schema:text
| - അടുത്തിടെ തുർക്കിയിലുണ്ടായ ഭൂകമ്പത്തിന് ശേഷം ഇന്ത്യ നൽകിയ സമയോചിതമായ സഹായത്തിനുള്ള നന്ദി സൂചകമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള പ്രത്യേക തപാൽ സ്റ്റാമ്പ് തുർക്കി പുറത്തിറക്കിയെന്ന് സമൂഹമാധ്യമങ്ങളിൽ ഒരു പ്രചാരണം നടക്കുന്നുണ്ട്. മോദിയുടേയും ഇന്ത്യൻ ദേശീയ പതാകയുടേയും ചിത്രങ്ങളുള്ള ഒരു സ്റ്റാമ്പിനൊപ്പമാണ് ഈ പ്രചാരണം. "നരേന്ദ്ര മോദി റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ പ്രധാനമന്ത്രി" എന്ന് സ്റ്റാമ്പിന്റെ താഴെ എഴുതിക്കാണാം.
ഇന്ത്യാ ടുഡേ നടത്തിയ അന്വേഷണത്തിൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. 2015ൽ തുർക്കിയിൽ നടന്ന ജി20 ഉച്ചകോടിയിൽ പങ്കെടുത്ത എല്ലാ നേതാക്കന്മാരുടെയും പേരിൽ തുർക്കി സർക്കാർ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. സ്റ്റാമ്പ് പ്രധാനമന്ത്രി മോദിക്കു മാത്രമായുള്ള പ്രത്യേക അംഗീകാരമല്ല.
AFWA അന്വേഷണം
കീവേഡ് സെർച്ചിന്റെ സഹായത്തോടെ പ്രചാരത്തിലുള്ള സ്റ്റാമ്പ് 2015 ലാണ് തുർക്കി പുറത്തിറക്കിയതെന്ന് ഞങ്ങൾ കണ്ടെത്തി. എന്നാൽ ഇത് പ്രധാനമന്ത്രി മോദിക്ക് വേണ്ടി മാത്രമായിരുന്നില്ല.
2015 നവംബർ 19-ന് പ്രസിദ്ധീകരിച്ച ബിസിനസ്സ് ടുഡേയുടെ റിപ്പോർട്ട് അനുസരിച്ച്, ആ വർഷത്തെ ജി 20 അന്റാലിയ ഉച്ചകോടിയുടെ സ്മരണാർത്ഥമായിരുന്നു ഈ സ്റ്റാമ്പ് പുറത്തിറക്കിയത്.
മാത്രമല്ല. ഈ റിപ്പോർട്ട് അനുസരിച്ച്, വ്യക്തിഗത സ്റ്റാമ്പ് പ്രധാനമന്ത്രി മോദിക്ക് മാത്രമല്ല, ഉച്ചകോടിയിൽ പങ്കെടുത്ത 33 നേതാക്കൾക്കും സമർപ്പിച്ചിരുന്നു. 2015 നവംബർ 15, 16 തീയ്യതികളിലാണ് പ്രധാനമന്ത്രി മോദി ഈ ഉച്ചകോടിയിൽ പങ്കെടുത്തത്.
ഈ പ്രത്യേക സ്റ്റാമ്പ് ശേഖരത്തിന്റെ ചിത്രം 2015 നവംബർ 18-ന് G20 തുർക്കിയുടെ ഔദ്യോഗിക അക്കൗണ്ട് ട്വീറ്റ് ചെയ്തിരുന്നു. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ എല്ലാ നേതാക്കൾക്കും സ്റ്റാമ്പുകൾ വിതരണം ചെയ്തു എന്നും ഈ ട്വീറ്റിൽ പറയുന്നുണ്ട്.
G20 തുർക്കി എന്ന സൈറ്റിൽ ഈ പ്രത്യേക പതിപ്പ് സ്റ്റാമ്പ് ശേഖരണത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രസ്താവന ലഭ്യമാണ്.
അന്നത്തെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, യുകെ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ, ബ്രസീൽ പ്രസിഡന്റ് ദിൽമ റൂസഫ്, എന്നിവരാണ് സ്റ്റാമ്പുകൾ ലഭിച്ച മറ്റ് ലോക നേതാക്കൾ. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്ക്. പാരീസ് കൊലപാതകത്തെത്തുടർന്ന് സന്ദർശനം റദ്ദാക്കേണ്ടി വന്ന ഫ്രാൻസ്വാ ഒലാന്ദിനും സ്റ്റാമ്പ് ലഭിച്ചു.
സമാനമായ ഒരു അവകാശവാദം മുമ്പ് 2021ൽ ഞങ്ങൾ ഫാക്ട് ചെക്ക് ചെയ്തിരുന്നു.
അതിനാൽ, പ്രചാരത്തിലുള്ള സ്റ്റാമ്പിനു അടുത്തിടെ നടന്ന തുർക്കി ഭൂകമ്പവുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.
അടുത്തിടെ തുർക്കിയിലുണ്ടായ ഭൂകമ്പത്തിന് ശേഷം ഇന്ത്യ നൽകിയ സമയോചിതമായ സഹായത്തിനുള്ള നന്ദി സൂചകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ തുർക്കി സർക്കാർ പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി.
2015ൽ തുർക്കിയിൽ നടന്ന ജി20 ഉച്ചകോടിയിൽ പങ്കെടുത്ത മോദി ഉൾപ്പടെയുള്ള എല്ലാ നേതാക്കൾക്കുമായി തുർക്കി സർക്കാർ പുറത്തിറക്കിയതാണ് ഈ സ്റ്റാമ്പ്.
|