പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം പുരോഗമിക്കുകയാണ്. ഇതിനു മുന്നോടിയായി നടന്ന പാനല് ഓഫ് ചെയര്മെന് തിരഞ്ഞെടുപ്പ് ഇപ്പോള് ചര്ച്ചയാണ്. സ്പീക്കര് പാനലില് മൂന്ന് വനിതകളെ ഉള്പ്പെടുത്തി ചരിത്രപരമായ തീരുമാനം എടുത്ത സ്പീക്കര് എ.എന് ഷംസീറിന്റെ തീരുമാനം അഭിനന്ദിച്ചുകൊണ്ട് മാധ്യമ വാര്ത്തകളുണ്ട്. എന്നാല് സമൂഹമാധ്യമങ്ങളില് നടക്കുന്ന ചര്ച്ചകളില് ഇതിനെ മറ്റൊരു രീതിയില് പരിഹസിച്ചും വിമര്ശിച്ചും സജീവമായ ചര്ച്ചകള് നടക്കുന്നു. കെ.കെ രമയെ സ്പീക്കര് പാനലില് ഉള്പ്പെടുത്തിയത് സംബന്ധിച്ചുള്ള പ്രചാരണമാണ് ഇവയില് പ്രധാനം.
'പണി കൊടുത്തതൊന്നുമല്ല അടിസ്ഥാനപരമായി എല്ലാവരും കമ്മികള് ആണ് ആവശ്യം വരുമ്പോള് അവര് ഒന്നിക്കും ആ സ്ത്രീക്ക് വോട്ടു ചെയ്ത് ജയിപ്പിച്ച കോണ്ഗ്രെസ്സുകാര് 5G ' എന്നുള്ള പോസ്റ്റിന്റെ പൂര്ണ്ണരൂപം താഴെ കാണാം.
എന്നാല് പ്രചാരത്തിലുള്ള പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര് റൂം(AFWA) കണ്ടെത്തി. പാനല് ഓഫ് ചെയര്മാനെ നോമിനേറ്റ് ചെയ്യുന്നത് അതത് രാഷ്ട്രീയ പാര്ട്ടികളാണ്.
AFWA അന്വേഷണം
പ്രചാരത്തിലുള്ള പോസ്റ്റില് പറയുന്നത് മുഖ്യമന്ത്രി പിണറായി വിജയനെക്കൊണ്ട് കെ.കെ രമയെ 'സാര്' എന്ന് വിളിപ്പിക്കാന് സ്പീക്കര് എ.എന് ഷംസീര് നടത്തിയ നീക്കമാണിത് എന്നാണ്. എന്നാല് മാധ്യമ വാര്ത്തകളില് നിന്ന് മനസിലാക്കാനായത് അതത് രാഷ്ട്രീയ പാര്ട്ടികളാണ് പാനല് ഓഫ് ചെയര്മാനെ നോമിനേറ്റ് ചെയ്യുന്നതെന്നാണ്.
എന്താണ് പാന് ഓഫ് ചെയര്മാന്റെ ഡ്യൂട്ടി?
സ്പീക്കര്, ഡെപ്യൂട്ടി സ്പീക്കര് എന്നിവരുടെ ആഭാവത്തില് സഭ നിയന്ത്രിക്കാനുള്ള ചുമതല വഹിക്കുന്നയാളാണ് പാനല് ഓഫ് ചെയര്മാന്. നിയമസഭയുടെ ഓരോ സെഷനുകള്ക്കും തൊട്ടു മുന്പായി ഈ താത്ക്കാലിക പാനല് നിലവില് വരും. പാനല് ഓഫ് ചെയര്മെന് ലിസ്റ്റില് മൂന്ന് അംഗങ്ങളാണുള്ളത്. ഇവരില് രണ്ടുപേര് ഭരണകക്ഷിയുടെ പ്രതിനിധികളും ഒരാള് പ്രതിപക്ഷ ആംഗവുമായിരിക്കും. സാധാരണയായി ഒരു വനിതാ അംഗത്തെ ഉള്പ്പെടുത്താറുണ്ട്. എന്നാല് ഇത്തവണ എല്ലാവരും വനിതകള് ആവട്ടെ എന്ന തീരുമാനം സ്പീക്കര് എ.എന് ഷംസീര് കൈക്കൊണ്ടിരുന്നു. ഇതൊരു ചരിത്ര തീരുമാനമാണെന്ന റിപ്പോര്ട്ടുകള് മാധ്യമങ്ങള് നല്കിയിരുന്നു.
