സമൂഹമാധ്യമങ്ങളിലൂടെ സര്ക്കാരിന്റെ നയങ്ങളെയും നേട്ടങ്ങളെയും വിമര്ശിക്കുന്ന സര്ക്കാര് ജീവനക്കാരെ മോണിറ്റര് ചെയ്യണമെന്ന ഒരു സര്ക്കുലര് വൈറലാണ്. ഇത് ആന്ധ്രാപ്രദേശ് സര്ക്കാര് പുറത്തിറക്കിയതാണെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
എന്നാല് പ്രചാരത്തിലുള്ള പോസ്റ്റുകള് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാര് റൂം (AFWA) കണ്ടെത്തി. ആന്ധ്രാപ്രദേശ് സര്ക്കാര് സമൂഹമാധ്യമങ്ങളില് സര്ക്കാര് ജീവനക്കാരെ നിരീക്ഷിക്കുന്നതിന് സര്ക്കുലര് പുറത്തിറക്കിയിട്ടില്ല.
AFWA അന്വേഷണം
സര്ക്കാരിന്റെ നയങ്ങള്ക്കും നേട്ടങ്ങള്ക്കുമെതിരെ സര്ക്കാര് ജീവനക്കാര് സമൂഹമാധ്യമങ്ങളില് രൂക്ഷമായി പ്രതികരിക്കുന്നതിനാല് സോഷ്യല്മീഡിയ ദിവസവും പരിശോധിക്കണമെന്നും ഇത്തരത്തില് പോസ്റ്റുകളിടുന്ന ജീവനക്കാര്ക്ക് നോട്ടീസ് അയക്കണമെന്നും പറയുന്ന ഒരു ഡോക്യുമെന്റാണ് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്. സര്ക്കുലറിന്റെ VIII Social Media എന്ന് രേഖപ്പെടുത്തിയ ഭാഗം ക്രോപ്പ് ചെയ്താണ് പ്രചരിപ്പിക്കുന്നത്. പോസ്റ്റുകളില് മുഖ്യമന്ത്രി വൈ.എസ് ജഗന് മോഹന് റെഡ്ഡിയെ ടാഗ് ചെയ്തിട്ടുമുണ്ട്. പ്രചാരത്തിലുള്ള സര്ക്കുലറിന്റെ ഭാഗം റിവേഴ്സ് ഇമേജ് വഴി തിരഞ്ഞു. തിരച്ചിലില് സമൂഹമാധ്യമങ്ങളില് വന്ന പോസ്റ്റുകളിലേക്കും വാര്ത്തകളിലേക്കുമാണ് ഞങ്ങള് എത്തിയത്. കീവേര്ഡ്സ് ഉപയോഗിച്ച് തിരഞ്ഞതില് നിന്നും ജമ്മു കശ്മീരില് ചീഫ് സെക്രട്ടറി എ.കെ മെഹ്ത ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചതിനെക്കുറിച്ചുള്ള വാര്ത്തകള് ലഭിച്ചു. ആന്ധ്രാ സർക്കാരിന്റെ ഔദ്യോഗിക ഫാക്ട്ചെക്ക് പേജില് പ്രചാരത്തിലുള്ള പോസ്റ്റുകള് വ്യാജമാണെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ആന്ധ്രാപ്രദേശിലെ നിരവധി സര്ക്കാര് ജീവനക്കാര് ഈ ഡോക്യുമെന്റ് ഷെയര് ചെയ്തെങ്കിലും പിന്നീട് പിന്വലിച്ച് തിരുത്തുകയുണ്ടായി. കീവേര്ഡ്സ് ഉപയോഗിച്ചുള്ള തിരച്ചിലില് പ്രചാരത്തിലുള്ള സര്ക്കുലറിന്റെ മുഴുവന് രൂപം ഞങ്ങള്ക്ക് ലഭിച്ചു. ഇതില് JKSSRB/JKPSC എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ജമ്മു&കശ്മീര് സര്വീസ് സെലക്ഷന് റിക്രൂട്മെൻ്റ് ബോര്ഡ് എന്ന് കൃത്യമായ രേഖപ്പെടുത്തിയിട്ടുള്ള ഡോക്യുമെൻ്റാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില് ക്രോപ്പ് ചെയ്ത് ആന്ധ്രാപ്രദേശില് നിന്നുള്ള സര്ക്കുലര് എന്ന രീതിയില് പ്രചരിപ്പിക്കുന്നത്. ഡോക്യുമെന്റ് വിശദമായി പരിശോധിച്ചതില് നിന്നും 17 ഫെബ്രുവരി 2023ന് നടന്ന മീറ്റിങ്ങിന്റെ മിനുട്സാണ് പ്രചാരത്തിലുള്ളതെന്നും വ്യക്തമായി.
സര്ക്കുലറിന്റെ ഇതേ ഭാഗം തന്നെ പഞ്ചാബ് സര്ക്കാര് പുറപ്പെടുവിച്ചതെന്ന രീതിയിലും സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്. ട്രിബ്യൂണ്, ദൈനിക് ജാഗ്രണ്, ഒപ്ഇന്ത്യ തുടങ്ങിയ മാധ്യമങ്ങളും പഞ്ചാബില് നിന്നുള്ള സര്ക്കുലര് എന്ന രീതിയില് വാര്ത്ത നല്കി. എഎപി പഞ്ചാബിന്റെ ഔദ്യോഗിക ട്വിറ്റര് അക്കൗണ്ടില് പ്രചരിക്കുന്ന പോസ്റ്റുകള് വ്യാജമാണെന്ന് വ്യക്തമാക്കി.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില് സമൂഹമാധ്യമങ്ങളിലുള്ള സര്ക്കാര് ജീവനക്കാരുടെ നീക്കം ശ്രദ്ധിക്കാനും സര്ക്കാരിന്റെ പ്രവര്ത്തനങ്ങളെ വിമര്ശിക്കുന്ന പോസ്റ്റുകളിടുന്ന ജീവനക്കാര്ക്ക് നോട്ടീസ് നല്കാനും ആന്ധ്രാപ്രദേശ് സര്ക്കാര് ഉത്തരവിട്ടിട്ടില്ല.
സമൂഹമാധ്യമങ്ങളില് സര്ക്കാര് ജീവനക്കാരെ നിരീക്ഷിക്കുന്നതിന് സര്ക്കുലര് പുറത്തിറക്കി ആന്ധ്രാപ്രദേശ് സര്ക്കാര്
സമൂഹമാധ്യമങ്ങളിലുള്ള സര്ക്കാര് ജീവനക്കാരുടെ നീക്കം ശ്രദ്ധിക്കാനും സര്ക്കാരിന്റെ പ്രവര്ത്തനങ്ങളെ വിമര്ശിക്കുന്ന പോസ്റ്റുകളിടുന്ന ജീവനക്കാര്ക്ക് നോട്ടീസ് നല്കാനും ആന്ധ്രാപ്രദേശ് സര്ക്കാര് ഉത്തരവിട്ടിട്ടില്ല. ജമ്മുകശ്മീര് ചീഫ് സെക്രട്ടറി എ.കെ മെഹ്തയാണ് പ്രചാരത്തിലുള്ള ഉത്തരവിട്ടത്.