ജനുവരി 10ന് പൈനാവ് എൻജിനീയറിങ് കോളേജിൽ നടന്ന എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകം കേരളത്തിൽ അങ്ങോളമിങ്ങോളം കോൺഗ്രസ്-സിപിഎം സംഘർഷങ്ങൾക്ക് വഴിവെച്ചിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികളായ കൊലപാതകം സൈബർ ഇടങ്ങളിലും ചൂടേറിയ വാദ-പ്രതിവാദങ്ങൾക്ക് കാരണമായിരുന്നു. ഇരുപക്ഷത്തുനിന്നും പരസ്പരം കടുത്ത ആരോപണങ്ങൾ ഉയരുന്നതിന് ഇടയിലാണ് ധീരജിന്റെ വിലാപയാത്ര കടന്നുപോകവേ നൃത്തം ചെയ്യുന്ന സിപിഎം പ്രവർത്തകരുടെ വീഡിയോ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്നത്.
"ഇതാണ് cpm വിലാപയാത്രയും തിരുവാതിര കളിയും ഒന്നിച്ച് നടത്താൻ ഇവൻമാർക്ക് മാത്രമേ കഴിയൂ....,"എന്നുള്ള കുറിപ്പിനൊപ്പം പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണരൂപം താഴെ കാണാം.
ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാർ റൂം (AFWA) നടത്തിയ അന്വേഷണത്തിൽ പോസ്റ്റിലെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോ ധീരജിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നുപോകുമ്പോഴുള്ള അറിയിപ്പിന്റെ ശബ്ദശകലം നൃത്തം ചെയ്യുന്ന സ്ത്രീകളുടെ വീഡിയോയിൽ കൃതൃമമായി ചേർത്ത് ഉണ്ടാക്കിയതാണ്.
AFWA അന്വേഷണം
തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ജനുവരി 11ന് പാറശാലയിൽ അഞ്ഞൂറിലധികം സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ട് സിപിഎം 'മെഗാ തിരുവാതിര' സംഘടിപ്പിച്ചിരുന്നു. ഇടുക്കിയിൽനിന്ന് ധീരജിന്റെ മൃതദേഹം കണ്ണൂരിലെ വീട്ടിലേക്ക് നീങ്ങുന്ന വേളയിൽ തിരുവാതിര മാറ്റിവെക്കാഞ്ഞതിലെ ഔചിത്യം ഇല്ലായ്മ വിമർശനങ്ങൾക്ക് കാരണമായിരുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും പരിപാടിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനം ശരിയായില്ല എന്ന് പിന്നീട് സമ്മതിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് മെഗാ തിരുവാതിര പ്രതിപക്ഷ പാർട്ടികൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച ആക്കിയത്. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനവും, വരികളിലെ മുഖ്യമന്ത്രി സ്തുതിയും പലരും ട്രോളുകൾ നിർമ്മിക്കാൻ ഉപയോഗിച്ചപ്പോൾ, ധീരജിനോടുള്ള അനാദരവായാണ് ഇതിനെ വേറെ ചിലർ നിരീക്ഷിച്ചത്. ഈ കൂട്ടത്തിലാണ് കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകന്റെ ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നുപോകുമ്പോൾ ഒന്നിച്ചുകൂടി ചുവടുവെക്കുന്ന സ്ത്രീകളുടെ വീഡിയോയും കടന്നുവരുന്നത്.
വീഡിയോയിൽ കാണുന്ന സ്ത്രീകളിൽ ചിലർ സെറ്റ് സാരിയും ചുവപ്പ് ബ്ലൗസും ധരിച്ചിരിക്കുന്നത് ഇത് തിരുവാതിര കളിയുടെ വേദിയിൽ നിന്നുള്ളതാണെന്ന ധാരണ ഉണ്ടാക്കുന്നു. ധീരജിന്റെ മൃതദേഹം കടന്നുവരുന്നു എന്ന ഉച്ചഭാഷിയിലൂടെയുള്ള അറിയിപ്പ് വീഡിയോയിൽ കേൾക്കാൻ സാധിക്കും. ഇടുക്കിയിലെ പൈനാവിൽ നിന്ന് കണ്ണൂരിലേക്കുള്ള വിലാപയാത്ര പോകുന്നതിനിടയിൽ തിരുവനന്തപുരം ജില്ല കടന്നു വരാത്തതിനാൽ, ഈ വീഡിയോ യാഥാർത്ഥമാണെങ്കിൽ തന്നെ അത് മെഗാ തിരുവാതിരയുടെ വേദിയിൽ നിന്നുള്ളതല്ല എന്ന് മനസ്സിലാകും.
