'ഒരു രാജ്യം ഒരു നികുതി' എന്ന ലക്ഷ്യത്തോടെ 2017 ജൂലൈ ഒന്നുമുതല് രാജ്യത്ത് നിലവില് വന്ന സംവിധാനമാണ് ജി.എസ്.ടി അഥവാ ഏകീകൃത ചരക്ക് സേവന നികുതി. ഇന്നിപ്പോള് നാല് വര്ഷങ്ങള് പിന്നിടുന്ന ജി.എസ്.ടിയില് ക്രിസ്തീയ ദേവാലയങ്ങളില് ഞായറാഴ്ച നടത്തുന്ന സ്തോത്രക്കാഴ്ചയും ഉള്പ്പെടുത്തിയിരിക്കുന്നു എന്ന് സാമൂഹ്യ മാധ്യമങ്ങളില് പരക്കുന്നുണ്ട്.
ബി.ജെ.പി ഭരണത്തിലുള്ള ഉത്തര്പ്രദേശിലെ ക്രൈസ്തവ ദേവാലയങ്ങളില് സ്തോത്രക്കാഴ്ചയുടെ 6 ശതമാനം ജി.എസ്.ടിയായി നല്കേണമെന്ന് 'ദ ടൈംസ് ഓഫ് ഇന്ത്യ' ദിനപത്രത്തില് വാര്ത്ത വന്നതായാണ് പ്രചരിക്കുന്ന വാദം.
ഫേസ്ബുക്കില് പ്രചരിക്കുന്ന പോസ്റ്റിന്റെ പൂര്ണരൂപം
' ആശ്വാസമായി . പണികള് വന്നു തുടങ്ങി.മുഗള്ഭരണകാലത്തെ 'ജസിയ' പുതിയ രൂപത്തില് യു.പി.യില് BJP നടപ്പാക്കിക്കഴിഞ്ഞു. UP യിലെ ക്രിസ്ത്യന് പള്ളികളിലെ ഞായറാഴ്ച സ്തോത്രക്കാഴ്ചയുടെ 6% GST ആയിക്കൊടുക്കണം. മറ്റു സംസ്ഥാനങ്ങളിലും നടപ്പിലാക്കാന് വൈകിക്കൂടാ. മുഗള് ചക്രവര്ത്തിമാര് ഹിന്ദുക്കള്ക്ക് ചുമത്തിയിരുന്ന' ജസിയ' നികുതി കൊടുത്തു മുടിഞ്ഞ് ആത്മഹത്യ ചെയ്തവന്റെ പുനര്ജന്മമായിരിക്കും ഈ ആദിത്യയോഗി. മറ്റു മതസ്ഥര്ക്കു വഴിയിലിറങ്ങി നടക്കണമെങ്കില് വരെ നികുതി കൊടുക്കേണ്ടിവരുന്ന ഒരു കിണാശ്ശേരിയാണെന്റെ സ്പനം. U .P . യില് ട്രെയിന് യാത്രക്കാരായിരുന്ന 2 കന്യാസ്ത്രീകളും കൂടെയുണ്ടായിരുന്ന 2 ക്രിസ്ത്യന് യുവതികളും നേരിട്ട പീഡനം വീശാനിരിക്കുന്ന കാറ്റിന്റെ ദിശാസൂചിക മാത്രം. BJP യെ കെട്ടിപ്പിടിച്ചു നടക്കുന്ന ക്രൈസ്ത മേലദ്ധ്യക്ഷന്മാര് ഇതൊക്കെ ഒന്നു കാണണം. കണ്ടു പഠിച്ചില്ലെങ്കില് കൊണ്ടു പഠിക്കും.'
എന്നാല് പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാര് റൂം(AFWA) കണ്ടെത്തി. 2010 ജനുവരി 11ന് 'ദ ടൈംസ് ഓഫ് ഇന്ത്യ' ദിനപത്രത്തില് പ്രസിദ്ധീകരിച്ച മറ്റൊരു വാര്ത്തയെയാണ് ഉത്തര്പ്രദേശിലെ ജി.എസ്.ടി എന്ന പേരില് ഇപ്പോള് പ്രചരിപ്പിക്കുന്നത്.
