രാജ്യത്തെ ഏറ്റവും മികച്ച ആശുപത്രിയാണ് ഓള് ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സ്(AIIMS). എയിംസുമായി ബന്ധപ്പെട്ട് നിരവധി വാര്ത്തകളാണ് ദിനംപ്രതി വരുന്നത്. രാജ്യത്തെ എയിംസ് ആശുപത്രികളുമായി ബന്ധപ്പെട്ട് സോഷ്യല് മീഡിയയില് ഒരു പ്രചാരണം സജീവമാണ്. ഏറ്റവും അധികം കാലം രാജ്യം ഭരിച്ച കോണ്ഗ്രസ് പാര്ട്ടിക്ക് രണ്ട് എയിംസ് ആശുപത്രികള് മാത്രമാണണ് നിര്മിക്കാന് കഴിഞ്ഞത്. നരേന്ദ്രമോദി സര്ക്കാര് അധികാരമേറ്റെടുത്ത ശേഷം 14 ആശുപത്രികളും വാജ്പേയുടെ കാലത്ത് ആറ് ആശുപത്രികളും ബിജെപി നിര്മിച്ചുവെന്നുമാണ് പ്രചാരണം.
'നരേന്ദ്രമോദി സര്ക്കാര് 2014 അധികാരത്തില് വന്നതിനു ശേഷം 14 എയിംസ് ആണ് ഇന്ത്യയില് തുടങ്ങിയത്, അതില് രണ്ടെണ്ണം നിര്മ്മാണം തുടങ്ങാന് ഇരിക്കുന്നതേയുള്ളൂ.. ' എന്നുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം
എന്നാല് പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര് റൂം(AFWA)കണ്ടെത്തി. കോണ്ഗ്രസ് സര്ക്കാരുകള് രണ്ട് എയിംസ് ആശുപത്രികള് മാത്രമല്ല നിര്മിച്ചിട്ടുള്ളത്.
സമാനമായ പോസ്റ്റുകളുടെ ആര്ക്കൈവ് ചെയ്ത ലിങ്കുകള്
AFWA അന്വേഷണം
ഏറ്റവും അധികം AIIMS നിര്മിച്ചത് നരേന്ദ്രമോദിയാണെന്നും(14 എണ്ണം) ആറെണ്ണം വാജ്പെയ് സര്ക്കാര് ആണെന്നും മന്മോഹന് സിംഗ് -ഒന്ന്, നെഹ്റു-ഒന്ന് എന്നിങ്ങനെയും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഒരെണ്ണം പോലും നിര്മിച്ചില്ലെന്നുമാണ് അവകാശവാദം. ഇക്കാര്യത്തിലെ വസ്തുത അറിയാന് രാജ്യത്ത് നിലവിലുള്ള AIIMS ആശുപത്രികളെക്കുറിച്ചും അവയുടെ പ്രവര്ത്തനങ്ങളെക്കുറിച്ചും ഞങ്ങള് അന്വേഷിച്ചു.
1956ല് ജവഹര്ലാല് നെഹ്റു പ്രധാനമന്ത്രിയായിരുന്നപ്പോള് നിര്മിച്ച ആദ്യ ആശുപത്രിയായ ഡെല്ഹി AIIMS ഉള്പ്പെടെ ഏഴ് ആശുപത്രികളാണ് ഇപ്പോള് പ്രവര്ത്തിക്കുന്നതെന്ന് മനസിലാക്കാനായി. ഭോപ്പാല്, ഭുവനേശ്വര്, ജോധ്പുര്, പട്ന, റായ്പൂര്, ഋഷികേശ് എന്നിവയാണ് മറ്റ് ആറ് ആശുപത്രികള്. ഇവ പൂര്ണമായും പൂര്ത്തീകരിച്ച് പ്രവര്ത്തനം തുടങ്ങിയവയാണെന്ന് പ്രധാന്മന്ത്രി സ്വാസ്ത്യ സുരക്ഷാ യോജനയുടെ(PMSSY) വെബ്സൈറ്റില് നിന്ന് വ്യക്തമാണ്.