പ്രചരിക്കുന്ന വീഡിയോയിൽ സിപിഎമ്മിന്റെ ചുവന്ന കൊടികൾക്ക് പുറമെ ചന്ദ്രക്കല ആലേഖനം ചെയ്ത പച്ച നിറത്തിലുള്ള കൊടിയും കാണാൻ സാധിക്കും. എൽഡിഎഫ് സഖ്യകക്ഷിയായ INLന്റേത് എന്ന് തോന്നിക്കുന്ന ഈ കൊടിയും പിടിച്ചുകൊണ്ടാണ് ചില പ്രവർത്തകർ നിൽക്കുന്നത്. സെറ്റ് സാരി ഉടുത്ത സ്ത്രീകൾക്ക് പുറമെ മറ്റ് വസ്ത്രങ്ങളണിഞ്ഞ സ്ത്രീ-പുരുഷന്മാരും ഈ ആൾക്കൂട്ടത്തിൽ ഉള്ളതായി കാണാൻ കഴിയും. വിലാപയാത്രകൾ കടന്നുപോകുമ്പോൾ രാഷ്ട്രീയ പ്രവർത്തകർ കൊടികളുമായി പോകാറുണ്ടെങ്കിലും അവ വീഡിയോയിൽ ഉള്ളതുപോലെ മത്സരിച്ചു വീശുന്ന പതിവില്ല. ഇങ്ങനെ ചെയ്യാറ് തിരഞ്ഞെടുപ്പ് സമയത്തെ കലാശക്കൊട്ട്, വിജയാഹ്ലാദ പ്രകടനം തുടങ്ങിയ വേളകളിൽ ആണ്.
തുടർന്ന് ഫേസ്ബുക്കിൽ കീവേർഡുകൾ ഉപയോഗിച്ച് പരതിയപ്പോൾ പ്രചരിക്കുന്ന വീഡിയോയുയായി സാമ്യമുള്ള ഒരെണ്ണം ഞങ്ങൾക്ക് കണ്ടെത്താനായി. "സിപിഎംന്റെ രക്തസാക്ഷി അനുസ്മരണ DJ", എന്ന തലക്കെട്ടോടെ ഒരു പോസ്റ്റിൽ കമന്റായി ആണ് ഈ വീഡിയോ കണ്ടത്. പ്രസ്തുത പോസ്റ്റും കമന്റും ഇവിടെ കാണാം.
ധീരജിന്റെ വിലാപയാത്ര കടന്നുവരുന്നു എന്നുള്ള അറിയിപ്പിന്റെ സ്ഥാനത്ത് ഈ വീഡിയോയിൽ സ്ത്രീകൾ ചുവടുവെക്കുന്നത് സിനിമാ ഗാനത്തിത്തിന്റെ ഈണത്തിലുള്ള വാദ്യോപകരണത്തിന് ആണെന്ന് കാണാം. വൈറൽ വീഡിയോയിലെ ആഹ്വാനം പല ഇടത്തായി മുറിഞ്ഞു പോകുമ്പോൾ, ഈ വീഡിയോയിൽ ഓഡിയോ തടസങ്ങൾ ഒന്നുമില്ലാതെ അവസാനംവരെ നീണ്ടു നിൽക്കുന്നുണ്ട്.
ഇതിൽ നിന്നുമെല്ലാം കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് ധീരജിന്റെ മൃതദേഹം കടന്നുപോകുമ്പോൾ കൂട്ടമായി ചുവടുവെക്കുന്ന സിപിഎം അനുകൂലികളുടെ വീഡിയോ വ്യാജമായി ഉണ്ടാക്കിയത് ആണ് എന്ന് മനസ്സിലായി.
കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നുപോകവേ സിപിഎം പ്രവർത്തകർ നൃത്തം ചെയ്യുന്നു
ധീരജിന്റെ വിലാപയാത്ര കടന്നുവരുന്നു എന്നുള്ള അറിയിപ്പിന്റെ ഓഡിയോ ആഹ്ലാദം പങ്കിടുന്ന സിപിഎം അനുകൂലികളുടെ വീഡിയോയിൽ എഡിറ്റ് ചെയ്തു കയറ്റിയാണ് പോസ്റ്റിന് ആസ്പദമായ വീഡിയോ നിർമ്മിച്ചിരിക്കുന്നത്.