schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
തെക്കൻ ചൈനയിൽ മാർച്ച് 21, 2022ൽ നടന്ന വിമാനാപകടത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതു മുതൽ, ആ അപകടത്തിന് ശേഷമുള്ള ദൃശ്യങ്ങൾ എന്ന് അവകാശപ്പെടുന്ന നിരവധി വീഡിയോകൾ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.
ഒരു കുന്നിൻ ചെരിവിൽ നിന്നും പുക ഉയരുന്നതാണ് ദൃശ്യങ്ങളിൽ. ഇത് പങ്കുവെച്ച സോഷ്യൽ മീഡിയ ഉപയോക്താക്കൾ അവകാശപ്പെടുന്നത് വിമാനത്തിലുണ്ടായിരുന്ന 132 യാത്രക്കാരും മരിച്ച തെക്കൻ ചൈനയിലെ അപകടത്തിന്റെ വീഡിയോ ആണിത് എന്നാണ്.
Kerala Today News എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് 80 ഷെയറുകൾ ഞങ്ങൾ പരിശോധിക്കുമ്പോൾ ഉണ്ടായിരുന്നു.
Chalakudy Vision എന്ന ഐഡിയിൽ നിന്നും 68 പേർ ഈ വീഡിയോ ഷെയർ ചെയ്തതായും ഞങ്ങളുടെ പരിശോധനയിൽ കണ്ടെത്തി.
തെക്കൻ ചൈനയിലെ വിമാനാപകടത്തിന്റെ ഈ വീഡിയോ വ്യാപകമായി ഇംഗ്ലീഷിലും പ്രചരിക്കുന്നുണ്ട്. ‘ ‘Reported footage of China’s #MU5735 plane crash’’ എന്ന അവകാശവാദത്തോടെ മലഞ്ചെരിവിലൂടെ തീ ആളിപ്പടരുന്നതിന്റെ വീഡിയോ ട്വീറ്റ് ചെയ്ത ഹാൻഡിലുകളിൽ @TheInsiderPaper എന്ന ട്വിറ്റർ ഹാൻഡിൽ ഉൾപ്പെടുന്നു. പതിനായിരത്തിലധികം ഷെയറുകളും അയ്യായിരത്തോളം ലൈക്കുകളും ട്വീറ്റിനുണ്ട്.
Al Jazeera, News 18, Hindustan Times, NDTV, Republic തുടങ്ങിയ നിരവധി പ്രമുഖ ഇംഗ്ലീഷ് മാധ്യമ സ്ഥാപനങ്ങളും വീഡിയോയിൽ നിന്നുള്ള സ്റ്റില്ലുകൾ വാർത്തയിൽ ഉപയോഗിച്ചിട്ടുണ്ട്. തെക്കൻ ചൈനയിലെ അപകട സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ എന്നാണ് അവരുടെ വാർത്തകളും അവകാശപ്പെടുന്നത്.
132 പേരുമായി ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിംഗ് 737-800 വിമാനം ലാൻഡിംഗിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നതിനിടയിൽ തെക്കൻ ചൈനയിലെ ഗ്വാങ്സി മേഖലയിലെ പർവതങ്ങളിൽ തകർന്നുവീണു. യുനാൻ പ്രവിശ്യയുടെ തലസ്ഥാനമായ കുൻമിങ്ങിന്റെ തെക്കുപടിഞ്ഞാറൻ നഗരത്തിൽ നിന്ന് ഹോങ്കോങ്ങിന്റെ അതിർത്തിയിലുള്ള ഗ്വാങ്ഡോങ്ങിന്റെ തലസ്ഥാനമായ ഗ്വാങ്ഷൗവിലേക്ക് പോകുകയായിരുന്ന എംയു 5735 വിമാനമാണ് തകർന്നത്. അപകടകാരണം സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
തെക്കൻ ചൈനയിലെ വിമാനാപകടത്തിന്റെത് എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത പരിശോധിക്കാൻ, ന്യൂസ്ചെക്കർ @TheInsiderPaper പോസ്റ്റ് ചെയ്ത വീഡിയോ വിശകലനം ചെയ്തു. ഇത് ഒരുസാധാരണ കാട്ടുതീ പോലെയാണെന്നും വിമാനാപകടത്തിന്റെ സൂചനകളൊന്നും അതിൽ ഇല്ലായെന്നും ഞങ്ങൾ കണ്ടെത്തി. ഞങ്ങൾ വീഡിയോയിലെ കമന്റുകൾ കൂടുതൽ വിശകലനം ചെയ്തു.ഈ തീപിടിത്തത്തിന്റെ ദൃശ്യങ്ങൾക്ക്വിമാനാപകടവുമായി ബന്ധമില്ലെന്നും വീഡിയോ ചൈനയിലെ ഫുജിയാനിൽ നിന്നുള്ളതാണെന്നും അവകാശപ്പെടുന്ന ഒരു കമന്റ് ഞങ്ങൾ കണ്ടെത്തി. ഈ വീഡിയോ ഉപയോഗിക്കുന്ന മറ്റ് ചില പോസ്റ്റുകളിലെ കമന്റുകൾ ഞങ്ങൾ പരിശോധിച്ചു. അപ്പോൾ ചൈനീസ് ഭാഷയിലുള്ള ഒരു വീഡിയോയുടെ സ്ക്രീൻഷോട്ട് ഞങ്ങൾ കണ്ടെത്തി.
