schema:text
| - താലിബാന് പാകിസ്ഥാന് സഹായം ലഭിക്കുന്നുണ്ടെന്ന് മാധ്യമങ്ങള് പങ്കുവയ്ക്കുന്നുണ്ട്. പാകിസ്ഥാനും താലിബാനും ഇക്കാര്യം നിഷേധിക്കുന്നതിനിടെയാണ് ഇന്ത്യന് മാധ്യമങ്ങളില് ഉള്പ്പെടെ ഇത്തരം വാര്ത്തകള് പുറത്തുവിടുന്നത്.
താലിബാനെ അനുകൂലിച്ച് ചൈന തുടക്കം മുതല് തന്നെ രംഗത്തുണ്ട്. എന്നാല്, പാകിസ്ഥാന് അല്ലാതെ മറ്റു രാജ്യങ്ങളൊന്നും താലിബാനെ സഹായിക്കുന്നതായി റിപ്പോര്ട്ടുകളും വരുന്നില്ല. ഇതിനിടെയാണ് റഷ്യ, താജിക്കിസ്ഥാന് എന്നീ രാജ്യങ്ങളും ഇന്ത്യയും ചേര്ന്ന് താലിബാനെതിരെ പഞ്ച്ഷീറില് പോരാടുന്നുവെന്ന പ്രചാരണം സജീവമാകുന്നത്.
'രാത്രി റഷ്യന് വ്യോമസേനയും, ഇന്ത്യന് വ്യോമസേനയും, തജിക്കിസ്ഥാന് വ്യോമസേനയും സംയുക്തമായി പഞ്ച്ഷിറിലും സമീപ പ്രദേശങ്ങളിലുമുള്ള താലിബാന് കേന്ദ്രങ്ങളില് ബോംബാക്രമണം നടത്തുകയും പാകിസ്താന്റെ എല്ലാ മുന്നേറ്റങ്ങളും അവസാനിപ്പിക്കുകയും താലിബാനു വേണ്ടി പോരാടുന നൂറുകണക്കിന് താലിബുകളെയും , പാക്കികളെയും ,
കനത്ത ആക്രമണം നടത്തി നാമാവിശേഷമാക്കി കളഞ്ഞതായി വിദേശ മാദ്ധ്യമങ്ങളിലേ ഏറ്റവും റിപ്പോര്ട്ട് വരുന്നു. ' എന്നുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം താഴെ കാണാം.
എന്നാല്, പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര് റൂം(AFWA) കണ്ടെത്തി. ഈ ചിത്രം പഞ്ച്ഷീറില് നടന്ന സംയുക്ത സൈനിക ദൗത്യത്തിന്റേതല്ല.
സമാനമായ പോസ്റ്റുകളുടെ ആര്ക്കൈവ് ചെയ്ത ലിങ്കുകള്
AFWA അന്വേഷണം
അഫ്ഗാനിസ്ഥാനിലെ താലിബാന് നീക്കങ്ങളാണ് ഇപ്പോള് രാജ്യാന്തരതലത്തിലെ പ്രധാനവാര്ത്ത. അതുകൊണ്ടുതന്നെ താലിബാനെ അനുകൂലിച്ചും പ്രതികൂലിച്ചും വരുന്ന ഏതൊരു നീക്കവും അന്താരാഷ്ട്ര പ്രാധാന്യമുള്ളതായിരിക്കും. ഇന്ത്യ ഉള്പ്പെടെയുള്ള മൂന്ന് രാജ്യങ്ങള് താലിബാനെതിരെ അണിനിരന്നതായി സോഷ്യല് മീഡിയ പ്രചാരണങ്ങളല്ലാതെ സ്ഥിരീകരിക്കുന്ന വാര്ത്തകളൊന്നും കണ്ടെത്താനായില്ല. താജിക്കിസ്ഥാനില് റഷ്യയുടെ സൈനീക താവളമുണ്ട്. റഷ്യയുടെ 201-ാം മോട്ടോര് റൈഫിള് ഡിവിഷനാണ് താജിക്കിസ്ഥാനിലുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക കരാര് 2042 വരെ തുടരുകയും ചെയ്യും.
താജിക്- അഫ്ഗാന് അതിര്ത്തിയില് സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന റിപ്പോര്ട്ടുകള് കണ്ടെത്താനായി. എന്നാല്, ഇന്ത്യയുമായി ചേര്ന്ന് റഷ്യ-താജിക് എയര്ഫോഴ്സുകള് പഞ്ച്ഷീറില് ഒരു ദൗത്യം നടത്തുന്നതായി റിപ്പോര്ട്ടുകളൊന്നുമില്ല.
