ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നതിൻ്റെ ആശങ്കയിലാണ് ജനം. അപകടങ്ങൾ ഒഴിവാക്കുന്നതിന് തീരപ്രദേശത്തുനിന്നും 38000 പേരെ സുരക്ഷിത ഇടത്തേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകുന്നേരത്തോടെ കച്ചിലെ ജക്കാവുവിൽ ബിപോർജോയ് കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. എന്നാൽ തീരത്തേക്ക് എത്തുന്ന ബിപോർജോയ് എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സൈപ്രസിൽ 2022 ഓക്ടോബറിലുണ്ടായ വാട്ടർസ്പൗട്ട് (നീര്ച്ചുഴിസ്തംഭം) അഥവാ ജലച്ചുഴലിക്കാറ്റിൻ്റെ വീഡിയോ ആണിതെന്ന് ഇന്ത്യാ ടുഡേ കണ്ടെത്തി.
അന്വേഷണം
വീഡിയോയുടെ കീഫ്രേയ്മസ് റിവേഴ്സ് ഇമേജ് സെർച്ചിൻ്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ ലഭിച്ച വാർത്തകളിൽ നിന്നും ഈ ദൃശ്യങ്ങൾ സൈപ്രസിൽ നിന്നുള്ളതാണെന്ന് മനസ്സിലാക്കാനായി. ഫോക്സ് വെതറിൻ്റെ യൂട്യൂബ് ചാനലിൽ പ്രചാരത്തിലുള്ള വീഡിയോ “Massive Waterspout Swirls Onto Cyprus Beach” എന്ന തലക്കെട്ടോടെ 2022 ഒക്ടോബറിലാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്.
കീവേർഡുകളുപയോഗിച്ച് നടത്തിയ പരിശോധനയിൽ സൈപ്രസിലെ അയിയ നാപ എന്ന ബീച്ചിലാണ് ജലച്ചുഴലി രൂപപ്പെട്ടതെന്ന റിപ്പോർട്ടുകൾ ലഭിച്ചു. ബീച്ചിലുണ്ടായിരുന്ന കസേരകളും ചാരുകട്ടിലുകളും പറന്നുപോയതല്ലാതെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞതായി വാർത്തകളിലുണ്ട്. സൈപ്രസിൽ 2022 ഒക്ടോബറിലുണ്ടായ വാട്ടർസ്പൗട്ടിൻ്റെ തീവ്രത മനസ്സിലാകുന്ന മറ്റൊരു വീഡിയോ കാണാം.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രചാരത്തിലുള്ള വീഡിയോ ബിപോർജോയ് ചുഴലിക്കാറ്റിൻ്റേതല്ലെന്നും സൈപ്രസിൽ നിന്നുള്ളതാണെന്നും വ്യക്തം.
തീരത്തേക്കടുക്കുന്ന ബിപോർജോയി ചുഴലിക്കാറ്റിൻ്റെ വീഡിയോ
ഇത് 2022 ഒക്ടോബറിൽ സൈപ്രസിലുണ്ടായ വാട്ടർസ്പൗട്ടിൻ്റെ വീഡിയോ ആണ്.