ന്യൂസ്ഷേക്കർ ഗൂഗിൾ ലെൻസ് ഉപയോഗിച്ച് വീഡിയോയിലെ ചൈനീസ് വാചകങ്ങൾ വിവർത്തനം ചെയ്തു. അത് പ്രകാരം വീഡിയോയിലെ വിവരണം ഇങ്ങനെയാണ്: “കിംവദന്തികൾ അവസാനിപ്പിക്കുക. ചൈന ഈസ്റ്റേൺ എയർലൈൻസ് യാത്രാവിമാനത്തിന് തീപിടിച്ചതിന്റെത് എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണ്. ഈ വീഡിയോ മാർച്ച് 20-ന് ഫുജിയാനിൽ ‘പൂർവികർക്കുള്ള ആരാധന ചടങ്ങ് ’ നടക്കുമ്പോൾ ഉണ്ടായ അഗ്നിബാധയുടേതാണ്. വുഷൂ, ഗുവാങ്സി പ്രദേശത്തുള്ളവരുടെ ഉച്ചാരണവുമായി വീഡിയോയിലെ സംഭാഷണങ്ങൾ പൊരുത്തപ്പെടുന്നില്ലെന്ന് നിരവധി നെറ്റിസൺസ് ചൂണ്ടിക്കാട്ടി. ഫുജിയാൻ പ്രവിശ്യയിലെ ലോംഗ്യാൻ സിറ്റിയിലെ ഷാങ്ഹാങ് കൗണ്ടിയിലെ ഗ്വൻഷുവാങ് ഷീ നാഷണാലിറ്റി ടൗൺഷിപ്പിലെ പീപ്പിൾസ് ഗവൺമെന്റ് ഓഫ് ഗവൺമെന്റ് അംഗം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്റർനെറ്റിൽ പ്രചരിക്കുന്ന വീഡിയോയിൽ തങ്ങളുടെ ശ്രദ്ധയിൽ വന്നിട്ടുണ്ട് എന്നും വിവരങ്ങൾ തെറ്റാണെന്നും ബന്ധപ്പെട്ട വകുപ്പുകൾക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നും അധികാരികൾ പറഞ്ഞു. മോഡേൺ എക്സ്പ്രസിന്റെ വെയ്ബോ വീഡിയോ.”
ഇത് ഒരു സൂചനയായി ഉപയോഗിച്ച്, ന്യൂസ്ചെക്കർ ഗൂഗിൾ ലെൻസ് ഉപയോഗിച്ച് വീഡിയോയിൽ കാണുന്ന ചൈനീസ് ടെക്സ്റ്റ് പകർത്തി ഓൺലൈനിൽ പ്രസക്തമായ വാർത്താ റിപ്പോർട്ടുകൾക്കായി തിരഞ്ഞു. പല ചൈനീസ് വെബ്സൈറ്റുകളിൽ നിന്നും വീഡിയോ ഫുജിയാനിൽ നിന്നുള്ളതാണെന്നും ഗുവാങ്സിയിൽ നിന്നുള്ളതല്ലെന്നും ചൂണ്ടിക്കാട്ടുന്ന ലേഖനങ്ങൾ ഞങ്ങൾ കണ്ടെത്തി.
മിക്കവാറും എല്ലാ ഈ വെബ്പേജുകളിലെയും വിവരങ്ങൾ സമാന സ്വഭാവമുള്ളതായിരുന്നു. കൂടുതൽ തിരച്ചിലിൽ ചൈനയിലെ ഒരു മാധ്യമ സ്ഥാപനമായ ദി മോഡേൺ എക്സ്പ്രസ് + പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ഞങ്ങൾ കണ്ടെത്തി. പ്രാദേശിക അധികാരികളുമായി സംസാരിച്ചതിന് ശേഷം മാർച്ച് 21 ന് റിപ്പോർട്ടർ വാങ് യിയാണ് റിപ്പോർട്ട് സമർപ്പിച്ചതെന്ന് മോഡേൺ എക്സ്പ്രസ് + പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു.