ഫേസ്ബുക്ക് പോസ്റ്റിലെ അവകാശവാദം പോലെ നരേന്ദ്രമോദി സര്ക്കാര് 15 എയിംസ് ആശുപത്രികള് പ്രഖ്യാപിച്ചിട്ടുണ്ടെന്നത് വാസ്തവമാണ്. എന്നാല് ഇവയുടെ നിര്മാണം പൂര്ത്തീകരിക്കാനായിട്ടില്ല. പലതും നിര്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. അതുപോലെ അടല്ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്നപ്പോള് ആറ് AIIMS ആശുപത്രികള് പ്രഖ്യാപിച്ചിരുന്നു എന്നതും വാസ്തവമാണ്. എന്നാല് അവയുടെ പണി പൂര്ത്തിയാക്കിയത് പിന്നാലെ വന്ന യുപിഎ സര്ക്കാരാണ് എന്നതാണണ് യാഥാര്ഥ്യം. 2003ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് വാജ്പേയ് ആറ് AIIMS ആശുപത്രികളുടെ പ്രഖ്യാപനം നടത്തിയത്.
എന്നാല് ഒന്പതു മാസങ്ങള്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പില് വാജ്പേയ് സര്ക്കാരിന് അധികാരം നഷ്ടമായി. തുടര്ന്ന് വന്ന യുപിഎ സര്ക്കാരാണ് ഈ ആശുപത്രികള് നിര്മിച്ചത്. 2006ല് മന്ത്രിസഭ അംഗീകാരം നല്കുകയും 2009ല് നിര്മാണം ആരംഭിക്കുകയും ചെയ്തതായി ഇന്ത്യന് എക്സ്പ്രസ് നല്കിയ വാര്ത്തയില് വ്യക്തമാക്കുന്നുണ്ട്.
യുപിഎ സര്ക്കാരാണ് ഇവ ആറും സ്ഥാപിച്ചതെന്ന് ഇതില് നിന്ന് വ്യക്തമാണ്. 2012ല് ലോക്സഭയില് നല്കിയ മറുപടിയില് AIIMS ആശുപത്രികളുടെ നിര്മാണ പുരോഗതി വ്യക്തമാക്കിട്ടുണ്ട്.
2014ല് നരേന്ദ്ര മോദി അധികാരമേറ്റെടുക്കും മുന്പ് തന്നെ ഇവ പ്രവര്ത്തനം ആരംഭിച്ചെന്ന് 2021ല് രാജ്യസഭയില് വന്ന ചോദ്യത്തിന് മറുപടി ലഭിച്ചിട്ടുണ്ട്. മന്മോഹന് സിംഗ് സര്ക്കാര് പ്രഖ്യാപിച്ച ഒരു AIIMS ആശുപത്രിയും 2014ന് ശേഷം മോദി സര്ക്കാര് പ്രഖ്യാപിച്ച 15 ആശുപത്രികളും ഇപ്പോഴും നിര്മാണഘട്ടത്തിലാണെന്ന് ലോക്സഭയില് ആരോഗ്യമന്ത്രി അശ്വനി കുമാര് ചൗബേ നല്കിയ മറുപടിയില് വ്യക്തമാണ്. നിര്മാണത്തിലിരിക്കുന്ന 16 AIIMS ആശുപത്രികളുടെ വിവരങ്ങള് വിവരങ്ങള് PMSSY വെബ്സൈറ്റിലും ലഭ്യമാണ്.
അതായത് രാജ്യത്ത് ഇപ്പോള് നിലവിലുള്ള AIIMS ആശുപത്രികളില് പൂര്ണമായി പ്രവര്ത്തിക്കുന്ന ഏഴ് ആശുപത്രികളും കോണ്ഗ്രസ് സര്ക്കാരുകളുടെ കാലഘട്ടത്തില് നിര്മിച്ചവയാണെന്ന് വ്യക്തം.
കോണ്ഗ്രസ് സര്ക്കാരുകള് രാജ്യത്തിന് നല്കിയത് രണ്ട് AIIMS ആശുപത്രികള് മാത്രമാണ്
ഡല്ഹി AIIMS ഉള്പ്പെടെ ഇപ്പോള് പൂര്ണമായി പ്രവര്ത്തിക്കുന്ന ഏഴ് AIIMS ആശുപത്രികളും വിവിധ കോണ്ഗ്രസ് സര്ക്കാരുകളുടെ ഭരണകാലത്ത് ആരംഭിച്ചവയാണ്. നരേന്ദ്രമോദി പ്രഖ്യാപിച്ച 15 AIIMS ആശുപത്രികളുടെ നിര്മാണം പുരോഗമിക്കുകയാണ്. ഇവ പ്രവര്ത്തന സജ്ജമായിട്ടില്ല.