വിവാദമായ കാർഷിക ബില്ലുകൾ പിൻവലിക്കാനുള്ള സർക്കാർ തീരുമാനത്തെ തുടർന്ന് ഒരുവർഷത്തോളം നീണ്ട സമരം അവസാനിച്ചിട്ടും, വിഷയത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്കും വിവാദങ്ങൾക്കും അറുതി വന്നിട്ടില്ല. പ്രക്ഷോഭത്തിൽ പങ്കെടുത്ത കർഷകരെ ഖാലിസ്ഥാൻ പ്രസ്ഥാനവുമായി ബന്ധപ്പെടുത്തികൊണ്ടുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ നിരന്തരം വന്നിരുന്നു. സമരം അവസാനിച്ചിട്ടും അത്തരം പോസ്റ്റുകൾ സജീവമാണ്.
കർഷകസമരത്തിന്റെ വേദിയിൽനിന്ന് എന്നപേരിൽ ഇന്ത്യൻ പതാക നിലത്തിട്ട് ചവിട്ടുന്ന ഒരു സിഖ് സംഘത്തിന്റെ വീഡിയോ ഇപ്പോൾ വൈറൽ ആണ്. "ഈ നന്മ നിറഞ്ഞ കർഷകരെ ആണല്ലോ സംഘികൾ തീവ്രവാദികൾ എന്ന് വിളിക്കുന്നത്", എന്ന കുറിപ്പിനൊപ്പം പ്രചരിക്കുന്ന വീഡിയോയുടെ പൂർണ്ണരൂപം താഴെകാണാം.
എന്നാൽ പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേ ആന്റി ഫേക്ന്യൂസ് വാർ റൂം (AFWA) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഈ വീഡിയോയിൽ ഉള്ളവർ പഞ്ചാബിൽ നിന്നുള്ള കർഷകർ അല്ല. ഇത് 2021 ജനുവരിയിൽ അമേരിക്കൻ സംസ്ഥാനനമായ കാലിഫോർണിയയിലെ സാക്രിമെന്റോ നഗരത്തിൽ നടന്ന ഖാലിസ്ഥാൻ-അനുകൂല റാലിയിൽ നിന്നുള്ളതാണ്.
AFWA അന്വേഷണം
വീഡിയോയുടെ കീഫ്രയിമുകൾ INVID ആപ്ലിക്കേഷൻ ഉപയോഗിച്ചു പരിശോധിച്ചപ്പോൾ സമാനമായ ചിത്രങ്ങൾ അടങ്ങിയിട്ടുള്ള വാർത്ത റിപ്പോർട്ടുകൾ കണ്ടെത്താനായി. ഇവ ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോൾ ഇന്ത്യൻ പൗരന്മാർ തന്നെ ദേശീയ പതാകയോട് അനാദരവ് കാണിച്ചു എന്ന് കരുതി ഒരുപാടുപേർ രംഗത്തുവന്നതോടെയാണ് മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തത്. ഇതിന് പിന്നിൽ കർഷകസമരത്തിൽ ഏർപ്പെട്ടിട്ടുള്ളവരാണെന്ന് എന്ന പ്രചാരണവും സജീവമായിരുന്നു.
എന്നാൽ ഈ വീഡിയോയുടെ ഉറവിടം അമേരിക്കയിലെ സാക്രിമെന്റോ നഗരമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രതിഷേധ പ്രകടനത്തിന്റെ ലൈവ് ടെലിക്കാസ്റ്റ് എന്ന് തോന്നിക്കുന്ന ഈ വീഡിയോയുടെ ഉറവിടം @amanvir_singh5 എന്ന ടിക്ടോക് അകൗണ്ട് ആണെന്ന് തുടർന്നുള്ള അന്വേഷണത്തിൽ മനസ്സിലായി. ഈ അകൗണ്ട് പരിശോധിച്ചപ്പോൾ ഇന്ത്യ-വിരുദ്ധമായ മറ്റനേകം വീഡിയോകളും അപ്ലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്താനായി. ഖാലിസ്ഥാൻ അനുകൂല ഹാഷ്ടാഗുകളും 1984ലെ സിഖ്-വിരുദ്ധ കലാപങ്ങളുടെ ഓർമ്മപ്പെടുത്തലുകളും അകൗണ്ടിൽ ധാരാളവുമായി കണ്ടെത്താൻ കഴിഞ്ഞു.
വിവാദമായ വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് സന്ദീപ് ചാറ്റർജി എന്നയാൾ ഒരു ലൊക്കേഷൻ പരാമർശിച്ചിട്ടുള്ളതായും കാണാൻ കഴിഞ്ഞു.
'7609 Wilbur Way, Sacramento, CA, USA 95828' എന്ന ലൊക്കേഷൻ ഗൂഗിൾ മാപ്പിൽ പരതിയപ്പോൾ വിവാദ വീഡിയോ ചിത്രീകരിച്ചിരിക്കുന്ന പരിസരവുമായി സാമ്യമുള്ള സ്ഥലമാണ് ഇതെന്ന് ബോധ്യമായി.
അതുകൊണ്ട് പഞ്ചാബിലെ കർഷകർ ദേശീയ പതാകായോടുള്ള അനാദരവ് കാണിച്ചു എന്നപേരിൽ പ്രചരിക്കുന്ന വീഡിയോ അമേരിക്കയിലെ ഖാലിസ്ഥാനി വാദികൾ നടത്തിയ പ്രതിഷേധത്തിന്റേത് ആണെന്ന് വ്യക്തമാണ്.
കാർഷിക സമരത്തിനിടയിൽ പ്രക്ഷോഭകാരികൾ ദേശീയ പതാകയുടെ മുകളിൽ കയറിനിന്ന് ഖാലിസ്ഥാനി മുദ്രാവാക്യങ്ങൾ വിളിച്ചു
വീഡിയോയിൽ കാണുന്ന സംഘം ഇന്ത്യൻ കർഷകരല്ല. ഇത് 2021 ജനുവരിയിൽ അമേരിക്കയിലെ സാക്രിമെന്റോ നഗരത്തിൽ നടന്ന ഖാലിസ്ഥാൻ-അനുകൂല റാലിയിൽ ദൃശ്യങ്ങളാണ്.