“മാർച്ച് 21 ന് വൈകുന്നേരം 6 മണിക്ക്, മോഡേൺ എക്സ്പ്രസിലെ ഒരു റിപ്പോർട്ടർ, ഫുജിയാൻ പ്രവിശ്യയിലെ ലോംഗ്യാൻ സിറ്റിയിലെ ഷാങ്ഹാംഗ് കൗണ്ടിയിലെ ഗ്വൻഷുവാങ് ഷീ നാഷണാലിറ്റി ടൗൺഷിപ്പിന്റെ പീപ്പിൾസ് ഗവൺമെന്റ് അധികാരികളെ ഈ വീഡിയോയുടെ ആധികാരികത പരിശോധിക്കാൻ വിളിച്ചു. ഇന്റർ നെറ്റിൽ പ്രചരിക്കുന്ന വീഡിയോ ശ്രദ്ധയിൽ വന്നിട്ടുണ്ടെന്ന് ജീവനക്കാരൻ റിപ്പോർട്ടറോട് പറഞ്ഞു. വീഡിയോ 20ന് ഒരു പ്രാദേശിക ഗ്രാമത്തിൽ നിന്നും എടുത്തതാണ്. പൂർവികർക്കുള്ള ആരാധനയ്ക്കിടയിലാണ് മല തീപിടിച്ചത്. അത് സംഭവിച്ചത് വിമാനം തകർന്ന് സ്ഥലത്തല്ല. ഇൻറർനെറ്റിലെ വിവരങ്ങൾ അസത്യമാണെന്നും ബന്ധപ്പെട്ട വകുപ്പുകളെ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ”ലേഖനം പറയുന്നു. വീഡിയോയിൽ ആളുകൾ ഉപയോഗിക്കുന്ന സംഭാഷണ ശൈലി ഗുവാങ്സിയിലെ വുഷൗവിൽ സംസാരിക്കുന്ന ഭാഷയുമായി പൊരുത്തപ്പെടുന്നില്ലെന്നും ലേഖനം ചൂണ്ടിക്കാട്ടി.
പ്രാദേശിക അധികാരികളുമായുള്ള റിപ്പോർട്ടറുടെ അഭിമുഖം കേൾക്കാൻ കഴിയുന്ന മോഡേൺ എക്സ്പ്രസ് + ന്റെ ഒരു വീഡിയോയും ന്യൂസ്ചെക്കർ കണ്ടെത്തി. വീഡിയോ InVid ടൂളിന്റെ സഹായത്തോടെ കീഫ്രെയിമുകളായി വിഭജിച്ചു. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സ്ഥിരീകരിക്കുന്ന Google ലെൻസ് ഉപയോഗിച്ച് വീഡിയോയിൽ സൂപ്പർഇമ്പോസ് ചെയ്തിരിക്കുന്ന അടിക്കുറിപ്പുകൾ വിശകലനം ചെയ്യുകയും ചെയ്തു. ഇതിൽ നിന്നെല്ലാം ചൈനീസ് വിമാനാപകടവുമായി വീഡിയോയ്ക്ക് ബന്ധമില്ലെന്ന് മനസിലായി.
എൻഡിടി, ഹിന്ദുസ്ഥാൻ ടൈംസ്, എന്നിവയുൾപ്പെടെ ഇന്ത്യയിലെ വാർത്താ വെബ്സൈറ്റുകൾ വൈറൽ വീഡിയോയുടെ സ്ക്രീൻ ഷോട്ടിന്റെ ക്രെഡിറ്റ് ചെനീസ് സ്റ്റേറ്റ് അഫിലിയേറ്റഡ് മീഡിയയായ ഷാങ്ഹായ് ഐക്ക് കൊടുത്തിരിക്കുന്നകാര്യം ന്യൂസ്ചെക്കറിന്റെ ശ്രദ്ധയിൽ വന്നു. എന്നാൽ ഷാങ്ഹായ് ഐയുടെ ട്വിറ്റർ പേജ് പരിശോധിച്ചപ്പോൾ, അത്തരത്തിലുള്ള ഒരു വീഡിയോയും കണ്ടെത്തിയില്ല. അതിൽ നിന്നും അവർ ആ വീഡിയോ നീക്കം ചെയ്തതായി ബോധ്യപ്പെട്ടു.
ഈ ലേഖനം ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീം മൂൻപ് പരിശോധിച്ചിട്ടുണ്ട്.
മാർച്ച് 20 ന് പൂർവ്വികരെ ആരാധിക്കുന്ന ചടങ്ങിന് ശേഷം ചൈനയിലെ ഫുജിയാനിൽ ഉണ്ടായ കാട്ടുതീയുടെ വീഡിയോ, തെക്കൻ ചൈനയിൽ അടുത്തിടെയുണ്ടായ വിമാനാപകടത്തിന് ശേഷമുള്ള ദൃശ്യങ്ങൾ എന്ന പേരിൽ തെറ്റായി പങ്കിടുന്നതായി ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
വായിക്കാം: ഹിജാബ് വിവാദം:മുംബൈ ഹൈക്കോടതി വിധി പഴയതാണ്
Our Sources
Report Published By The Modern Express + On 21.03.2022
YouTube Shorts Uploaded By The Modern Express +
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
March 2, 2022
Sabloo Thomas
March 3, 2022
Sabloo Thomas
March 14, 2022
|