ലോകകേരളസഭയുടെ അമേരിക്കൻ മേഖലാസമ്മേളനത്തിൽ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും പോയത് കേരളത്തിൽ വലിയ വിവാദമായിരുന്നു. ജൂൺ പതിനൊന്നിന് മുഖ്യമന്ത്രി ന്യൂയോർക്കിലെ ടൈം സ്ക്വയറിൽ നടത്തിയ പൊതുസമ്മേളനത്തിൽ ധാരാളം മലയാളികൾ പങ്കെടുത്തു. സമ്മേളനത്തിനെത്തിയ മലയാളി ഉയർത്തിയ പ്ലക്കാർഡ് എന്ന് അവകാശപ്പെട്ട് ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. “വികസനത്തിൻ്റെ പേരിൽ പണം തട്ടുന്ന ആളുകൾ കേരളത്തിൽ നിന്നും ന്യൂയോർക്കിൽ എത്തിയിട്ടുണ്ട്, ശ്രദ്ധിക്കുക” എന്നാണ് കാർഡിൽ എഴുതിയിട്ടുള്ളത്.
പ്രചാരത്തിലുള്ള പ്ലക്കാർഡ് എഡിറ്റ് ചെയ്തതാണെന്ന് ഇന്ത്യാ ടുഡേ അന്വേഷണത്തിലൂടെ കണ്ടെത്തി.
അന്വേഷണം
മുഖ്യമന്ത്രിയുടെ ന്യൂയോർക്ക് സന്ദർശനവുമായി ബന്ധപ്പെട്ട ധാരാളം ഫോട്ടോകൾ ഫേയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നു. കീവേർഡുകളുപയോഗിച്ച് നടത്തിയ തിരച്ചിലിൽ ഫേയ്സ്ബുക്കിൽ നിന്നും പ്രചാരത്തിലുള്ള ഫോട്ടോയുടെ ഒറിജിനൽ പതിപ്പ് ഞങ്ങൾക്ക് ലഭിച്ചു. “NY Salute The Captain of Kerala മലയാളികളുടെ ജനനായകന് ന്യൂയോർക്കിലേക്കു സ്വാഗതം” എന്നാണ് യാഥാർത്ഥ ഫോട്ടോയിൽ എഴുതിയിട്ടുള്ളത്. ഈ ചിത്രം ഒട്ടേറെപ്പേരാണ് പങ്കുവെച്ചിട്ടുള്ളത്. ജൂൺ 12ന് ദീപു വാസുദേവ് ഷെയർ ചെയ്ത ചിത്രം ചുവടെ കാണാം.
ഒറിജിനൽ ഫോട്ടോയും എഡിറ്റ് ചെയ്ത ഫോട്ടോയും തമ്മിൽ ഒറ്റനോട്ടത്തിൽ തന്നെ വ്യത്യാസം പ്രകടമാണ്. എഡിറ്റ് ചെയ്ത ചിത്രത്തിൽ മുഖ്യമന്ത്രിയുടെ ഫോട്ടോയിലേക്ക് അക്ഷരങ്ങൾ കയറിനിൽക്കുന്നത് കാണാം. എന്നാൽ യഥാർത്ഥ ഫോട്ടോയിൽ അങ്ങനെയല്ല. യഥാർഥ ഫോട്ടോയും എഡിറ്റ് ചെയ്ത ഫോട്ടോയും തമ്മിലുള്ള താരതമ്യം ചുവടെ കാണാം.
പൊതുസമ്മേളനവേദിയിൽ സമാനമായ പ്ലക്കാർഡ് ഒട്ടേറെപ്പേർ ഉപയോഗിച്ചിരുന്നു.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ന്യൂയോർക്ക് ടൈം സ്ക്വയറിൽ ഉയർത്തിയതെന്ന പേരിൽ പ്രചരിക്കുന്ന പ്ലക്കാർഡ് എഡിറ്റ് ചെയ്തതാണെന്ന് വ്യക്തം.
അമേരിക്കൻ മലയാളികൾ ന്യൂയോർക്കിൽ ഉയർത്തിയ പ്ലക്കാർഡ്
ന്യൂയോർക്ക് ടൈം സ്ക്വയറിൽ ലോക കേരളസഭയുടെ ഭാഗമായി നടത്തിയ പൊതുസമ്മേളനത്തിൽ ഉയർത്തിയതെന്ന പേരിൽ പ്രചരിക്കുന്ന പ്ലക്കാർഡ് എഡിറ്റ് ചെയ്തതാണ്.