കെ.എസ്.ഇ.ബി അറബി ഭാഷയില് ബോര്ഡ് എഴുതി മുസ്ലീം പ്രീണനം നടത്തുന്നു എന്ന പേരില് സോഷ്യല് മീഡിയയില് ഒരു പ്രചാരണം സജീവമാണ്.
'മതേതര കേരളം ഇപ്പോള് ഇസ്ലാം മത രാജ്യം അയോ??? ഇത് കേരളത്തിലെ KSEB ആണോ ? അതോ 2035 ലേക്കുള്ള റിഹേഴ്സല് ആണോ ?കേരളത്തിലെ ഹിന്ദുക്കള് ഇത് ഇന്ന് കണ്ടില്ല എങ്കില് നിങ്ങള് തയാറയി ഇരിക്കുക .സ്വന്തം മകളെ കറുത്ത ചാക്കില് പൊതിഞ്ഞു സിറിയായി അയക്കാനായി' എന്ന വാദവുമായി പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം.
എന്നാല് പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര് റൂം(AFWA) കണ്ടെത്തി. കെ.എസ്.ഇ.ബി ഇത്തരത്തിലൊരു ബോര്ഡ് സ്ഥാപിച്ചിട്ടില്ല.
സമാനമായ പോസ്റ്റുകളുടെ ആര്ക്കൈവ് ചെയ്ത ലിങ്കുകള് :Archive 1, Archive 2, Archive 3
AFWA അന്വേഷണം
പോസ്റ്റിനൊപ്പം പ്രചരിക്കുന്ന ചിത്രം ഒരു ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റേതാണ്. പരസ്യബോര്ഡ് സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള് എല്.ഇ.ഡി ലൈറ്റുകളെക്കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നതെന്ന് മനസിലാക്കാനായി. 'സേവ് ഇലക്ട്രിസിറ്റി' എന്ന കെ.എസ്.ഇ.ബിയുടെ പരസ്യവാചകവും ബോര്ഡിലുണ്ട്. എന്നാല് കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക എംബ്ലമോ മറ്റ് അടയാളങ്ങളോ ഒന്നും ബോര്ഡില് കണ്ടെത്താനായില്ല. കൂടുതല് വ്യക്തത വരുത്തുന്നതിന് കെ.എസ്.ഇ.ബി നല്കിയ പരസ്യങ്ങള് ഗൂഗിളില് തിരഞ്ഞെങ്കിലും അറബി ഭാഷയിലുള്ള പരസ്യങ്ങളൊന്നും കണ്ടെത്താനായില്ല. അതേസമയം, കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില് ഒരു വിശദീകരണക്കുറിപ്പ് കണ്ടെത്താനായി.
മുസ്ലീം പ്രീണനം നടത്തുന്നതിനായി കെ.എസ്.ഇ.ബി അറബിയില് പരസ്യബോര്ഡ് ഇറക്കിയെന്ന വാര്ത്ത വ്യാജമാണെന്നായിരുന്നു വിശദീകരണം. ഈ പരസ്യ ബോര്ഡുമായി കെ.എസ്.ഇ.ബിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും വ്യാജപ്രചാരണത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും പോസ്റ്റില് വിവരിക്കുന്നു.