പാനല് ഓഫ് ചെയര്മാനെ നിയമിക്കുന്നത് സ്പീക്കറാണ്. ഇക്കാര്യം വ്യക്തമാക്കുന്ന നിയമസഭാ റൂള്സ് ഓഫ് പ്രൊസീജ്യേഴ്സിലെ പ്രസക്ത ഭാഗം താഴെ കാണാം.
ഇതില് സ്പീക്കറാണ് അംഗങ്ങളെ നിയമിക്കുന്നതെന്ന് പറയുന്നുണ്ട്. എന്നല് സ്പീക്കറാണ് അംഗങ്ങളെ നിര്ദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെ.
കെ.കെ രമയെ നിര്ദ്ദേശിച്ചതാര് ?
ഇത്തവണ വനിതകളെ നിര്ദ്ദേശിക്കാന് സ്പീക്കര് ആവശ്യപ്പെട്ടതോടെ ഭരണപക്ഷത്തു നിന്ന് സിപിഎമ്മിന്റെ യു.പ്രതിഭ, സിപിഐ യുടെ സി.കെ ആശ എന്നിവരെയാണ് നിര്ദ്ദേശിച്ചത്. പ്രതിപക്ഷ അംഗമായി കോണ്ഗ്രസിന്റെ ഉമാ തോമസ് വരുമെന്ന പ്രതീക്ഷിച്ചിരുന്നപ്പോഴാണ് ഘടക കക്ഷിയായ ആര്എംപി അംഗം കെ.കെ.രമയെ പ്രതിപക്ഷം നിര്ദ്ദേശിച്ചത്. ഇത് സ്പീക്കര് അംഗീകരിക്കുകയാണ് ചെയ്തത്.
യുഡിഎഫ് അംഗത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് നിര്ദ്ദേശിച്ചത്. ഘടക കക്ഷികളുമായി സംസാരിച്ചതിനു ശേഷമാണ് കെ.കെ.രമയുടെ പേര് രേഖാമൂലം നിര്ദ്ദേശിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് കത്ത് നല്കിയത്. ഇത് സ്പീക്കര് അംഗീകരിക്കുകയായിരുന്നുവെന്ന് യുഡിഎഫ് വൃത്തങ്ങള് അറിയിച്ചു. സാധാരണയായി പാര്ലമെന്ററി പാര്ട്ടി നേതാക്കളാണ് ഇത്തരത്തില് താത്ക്കാലിക പാനല് ചെയര്മാനെ നിര്ദ്ദേശിക്കുന്നത്. ഭരണപക്ഷം പ്രതീക്ഷിച്ചത് കോണ്ഗ്രസ് അംഗം ഉമ തോമസിനെയാണ്. ഇക്കാര്യം അവര് സൂചിപ്പിച്ചപ്പോള് തന്നെ ആലോചിച്ച ശേഷം മറുപടി നല്കാമെന്നാണ് പ്രതിപക്ഷേ നേതാവ് അറിയിച്ചത്. പിന്നീടാണ് കക്ഷി നേതാക്കളുമായി സംസാരിച്ച ശേഷം കെ.കെ രമയുടെ പേര് നിര്ദ്ദേശിച്ചത്.
നിയമസഭയിലെ നടപടിക്രമങ്ങള് സംബന്ധിച്ച് കതൃമായ ചട്ടങ്ങളുണ്ട്. പ്രത്യേകമായി നിര്ദ്ദേശമില്ലാത്ത കാര്യങ്ങള് സാധാരണ കീഴ് വഴക്കം അനുസരിച്ചാണ് ചെയ്യുന്നത്. ഇത്തരത്തില് കീഴ് വഴക്കം അനുസരിച്ച് ചെയ്യുന്ന കാര്യങ്ങളില് എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങള് വന്നാല് സ്പീക്കര് പുതിയ റൂളിംഗ് നടത്തുകയും അത് പിന്നീട് ചട്ടം ആവുകയുമാണ്. മറ്റൊരു ശ്രദ്ധേയമായ കാര്യം പാനല് ഓഫ് ചെയര്മാന് നിയമനം താത്ക്കാലികമാണ് എന്നതാണ്.
