schema:text
| - മനുഷ്യര്‍ക്ക് പേടിയുള്ള പ്രാണികളില്‍ ഒന്നാണ് പഴുതാര. പഴുതാര കടിച്ചാല്‍ മരണം ഉറപ്പാണെന്ന് പണ്ടുകാലംമുതലേ പ്രചരിക്കുന്ന കഥ പേടിക്ക് ആക്കം കൂട്ടിയിട്ടുണ്ട്. അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും പഴുതാരയെ കാണാം. പഴുതാരയുമായി ബന്ധപ്പെട്ട് ഒട്ടേറെ അന്ധവിശ്വാസങ്ങളും പല രാജ്യങ്ങളിലും നിലവിലുണ്ട്. ഒരു ഗ്രാമത്തിലുള്ള മുഴുവന്‍ ആള്‍ക്കാരെയും കൊല്ലാന്‍ ഒരു പഴുതാര മതിയെന്നാണ് അത്തരത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റില്‍
പറയുന്നത്.
'ഭക്ഷണത്തില്‍ പെട്ടാല്‍ നിങ്ങളുടെ മരണത്തിന് കാരണമായേക്കാവുന്ന ഒരു വിഷ
ജീവിയുണ്ട്, പഴുതാര' എന്നുതുടങ്ങുന്ന പോസ്റ്റിന്റെ പൂര്‍ണരൂപം ഇവിടെ
വായിക്കാം
എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാര് റൂം (AFWA) കണ്ടെത്തി. പഴുതാരയിലുള്ള വിഷം ഒരു മനുഷ്യനെ കൊല്ലുന്നതിന് പര്യാപ്തമല്ല.
AFWA അന്വേഷണം
പഴുതാരയുടെ വിഷത്തിന് ആളെക്കൊല്ലാന്‍ കഴിയും എന്ന പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അത്തരത്തില്‍ മരണം സംഭവിച്ച വാര്‍ത്തകള്‍ ലഭ്യമാണോ എന്നാണ് ഞങ്ങള്‍ ആദ്യം പരിശോധിച്ചത്. എന്നാല്‍ പഴുതാര കടിച്ചതുമൂലം മരണം നടന്ന വാര്‍ത്തകള്‍ ഒന്നും കണ്ടെത്താനായില്ല. ചൈന, തായ്ലന്ഡ് തുടങ്ങിയ രാജ്യങ്ങളില്‍ പഴുതാരയെ ഭക്ഷിക്കാറുണ്ട്. അപസ്മാരം, പക്ഷാഘാതം, കാന്‍സര്‍, വാതം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നായി നാട്ടുവൈദ്യത്തില്‍ ചൈനാക്കാര്‍ പഴുതാരയെ ഉപയോഗിക്കാറുണ്ട്. ആല്‍ക്കഹോളില്‍ മുക്കി വൃത്തിയാക്കി ഉണക്കിയാണ് മരുന്നിന് ഉപയോഗിക്കുന്നത്. പഴുതാരയെ പച്ചയ്ക്ക് ഭക്ഷിക്കുന്നത് അണുബാധയ്ക്ക്
കാരണമായേക്കാം.
ലഭിച്ച വിവരങ്ങളുടെ ശാസ്ത്രീയവശം മനസ്സിലാക്കുന്നതിന് ഞങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന് ആന്‍ഡ് ഹെമറ്റോളജി വിഭാഗം പ്രൊഫസര്‍, ഡോ.ഹരികൃഷ്ണനുമായി ബന്ധപ്പെട്ടു. "വളരെ അപൂര്‍വ്വമായിട്ടാണ് പഴുതാര കടിച്ചിട്ട് ഒരാള്‍ ആശുപത്രിയില്‍ വരുന്നത്. പഴുതാരയ്ക്ക് കാഴ്ചശക്തിയില്ല. ആന്റിനപോലെയുള്ള അവയവം വെച്ചാണ് അവ സെന്‍സര്‍ ചെയ്യുന്നത്. മറ്റ് ക്ഷുദ്രജീവികളെപ്പോലെ പഴുതാര കടിക്കാറില്ല. അതിന്റെ കാലിന്റെ അടിയില്‍ നഖം പോലെയുള്ള ഭാഗം വെച്ച് കുത്തുകയാണ് ചെയ്യുന്നത്. വി('V'ആകൃതിയിലായിരിക്കും)ഷേപ്പിലായിരിക്കും കുത്തിന്റെ പാട് ശരീരത്തില്‍ വീഴുക. 99ശതമാനം കേസുകളിലും പഴുതാരയുടെ കുത്തേറ്റാല്‍ ആശുപത്രിയില്‍ പോകേണ്ടിവരാറില്ല. പഴുതാരയുടെ വിഷം ഉള്ളില്‍ ചെന്നാല്‍ ചിലര്‍ക്ക് ശാരീരീക അസ്വസ്ഥതകള്‍ ഉണ്ടാവില്ല. കുത്തേറ്റിടത്ത് ചെറിയ ചൊറിച്ചില്‍, ചെറിയ തടിപ്പ്, ചോരപ്പാട് എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ പ്രകടമാകാം. ഹൈപ്പര്‍ സെന്‍സിറ്റീവ് ആയവര്‍ക്ക് തടിപ്പ്, നീറ്റല്‍, കുത്തേറ്റിടത്ത് കല്ലിപ്പ്, തുടിപ്പ് ഒക്കെയുണ്ടാകാം.
