തമിഴ്നാട്ടില് ഹിന്ദി സംസാരിക്കുന്ന തൊഴിലാളികള്ക്ക് നേരെ ആക്രമണം എന്ന പേരില് ഒട്ടേറെ വ്യാജ പ്രചരണങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില് പ്രചരിച്ചിരുന്നു. തമിഴ്നാട്ടിൽ തങ്ങള്ക്ക് നേരെ നടക്കുന്ന ആക്രമണം കാരണം തമിഴ്നാട്ടില് നിന്നും പലായനം ചെയ്യുന്ന തൊഴിലാളികള് എന്ന പേരില് സമൂഹമാധ്യമങ്ങളില് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
എന്നാല് പ്രചാരത്തിലുള്ള വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാര് റൂം AFWA കണ്ടെത്തി. ജാര്ഖണ്ഡിനും ബീഹാറിനും ഇടയിലോടുന്ന പലാമു എക്സപ്രസ് ട്രെയിനിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്.
AFWA അന്വേഷണം
തമിഴ്നാട്ടില് ഹിന്ദി സംസാരിക്കുന്നവര്ക്കു നേരെ അക്രമം നടക്കുന്നു എന്ന് വ്യാപകമായി സമൂഹമാധ്യമങ്ങളില് പ്രചരിച്ചിരുന്നു. ആക്രമം കാരണം അന്യസംസ്ഥാന തൊഴിലാളികള് തമിഴ്നാട്ടില് നിന്നും പലായനം ചെയ്യുകയാണെന്നും പ്രചാരണമുണ്ടായി. അതിനാല്ത്തന്നെ പ്രചാരത്തിലുള്ള വീഡിയോ സൂക്ഷ്മമായി ഞങ്ങള് പരിശോധിച്ചു.
വീഡിയോയില് കാണുന്ന ട്രെയിനില് പലാമു എക്സ്പ്രസ് എന്ന് എഴുതിയിരിക്കുന്നത് ശ്രദ്ധയില്പ്പെട്ടു.
ഈസ്റ്റ് സെന്ട്രല് റെയില്വേ സോണിന് കീഴില് വരുന്ന പ്രതിദിന തീവണ്ടിയാണ് പലാമു എക്സ്പ്രസ്. ജാര്ഖണ്ഡിലെ ബര്ഖാഖാനാ ജംഗ്ഷനും പട്ന ജംഗ്ഷനുമിടയിലോടുന്ന തീവണ്ടിയാണിത്. ഒട്ടുമിക്ക ദിവസങ്ങളിലും കാലുകുത്താന് ഇടമില്ലാതെയാണ് ഈ ട്രെയിന് സര്വ്വീസ് നടത്തുന്നത്. ഇത്തരത്തില് തിരക്കുള്ള സമയത്ത് പകര്ത്തിയ വീഡിയോ @Ravi R S #Tkd എന്ന യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഈ ദൃശ്യങ്ങളാണ് തമിഴ്നാട്ടില് നിന്നും പലായനം ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള് എന്ന വ്യാജേന പ്രചരിക്കുന്നത്. 2022 നവംബർ 14ന് ആണ് വീഡിയോ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തിട്ടുള്ളത്. ട്രെയിൻ യാത്രകളുടെ ഒട്ടേറെ വീഡിയോകൾ ഈ യൂട്യൂബ് ചാനലിൽ കാണാം.
പലാമു എക്സ്പ്രസ് ട്രെയിനിലെ തിരക്കിനെക്കുറിച്ച് ട്രെയിൻ വ്ലോഗർ ജ്യോതി ജയ്സ്വാൾ തൻ്റെ യൂട്യൂബ് ചാനലിൽ വിശദമായി പറഞ്ഞിട്ടുണ്ട്.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില് ബര്ഖാഖാനാ ജംഗ്ഷനും പട്ന ജംഗ്ഷനുമിടയില് ഓടുന്ന തീവണ്ടിയിലെ ദൃശ്യങ്ങളാണ് തമിഴ്നാട്ടില് നിന്നും പലായനം ചെയ്യുന്ന ബീഹാര് സ്വദേശികള് എന്ന രീതിയില് പ്രചരിപ്പിക്കുന്നത്. പ്രചരിക്കുന്ന പോസ്റ്റുകള് തെറ്റിദ്ധരിപ്പിക്കുന്നതെന്ന് വ്യക്തം.
തമിഴ്നാട്ടില് നിന്നും പലായനം ചെയ്തുപോകുന്ന ബീഹാര് സ്വദേശികളുടെ വീഡിയോ
ജാര്ഖണ്ഡിലെ ബര്ഖാഖാനാ ജംഗ്ഷനും ബീഹാറിലെ പട്ന ജംഗ്ഷനുമിടയില് ഓടുന്ന തീവണ്ടിയിലെ ദൃശ്യങ്ങളാണ് തമിഴ്നാട്ടില് നിന്നും പലായനം ചെയ്യുന്ന ബീഹാര് സ്വദേശികള് എന്ന രീതിയില് പ്രചരിപ്പിക്കുന്നത്.