ഇക്കാര്യങ്ങളെ കുറിച്ച് അല്പം കൂടി വിശദമായി മനസിലാക്കാന് ഞങ്ങള് മുന് നിയമസഭാ ഉദ്യോഗസ്ഥനായിരുന്ന മോഹന് കുമാറിനെ ബന്ധപ്പെട്ടു. ' പാനല് ഓഫ് ചെയര്മാന് എന്നത് സ്പീക്കറോ, ഡെപ്യൂട്ടി സ്പീക്കറോ സഭയില് ഇല്ലാത്തപ്പോള് അധ്യക്ഷത വഹിക്കാന് തിരഞ്ഞെടുക്കപ്പെടുന്നവരാണ്. ഇവര്ക്ക് സ്പീക്കറുടെ അതേ പവര് തന്നെയാണ് ചെയറില് ഇരിക്കുമ്പോഴുള്ളത്. കേരള നിയമസഭയില് അതത് സഭാ സമ്മേളനത്തിന് തൊട്ടു മുന്പാണ് ഈ താത്ക്കാലിക പാനലിനെ നിയമിക്കുന്നത്. ആ നിശ്ചിത സമ്മേളനത്തില് മാത്രമാണ് അവര്ക്ക് ചുമതലയുണ്ടാകുന്നത്. ലോക്സഭയില് പാനല് ഓഫ് ചെയര്മാന്മാര്ക്ക് നിശ്ചിത കാലയളവിലേക്ക് ചുമതല നല്കും. ഇവര്ക്ക് പ്രത്യേക സൗകര്യങ്ങളും നല്കും. എന്നാല് സംസ്ഥാന സഭകളില് അത്തരത്തില് വേണമെന്നില്ല.
പാനല് ഓഫ് ചെയര്മാനൈ നിര്ദ്ദേശിക്കാന് സ്പീക്കര് കക്ഷി നേതാക്കള്ക്ക് അറിയിപ്പ് നല്കും. ഇതുപ്രകാരം ഭരണ പക്ഷത്തു നിന്ന് രണ്ടുപേരെയും പ്രതിപക്ഷത്തു നിന്ന് ഒരംഗത്തെയും അതത് കക്ഷികള് നിര്ദ്ദേശിക്കും. ഇത് സ്പീക്കര് അംഗീകരിക്കും. എല്ലാ അംഗങ്ങള്ക്കും പാനല് ഓഫ് ചെയര്മാന് ആകാന് യോഗ്യതയുണ്ട്. ഘടക കക്ഷികള്ക്ക് ടേണ് അനുസരിച്ച് ഇത് നല്കുകയാണ് ചെയ്യുന്നത്. ഇതില് സ്പീക്കറുടെ ഇടപെടലൊന്നും തന്നെ ഉണ്ടാവില്ല. കക്ഷികള് നിര്ദ്ദേശിക്കുന്നവരെ മാറ്റാന് സ്പീക്കറും ആവശ്യപ്പെടാറില്ല. ' അദ്ദേഹം വ്യക്തമാക്കി.
ലഭ്യമായ വിവരങ്ങളില് നിന്ന് സ്പീക്കര് എ.എന് ഷംസീര് ഇടപെട്ടാണ് കെ.കെ രമയെ പാനല് ഓഫ് ചെയര്മാന് ആക്കിയതെന്ന രീതിയിലെ പ്രചാരണങ്ങള് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തം.
നിയമസഭയിലെ പാനല് ഓഫ് ചെയര്മാന് ലിസ്റ്റില് കെ.കെ രമയെ ഉള്പ്പെടുത്തിയത് സ്പീക്കറുടെ നിര്ദ്ദേശ പ്രകാരം.
ഓരോ സഭാ സമ്മേളനത്തിനും തൊട്ടു മുന്പാണ് പാനല് ഓഫ് ചെയര്മാന് തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രതിപക്ഷത്തു നിന്ന് ഒരംഗം ഉള്പ്പെടെ മൂന്നു പേരാണ് ഈ താത്ക്കാലിക പാനലില് ഉണ്ടാവുക. ഇവരെ തീരുമാനിക്കുന്നത് അതത് രാഷ്ട്രീയ നേതൃത്വമാണ്. ഈ നിര്ദ്ദേശം ഉള്പ്പെടുന്ന കത്ത് നല്കുമ്പോള് സ്പീക്കര് നിയമനം നടത്തുക മാത്രമാണ് ചെയ്യുന്നത്.