തുടര്ന്ന് പരസ്യബോര്ഡിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള്ക്കായി ഗൂഗിള് റിവേഴ്സ് ഇമേജില് സര്ച്ച് ചെയ്തപ്പോള് ഇതുമായി ബന്ധപ്പെട്ട ഒരു വാര്ത്ത കണ്ടെത്താനായി. മാധ്യമം ദിനപത്രത്തില് വന്ന വാര്ത്തയില് 'സ്വകാര്യ കമ്പനിയുടെ അറബിയിലുള്ള പരസ്യ ബോര്ഡുകള് വ്യാപകമായി നശിപ്പിച്ചു' എന്ന തലക്കെട്ടാണുള്ളത്. കോഴിക്കോട്, കാക്കഞ്ചേരി ടെക്നോ ഇന്ഡസ്ട്രീസ് പാര്ക്കിലുള്ള ഹ്യൂമാക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ബോര്ഡുകളാണ് നശിപ്പിക്കപ്പെട്ടതെന്ന് വാര്ത്തയില് പറയുന്നു. കമ്പനി മാനേജിംഗ് ഡയറക്ടര്മാരായ ഷംസു മൊയ്തീന്, പി.മുസ്തഫ എന്നിവര് നടത്തിയ വാര്ത്താസമ്മേളനമാണ് മാധ്യമം നല്കിയത്.
തുടര്ന്ന് ഷംസു മൊയ്തീനെ ഞങ്ങള് ബന്ധപ്പെട്ടു. 'കോഴിക്കോട് നഗരത്തിനകത്തും ഗ്രാമപ്രദേശങ്ങളിലുമായി നരവധി പരസ്യബോര്ഡുകള് സ്ഥാപിച്ചിരുന്നു. റോഡിന്റെയും ബസ്റ്റോപ്പുകളുടെയും നിര്മാണ പരിപാലന ചുമതലയുള്ള യു.എല്.സി.സിയില് നിന്ന് അനുമതി വാങ്ങിയാണ് പരസ്യബോര്ഡുകള് സ്ഥാപിച്ചത്. ഒരു വര്ഷത്തേയ്ക്കായിരുന്നു അനുമതി. എന്നാല് സോഷ്യല് മീഡിയ പ്രചാരണം വന്നശേഷം നഗരത്തിനുള്ളില് സ്ഥാപിച്ച ഏഴ് ബോര്ഡുകള് തകര്ക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നടക്കാവ് പോലീസില് പരാതി നല്കിയിട്ടുണ്ട്. എല്.ഇ.ഡി ലൈറ്റുകള് വിതരണം ചെയ്യുന്ന കമ്പനിയാണ് ഞങ്ങളുടേത്. അതിനാലാണ് കെ.എസ്.ഇ.ബിയുടെ പരസ്യവാചകമായ 'സേവ് ഇലക്ട്രിസിറ്റി' ബോര്ഡില് വച്ചത്. കെ.എസ്.ഇ.ബി പറയുംപോലെ വൈദ്യുതി ലാഭിക്കാം എന്നതു മാത്രമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. അറബിയില് ബോര്ഡ് എഴുതിയത് വ്യത്യസ്ഥതയ്ക്ക് വേണ്ടി മാത്രമാണ് ' ഷംസു ഇന്ത്യാ ടുഡേയോട് പറഞ്ഞു.
സമാന വിഷയത്തില് മീഡിയ വണ് ചാനലും റിപ്പോര്ട്ട് നല്കിയിട്ടുണ്ട്.
ലഭ്യമായ വിവരങ്ങളില് നിന്ന് കെ.എസ്.ഇ.ബി. അറബിയില് പരസ്യബോര്ഡ് വച്ച് മുസ്ലീം പ്രീണനം നടത്തുന്നു എന്ന വാദം പൂര്ണമായും തെറ്റാണെന്ന് വ്യക്തം.
കെ.എസ്.ഇ.ബി. അറബി ഭാഷയില് പരസ്യബോര്ഡ് സ്ഥാപിച്ച് മുസ്ലീം പ്രീണനം നടത്തുന്നു.
ഈ പരസ്യബോര്ഡ് കെ.എസ്.ഇ.ബി. സ്ഥാപിച്ചതല്ല. സ്വകാര്യ ഇലക്ട്രിക്കല് കമ്പനിയായ ഹ്യൂമാക്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ച ബോര്ഡുകളാണിവ. കോഴിക്കോട് നഗരത്തിലാണ് ഹ്യൂമാക്സ് ബോര്ഡുകള് സ്ഥാപിച്ചിരുന്നത്