സമാന പോസ്റ്റുകളുടെ ആര്ക്കൈവ് പതിപ്പുകള് : Archive 1, Archive 2, Archive 3
AFWA അന്വേഷണം
പ്രചരിക്കുന്ന ചിത്രം ഗൂഗിള് കീവേഡ്സിന്റെ സഹായത്താല് തിരച്ചില് നടത്തിയപ്പോള് യഥാര്ത്ഥ ചിത്രം കണ്ടെത്താന് സാധിച്ചു. 2010 ജനുവരി 11ന് പുറത്തിറങ്ങിയ 'The Times Of India' ദിനപത്രത്തില് മുന് പ്രധാനമന്ത്രി എച്ച്. ഡി ദേവഗൗഡ, കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്കെതിരെ നടത്തിയ പരാമര്ശമാണ് യഥാര്ത്ഥ വാര്ത്തയിലുള്ളത്.
ഫേസ്ബുക്കില് പ്രചരിക്കുന്ന ചിത്രത്തിലും ടൈംസ് ഓഫ് ഇന്ത്യയുടെ യഥാര്ത്ഥ വാര്ത്തയിലും ദേവഗൗഡയുടെ ചിത്രം കാണാന് സാധിക്കും. വിവാദമായ ബാംഗ്ലൂര്-മൈസൂര് ഇന്ഫ്രാസ്ട്രക്ചര് പ്രൊജക്ടനെക്കുറിച്ചുള്ള ചോദ്യമുയര്ന്നപ്പോള് മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കെതിരെ അസഭ്യവര്ഷം നടത്തിയ ദേവഗൗഡയെക്കുറിച്ചാണ് വാര്ത്ത സൂചിപ്പിക്കുന്നത്. ഇതേ വാര്ത്ത 'ഇന്ത്യാ ടുഡേ' അന്ന് റിപ്പോര്ട്ട് ചെയ്തിരുന്നു.
സംഭവത്തിന് വര്ഷങ്ങള് ശേഷമാണ് ഇന്ത്യയില് ജി.എസ്.ടി നടപ്പിലാക്കിയത്. മാത്രമല്ല ക്രൈസ്തവ ആചാരങ്ങളുടെ ഭാഗമായ സ്തോത്രക്കാഴ്ചയെ ജി.എസ്.ടിക്ക് കീഴില് കൊണ്ടുവരാന് ഉത്തര്പ്രദേശ് സര്ക്കാര് ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല.വാര്ത്തയ്ക്ക് മുകളിലായി മുന് ഇന്ത്യന് താരം സഹീര് ഖാന്റെ ചിത്രവും കാണാന് സാധിക്കും. 2010 ജനുവരിയില് ധാക്കയില് നടന്ന ത്രിരാഷ്ട്ര പരമ്പരയില് ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ ജോതാക്കളായപ്പോള് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഹീറിനെക്കുറിച്ചാണ് വാര്ത്ത സൂചിപ്പിക്കുന്നത്. മത്സരത്തില് ഏഴോവര് പന്തെറിഞ്ഞ സഹീര് മൂന്ന് വിക്കറ്റ് നേടിയായിരുന്നു 'മാന് ഓഫ് ദ മാച്ച്' പട്ടം കരസ്ഥമാക്കിയത്. ഇതില് നിന്നും പത്രം, പത്ത് വര്ഷം മുമ്പാണ് പുറത്തിറങ്ങിയതെന്ന് മനസ്സിലാക്കാം.
അതിനാല് ഇപ്പോള് പ്രചരിക്കുന്ന വാദവും അതില് ഉപയോഗിച്ചരിക്കുന്ന പത്രവാർത്തയുടെ ചിത്രവും തീര്ത്തും വ്യാജമാണെന്ന് വ്യക്തമാണ്.
ഉത്തർപ്രദേശിലെ ക്രിസ്ത്യൻ പള്ളികളിലെ ഞായറാഴ്ച സ്തോത്രക്കാഴ്ചയുടെ 6 ശതമാനം ജി.എസ്.ടിയായി നൽകണം.
പ്രചരിക്കുന്ന ചിത്രം ടൈസ് ഓഫ് ഇന്ത്യയുടെ 2010 ജനുവരി 11ന് പുറത്തിറങ്ങിയ പത്രവാർത്ത എഡിറ്റ് ചെയ്തതാണ്. ഉത്തർപ്രദേശിൽ നിലവിൽ ഇത്തരമൊരു നിയമം നടപ്പിലാക്കിയിട്ടില്ല.