ഇൻഡോ-പാക് ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള വാർത്തകളും ചർച്ചകളും സമൂഹമാധ്യമങ്ങളിൽ സാധാരണയാണ്. അയോധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണത്തെ അപലപിച്ചതിന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തിൽ നിന്ന് പുറത്താക്കി എന്നവാകാശപ്പെടുന്ന ഒരു പോസ്റ്റ് ഇക്കൂട്ടത്തിൽ പ്രചരിക്കുന്നുണ്ട്. പല ഇസ്ലാമിക രാജ്യങ്ങളും ഇന്ത്യ-അനുകൂല നിലപാടിലൂടെ പാകിസ്ഥാനെ ഒറ്റപ്പെടുത്തി എന്ന് ആരോപിക്കുന്ന പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ കാണാം
എന്നാൽ പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാർ റൂം (AFWA) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷൻ അഥവാ OICയിൽ പാകിസ്ഥാൻ അയോദ്ധ്യ വിഷയം ഉന്നയിച്ചതിനോ, ഇത് വിമർശിക്കപ്പെട്ടതിനോ യാതൊരു തെളിവുകളും ലഭ്യമല്ല.
AFWA അന്വേഷണം
മുസ്ലിം ജനസമൂഹങ്ങൾ അതിവസിക്കുന്ന രാജ്യങ്ങളുടെ സംഘടനയായ OIC നിലവിൽവന്നത് 1969ൽ ആണ്. നിലവിലെ 57 അംഗങ്ങളിൽ 49ഉം മുസ്ലിം-ഭൂരിപക്ഷ രാഷ്ട്രങ്ങളാണ്.
പ്രചരിക്കുന്ന പോസ്റ്റിലെ വാദത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാൻ ഗൂഗിൾ കീവേഡ് സെർച് നടത്തിയപ്പോൾ 2021ൽ ഇതേ വാദം ഇംഗ്ളീഷിൽ വൈറൽ ആയിരുന്നു എന്ന് കണ്ടെത്താനായി.
ഇതിനെത്തുടർന്ന് അനവധി മാധ്യമങ്ങൾ ഇതിലെ പൊള്ളത്തരം റിപ്പോർട് ചെയ്തിരുന്നതായും കണ്ടെത്താനായി. ഇവയിൽ ചിലത് ഇവിടെ വായിക്കാം.
എന്നാൽ ഈ വാർത്തകൾ പുറത്തുവന്നതിന് ശേഷം അഫ്ഗാനിസ്ഥാൻ വിഷയം ചർച്ച ചെയ്യുന്നതിനായി ഇസ്ലമബാദിൽ OIC അംഗങ്ങളുടെ യോഗം അടിയന്തരമായി ചേർന്നതായി കണ്ടെത്താനായി. ഈ യോഗത്തിൽ പോസ്റ്റിലെ ആരോപണത്തിന് സമാനമായ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന് ഞങ്ങൾ പരിശോധിച്ചു.
ഐക്യരാഷ്ട്രസഭയുടെ പ്രതിനിധിയും പങ്കെടുത്ത യോഗത്തിൽ പട്ടിണിയും ദാരിദ്രവും നേരിടുന്ന അഫ്ഗാൻ ജനതക്ക് വേണ്ട സഹായങ്ങൾ നൽകാനുള്ള തീരുമാനങ്ങൾ പാകിസ്ഥാന്റെ നേതൃത്വത്തിൽ കൈക്കൊണ്ടിരുന്നു. എന്നാൽ വൈറലായ പോസ്റ്റിൽ അവകാശപ്പെടുന്നതുപോലെ രാഷ്ട്രത്തലവന്മാർ നേരിട്ടല്ല, മറിച്ച് വിദേശകാര്യമന്ത്രിമാരാണ് ഇസ്ലമബാദിൽ സന്നിഹിതരായത്. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ഇവിടെ വായിക്കാം. ഇതിൽനിന്നും പോസ്റ്റിലെ വാദങ്ങൾ ശരിയാകാൻ തരമില്ല എന്ന് മനസ്സിലായി.
കൂടുതൽ തെളിവുകൾക്കായി ഈ വേദിയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നടത്തിയ പ്രസംഗവും ഞങ്ങൾ പരിശോധിച്ചു. പലസ്തീൻ ജനത നേരിടുന്ന പ്രശ്നങ്ങൾക്കൊപ്പം കശ്മീർ വിഷയവും ഇമ്രാൻ ഖാൻ ഈ വേളയിൽ പരാമർശിക്കുന്നുണ്ടെങ്കിലും അയോദ്ധ്യ വിഷയം കടന്നുവരുന്നില്ല എന്ന് മനസ്സിലായി.
ഡിസംബർ 19ന് അപ്ലോഡ് ചെയ്ത വീഡിയോ ഇമ്രാൻ ഖാന്റെ പ്രസംഗത്തിന്റെ പൂർണ്ണരൂപം ഇവിടെ കാണാം.
OICയുടെ എല്ലാ യോഗങ്ങളുടെയും അജണ്ടയും മറ്റു രേഖകളും അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ഡിസംബർ മാസത്തിലെ യോഗത്തിന്റെ വിവരങ്ങൾ ഇത്തരത്തിൽ പരിശോധിച്ചെങ്കിലും ഇന്ത്യയെ പറ്റിയോ അയോധ്യയെപ്പറ്റിയോ പ്രസ്താവിക്കുന്ന യാതൊന്നും കണ്ടെത്താനായില്ല.
ഇതിലെല്ലാം നിന്നും ശ്രീരാമക്ഷേത്ര നിർമ്മാണത്തെ അപലപിച്ചതിന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷന്റെ സമ്മേളനത്തിൽ നിന്ന് പുറത്താക്കി എന്ന വാദം അടിസ്ഥാനരഹിതം ആണെന്ന് മനസ്സിലാക്കാം.
ശ്രീരാമക്ഷേത്ര നിർമ്മാണത്തെ അപലപിച്ചതിന് ഇമ്രാൻ ഖാനെ OIC സമ്മേളനത്തിൽ നിന്ന് പുറത്താക്കി
OIC വേദിയിൽ പാകിസ്ഥാൻ അയോദ്ധ്യ ക്ഷേത്ര വിഷയം ഉന്നയിച്ചതിന് തെളിവുകൾ ഒന്നും ലഭ്യമല്ല.