പോസ്റ്റിനൊപ്പമുള്ള ചിത്രം റിവേഴ്സ് ഇമേജില് സെര്ച്ച് ചെയ്തപ്പോള് സമാനമായ നിരവധി ചിത്രങ്ങള് കണ്ടെത്താനായി. ഇതില് നിന്ന് ഈ ചിത്രം വര്ഷങ്ങള് പഴക്കമുള്ളതാണെന്നും ഇപ്പോള് പഞ്ച്ഷീറില് നടക്കുന്ന സംഭവങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും മനസിലാക്കാനായി. 2018 മുതല് ഇതേ ചിത്രം ഉള്പ്പെടുന്ന ലേഖനങ്ങളും യുട്യൂബ് വീഡിയോകളും ലഭ്യമാണ്.
Rumoaohepta7 എന്ന വേരിഫൈഡ് യുട്യൂബ് പേജില് ഈ ചിത്രം ഉള്പ്പെടുന്ന വീഡിയോ കണ്ടെത്താനായി. 'The Power of the Russian Air Force: Sukhoi Su-57, Su-35, Su-30, MiG-35, Kamov Ka-50' എന്ന തലക്കെട്ടോടെ നല്കിയിരിക്കുന്ന വീഡിയോയില് റഷ്യയുടെ വിവിധ എയര്ക്രാഫ്റ്റുകളെക്കുറിച്ചാണ് വിവരിച്ചിരിക്കുന്നത്. ഈ ചിത്രം വീഡിയോയില് ഉള്പ്പെട്ടിട്ടുള്ളതിനാല് ഇത് റഷ്യന് വിമാനമാണെന്ന് മനസിലാക്കാനായി.
Daily Hot News എന്ന വിയറ്റ്നാമീസ് മാധ്യമത്തിലും ഇതേ ചിത്രം ഉപയോഗിച്ചുള്ള ഒരു വാര്ത്ത കണ്ടെത്താനായി.
'The possibility of Russia winning in a war with the US-NATO?' എന്നുള്ള തലക്കെട്ടോടെ നല്കിയിരിക്കുന്ന ഈ വാര്ത്തയില് ചെറിയ വിവരണവും നല്കിയിട്ടുണ്ട്. 2019 ഡിസംബര് 26ന് നല്കിയ വാര്ത്തയില് റഷ്യ-നാറ്റോ യുദ്ധസാഹചര്യങ്ങള്, വിമാനങ്ങള് ഉള്പ്പെടെയുള്ള യുദ്ധ സജീകരണങ്ങള് എന്നിവയാണ് പ്രതിപാതിച്ചിട്ടുള്ളത്.
2021 ജൂലൈ 14ന് ന്യൂസ് ടിവി ഓട്ടോ എന്ന റഷ്യന് ചാനല് നല്കിയ വാര്ത്തയിലും ഇതേ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. സിറിയയിലെ റഷ്യന് ദൗത്യത്തെക്കുറിച്ചാണ് ഇത് പ്രതിപാതിക്കുന്നത്.
ലഭ്യമായ വിവരങ്ങളില് നിന്ന് ഫേസ്ബുക്കില് പ്രചരിക്കുന്ന ചിത്രം പഞ്ച്ഷീറില് നടത്തിയ സംയുക്ത സൈനീക പോരാട്ടത്തിന്റേതല്ലെന്നും 2018 മുതല് പ്രചാരത്തിലുള്ള ചിത്രമാണെന്നും വ്യക്തമാണ്. കൂടാതെ റഷ്യ-താജിക്-ഇന്ത്യ സംയുക്ത സൈനിക പ്രതിരോധവുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കുന്ന റിപ്പോര്ട്ടുകളും ലഭ്യമല്ല. അതിനാല് പ്രചാരണം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് വ്യക്തം.
പഞ്ച്ഷീറില് താലിബാനെതിരെ റഷ്യ-താജിക്-ഇന്ത്യന് വ്യോമസേനകള് നടത്തിയ ഓപ്പറേഷന്.
ഇത് റഷ്യന് വിമാനങ്ങളുടെ പഴയ ചിത്രമാണ്. റഷ്യ-താജിക്കിസ്ഥാന്- ഇന്ത്യ എന്നീ രാജ്യങ്ങള് സംയുക്തമായി ഒരു ഓപ്പറേഷന് പഞ്ച്ഷീറില് നടത്തിയതായി സ്ഥിരീകരണവുമില്ല.
|