നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടന്ന നാടകത്തില് പ്രതികള് ജയില് ചാടി പോയത് കേരളത്തിലാണോ? വസ്തുത അറിയാം..
വിവരണം
ജയിലില് നവരാത്രിക്ക് രാമലീല നാടകം വാനര വേഷത്തില് സീതയെ തേടിയിറങ്ങിയ കൊലക്കേസ് പ്രതികള് ജയില് ചാടി പോയി എന്ന ഒരു വാര്ത്ത ന്യൂസ് കാര്ഡ് ഇപ്പോള് സമൂഹമാധ്യമങ്ങളില് പ്രചരിക്കുകയാണ്. ചാടാനുള്ള അവസരം ഒരുക്കി കൊടുത്തു എന്ന് പറയുന്നതാവും ശരി.. അത്രത്തോളം ഉണ്ടല്ലോ #KeralaPolice ക്രിമിനൽ സംഘത്തിൻ്റെ സുതാര്യ പ്രവർത്തനം.. എന്ന തലക്കെട്ട് നല്കി കേരളത്തില് നടന്ന സംഭവമാണിതെന്ന പേരിലാണ് പ്രചരണം. Rkt Madathil എന്ന വ്യക്തിയുടെ പ്രൊഫൈലില് നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചട്ടുണ്ട് -
|Archived Screenshot
എന്നാല് യഥാര്ത്ഥത്തില് ഈ സംഭവം നടന്നത് കേരളത്തിലാണോ? എന്താണ് വസ്തുത എന്ന് പരിശോധിക്കാം.
വസ്തുത ഇതാണ്
ആദ്യം തന്നെ രാംലീല, നാടകം എന്നീ കീ വേര്ഡുകള് ഉപയോഗിച്ച് ഗൂഗിള് സെര്ച്ച് ചെയ്തതില് നിന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്ട്ട് ചെയ്ത ഒരു വാര്ത്ത കണ്ടെത്താന് കഴിഞ്ഞു. ഹരിദ്വാറിൽ ജയിലിൽ രാംലീലക്കിടെ കൊടും കുറ്റവാളികൾ രക്ഷപ്പെട്ട സംഭവത്തിൽ ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ജയിലിൽ സൂപ്രണ്ട് ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് നടപടി. രക്ഷപ്പെട്ട പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. എന്നതാണ് വാര്ത്തയുടെ ഉള്ളടക്കം. അതായത് മഹാനവമിയോട് അനുബന്ധിച്ച് ജയിലില് കുറ്റവാളികള് നടത്തിയ നാടകത്തിനിടയിലാണ് ഇത്തരമൊരു സംഭവം അരങ്ങേറിയത്. വാനരവേഷത്തില് സീതയെ തേടി പോകുന്ന ഹനുമാന്റെ പട്ടാളം എന്നതായിരുന്നു നാടകത്തിലെ രംഗം. ഇവര് വേദിയില് നിന്നും ഇറങ്ങി ഓടിയ ശേഷം മതില് ചാടി രക്ഷപെടുകയായിരുന്നു. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ലായെന്നും വാര്ത്തയില് വ്യക്തമാക്കിയിട്ടുണ്ട്.
യൂട്യൂബിലും ഇതെ കുറിച്ചുള്ള വാര്ത്ത പരിശോധിച്ചതില് നിന്നും റിപബ്ലിക്ക് വേള്ഡ് പങ്കുവെച്ച വാര്ത്ത കണ്ടെത്താന് കഴിഞ്ഞു. Dressed as Monkeys Searching for Sita, 2 Prisoners Escape Haridwar Jail During Ram Leela എന്ന തലക്കെട്ട് നല്കിയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്.
റിപബ്ലിക്ക് ചാനലിന്റെ വാര്ത്ത വീഡിയോ -
നിഗമനം
ഉത്തരാഖണ്ഡിലെ ഹരിദ്വാര് ജയിലില് നിന്നും പ്രതികള് രാമലീല നാടകത്തിനിടയില് ചാടി പോയതിനെ കുറിച്ചുള്ള വാര്ത്തയാണിതെന്ന് ഞങ്ങളുടെ അന്വേഷണത്തില് നിന്നും വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.