എല്ലാവര്ക്കും ഈ ലക്ഷണങ്ങള്‍ ഉടനെയൊന്നും പ്രകടമാകില്ല. രണ്ട് മുതല്‍ 24 മണിക്കൂറുകള്‍ക്കുള്ളിലായിരിക്കും ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. പഴുതാരകളുടെ ശരീരത്തില്‍ ധാരാളം ബാക്ടീരിയകള്‍ ഉണ്ടാവും. ഇത് ശരീരത്തില്‍ പ്രവേശിക്കുന്നതുവഴി ഇന്ഫെക്ഷന് ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഹൈപ്പര്‍ അലര്‍ജിക് ആയിട്ടുള്ളവര്‍ക്ക് ലക്ഷണങ്ങള്‍ ഗുരുതരമാകാം. ശരീരം മുഴുവന്‍ ചൊറിഞ്ഞുതടിക്കുക, ശ്വാസംമുട്ടല്‍ അനുഭവപ്പെടുക, ചുണ്ടും കണ്ണും തടിച്ചുവീര്‍ക്കുക തുടങ്ങിയ ബുദ്ധിമുട്ടനുഭവപ്പെട്ടാല്‍ എത്രയും വേഗം ആശുപത്രിയില്‍ എത്തി ചികിത്സ തേടേണ്ടതാണ്. ഗുരുതര രോഗങ്ങളുള്ള ആളുകളില്‍ രോഗം സങ്കീര്ണ്ണമാകാന് സാധ്യതയുണ്ട്. 99 ശതമാനം കേസുകളിലും ഒരു പ്രശ്നവും ഉണ്ടാകാറില്ല." ഡോ.ഹരികൃഷ്ണന് ഇന്ത്യാ ടുഡേയോട് പറഞ്ഞു.
ഈര്‍പ്പമുള്ള മണ്ണുള്ളിടത്താണ് പഴുതാരയെ അധികവും കണ്ടുവരുന്നത്. കല്ലിനടിയിലും കരിയിലയക്കുള്ളിലും മറഞ്ഞിരിക്കുന്ന ഇവ രാത്രിയിലാണ് ഇരതേടുന്നത്. ഏകദേശം 3500 സ്പീഷിസില്‍പ്പെട്ട പഴുതാരകളെ തിരിച്ചറിഞ്ഞിട്ടുണ്ട്, എന്നാല്‍ പതിനഞ്ചോളം (0.5% ല്‍ താഴെ) സ്പീഷീസില്‍പ്പെട്ട പഴുതാരകള്‍ മാത്രമാണ് മനുഷ്യരില്‍ ശാരീരിക ബുദ്ധിമുട്ടുണ്ടാക്കുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. Scolopendra subspinipes സ്പീഷീസില്‍പ്പെട്ട പഴുതാരയാണ് കൂട്ടത്തില്‍ വലുപ്പമേറിയത്. ഇവയ്ക്ക് 20 സെന്റീമീറ്റര്‍ വരെ നീളമുണ്ടാകും. എലികളെയും ചെറിയ പാമ്പുകളെയും ഇവ കൊന്നു ഭക്ഷിക്കാറുണ്ട്. മറ്റ് സ്പീഷീസില്‍പ്പെട്ട പഴുതാരകളെ അപേക്ഷിച്ച് ഇവയ്ക്ക് വിഷം അധികമാണ്. എന്നാല്‍ ജനവാസമേഖലയില്‍ ഇവയെ കാണാറില്ല.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് ഹൈപ്പര്‍ അലര്‍ജിക് ആയിട്ടുള്ള വ്യക്തികളില്‍ മാത്രമാണ് പഴുതാര കടിച്ചാല്‍ ഗുരുതര ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകുന്നത്. എന്നാലിത് മരണത്തിന് കാരണമാകുന്നുമില്ല.
പഴുതാരയുടെ ഉഗ്രവിഷം മനുഷ്യന്റെ മരണത്തിന് കാരണമാകും.
പഴുതാരയുടെ വിഷം മനുഷ്യരുടെ മരണത്തിന് കാരണമാകില്ല. ഹൈപ്പര്‍ അലര്‍ജിക് ആയിട്ടുള്ള വ്യക്തികളില്‍ മാത്രമാണ് ലക്ഷണങ്ങള്‍ സങ്കീര്‍ണമാകുന്നത്. ഇത്തരക്കാര്‍ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ ആശുപത്രിയിലെത്തി ചികിത്സ തേടിയാല്‍ മരണം ഒഴിവാക്കാനാകും. പഴുതാരയുടെ കുത്തേല്‍ക്കുന്ന ഭാഗത്ത് ചെറിയ അസ്വസ്ഥതയും വേദനയും ഉണ്ടാകുമെന്നതൊഴിച്ചാല്‍ 99 ശതമാനം ആളുകളിലും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാറില്ല.
|