള്ളത്. ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ദ്രാവിഡ മുന്നേറ്റ കഴകം നേതൃത്വം നൽകുന്ന മുന്നണി തന്നെയാണ് എല്ലാ കോർപ്പറേഷനുകളിലും വിജയിച്ചത്. എഐഎഡിഎംകെ അടക്കമുള്ള പ്രതിപക്ഷ കക്ഷികൾക്ക് ഒരു കോർപ്പറേഷനിൽ പോലും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പാർട്ടിയെ പരാജയപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകൾ താഴെ കാണാം.
ഇതിൽനിന്നും താംമ്പരത്ത് ബിജെപി വിജയിച്ചു എന്ന വാദം അടിസ്ഥാനരഹിതമാണെന്ന് മനസ്സിലാക്കാൻ സാധിക്കും.
താംമ്പരം കോർപ്പറേഷനിലെ കൗൺസിലർമാരുടെ വിശദാംശങ്ങൾ തിരയുകയാണ് ഞങ്ങൾ അടുത്തതായി ചെയ്തത്. ഭരണകക്ഷിയുടെ മുന്നണിക്ക് ആകെ നേടാനായത് 54 സീറ്റുകളാണ് മുഖ്യ പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെക്ക് ഒൻപത് സീറ്റുകൾ ലഭിച്ചു. ശേഷിച്ച ഏഴ് ഇടങ്ങളിൽ ജയിച്ചത് സ്വതന്ത്ര സ്ഥാനാർഥികളാണ്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ഇവിടെ കാണാം.
വൺഇന്ത്യയുടെ വെബ്സൈറ്റിൽ ഓരോ വാർഡിലും വിജയിച്ച സ്ഥാനാർത്ഥികളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത് ഞങ്ങൾ കണ്ടെത്തി. ഈ പട്ടികയിൽ നിന്നും ഡിഎംകെ മുന്നണിയിലെ അംഗങ്ങളായ കോൺഗ്രസിനും സിപിഎമ്മിനും ഇവിടെ വിജയിക്കാൻ ആയിട്ടുണ്ടെങ്കിലും എഐഎഡിഎംകെക്ക് അല്ലാതെ മറ്റൊരു പ്രതിപക്ഷ പാർട്ടിക്കും തങ്ങളുടെ കൗൺസിലർമാരെ വിജയിപ്പിക്കാൻ സാധിച്ചില്ല എന്നുകാണാം.
അതിനാൽ തമിഴ്നാട്ടിലെ താംമ്പരത്ത് നടന്ന തദ്ദേശതിരഞ്ഞെടുപ്പിൽ ഡിഎംകെയെ ബിജെപി പരാജയപ്പെടുത്തി എന്ന വാദം അടിസ്ഥാനരഹിതമാണെന്ന് മനസ്സിലാക്കാം.
ഡിഎംകെ ശക്തികേന്ദ്രമായ ചെന്നൈയിലെ താംമ്പരത്ത് ബിജെപി വിജയിച്ചു.
പ്രതിപക്ഷ കക്ഷികൾക്ക് ഒരു കോർപ്പറേഷനിൽ പോലും ഡിഎംകെയെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല. താംമ്പരം സ്ഥിതിചെയ്യുന്നത് ചെന്നൈ ജില്ലയ്ക്കു കീഴിലല്ല.