ഇസ്രയേല്-പലസ്തീന് സംഘര്ഷത്തിന്റേത് എന്നപേരില് നിരവധി വീഡിയോകളാണ് സാമൂഹ്യമാധ്യമങ്ങളില് പ്രചരിക്കുന്നത്. ഇസ്രയേല് സൈന്യം ബോംബ് എറിയുന്ന വീഡിയോ എന്ന പേരില് ഒരു ഫേസ്ബുക്ക് പോസ്റ്റ് വൈറലാണ്.
' തന്റെ നേര്ക്ക് ഇസ്രയേല് എറിഞ്ഞ ബോംബ് കാല് കൊണ്ട് അങ്ങോട്ട് തന്നെ തട്ടി വിടുന്ന പലസ്തീന് പോരാളികള്...' എന്ന കുറിപ്പിനൊപ്പം പ്രചരിക്കുന്ന ഫേസ്ബുക്ക് വീഡിയോയുടെ പൂര്ണരൂപം.
എന്നാല് പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര് റൂം(AFWA) കണ്ടെത്തി. ഇസ്രയേല്-പലസ്തീന് സംഘര്ഷത്തിന്റെ വീഡിയോ അല്ലിത്.
സമാനമായ പോസ്റ്റുകളുടെ ആര്ക്കൈവ് ചെയ്ത ലിങ്കുകള്: Archive 1, Archive 2, Archive3
AFWA അന്വേഷണം
ഫേസ്ബുക്ക് പോസ്റ്റില് പ്രചരിക്കുന്ന വീഡിയോ, ഇന്വിഡ് ടൂള്കിറ്റിന്റെ സഹായത്തോടെ റിവേഴ്സ് ഇമേജില് സര്ച്ച് ചെയ്തപ്പോള് യഥാര്ഥ വീഡിയോ ഞങ്ങള് കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധിയോടനുബന്ധിച്ച് ലബനനില് നടന്ന ഒരു പ്രതിഷേധത്തിന്റെ വീഡിയോ ആണിത്. പ്രതിഷേധക്കാര്ക്കുനേരെ പോലീസ് പ്രയോഗിച്ച ടിയര് ഗ്യാസ് ഷെല് തട്ടിത്തെറിപ്പിക്കുന്ന പ്രവര്ത്തകന്റെ വീഡിയോ സോഷ്യല് മീഡിയയില് വൈറലായിരുന്നു.
പ്രതിഷേധക്കാര്ക്ക് സുരക്ഷാ ഉപദേശങ്ങള് നല്കിക്കൊണ്ട് ആക്റ്റിവിസ്റ്റായ സാറാ ഔണ് 2020 മെയ് 30ന് ട്വിറ്ററില് പങ്കിട്ട ഈ വീഡിയോ നിരവധി മാധ്യമങ്ങള് വാര്ത്തയാക്കിയിരുന്നു. മിഡില് ഈസ്റ്റ് മോണിറ്റര് എന്ന ഓണ്ലൈന് മാധ്യമത്തില് വന്ന വാര്ത്തയില് പ്രതിഷേധത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്.
ഇതിനു പുറമെ നിരവധിപ്പേര് യുട്യൂബിലും വീഡിയോ പങ്കിട്ടിട്ടുണ്ട്.
ഇന്തോനേഷ്യയിലെ കോളെജ് വിദ്യാര്ഥികള് നടത്തിയ പ്രതിഷേധമാണെന്ന രീതിയിലും ഈ വീഡിയോ പ്രചരിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇന്തോനേഷ്യന് ഓണ്ലൈന് മാധ്യമങ്ങളായ Pikiran Rakyat, kompas എന്നിവ നല്കിയ വാര്ത്തയിലും വീഡിയോ ലബനനില് നിന്നുള്ളതാണെന്ന് വ്യക്തമാക്കുന്നുണ്ട്.
ലഭ്യമായ വിവരങ്ങളില് നിന്ന് ഫേസ്ബുക്കില് പ്രചരിക്കുന്ന വീഡിയോ ഇസ്രയേല് -പലസ്തീന് സംഘര്ഷത്തിന്റേതല്ലെന്ന് വ്യക്തമാണ്.
ഇസ്രയേല് സൈന്യം എറിഞ്ഞ ബോംബ് തട്ടി തിരിച്ചുവിടുന്ന പലസ്തീന് പോരാളികള്
ഇത് ലബനനില് നടന്ന പ്രക്ഷോഭത്തിന്റെ വീഡിയോയാണ്. സാമ്പത്തിക പ്രതിസന്ധിയോടനുബന്ധിച്ച് നടന്ന പ്രതിഷേധത്തിനിടെ പോലീസ് എറിഞ്ഞ ടിയര് ഗ്യാസ് ഷെല് തട്ടിത്തെറിപ്പിക്കുന്ന പ്രവര്ത്തകനാണ് ദൃശ്യങ്ങളിലുള്ളത്. ഈ വീഡിയോയ്ക്ക് ഇസ്രയേല്-പലസ്തീന് സംഘര്ഷവുമായി ബന്ധമില്ല.