ജന്മനാ ഉണ്ടാകുന്ന ചില വൈകല്യങ്ങളെ ദൈവീകമായി കണ്ട് ആരാധിക്കുന്ന ആളുകൾ ഒട്ടേറെയാണ്. ആനയുടെ പോലുള്ള കാലുകളും, തുമ്പിക്കൈയ്യുമുള്ള ഒരു കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നോർവേയിലാണ് സംഭവമെന്നും കുട്ടിയേക്കാണാൻ ഗണപതി ഭക്തരുടെ തിരക്കാണെന്നുമാണ് പോസ്റ്റിനൊപ്പമുള്ള ലിങ്കിലുള്ള വാർത്തയിൽ പറയുന്നത്.
എന്നാൽ പ്രചാരത്തിലുള്ള ചിത്രം ഒരു സിലിക്കൺ നിർമ്മിത കലാസൃഷ്ടിയാണെന്ന് ഇന്ത്യാ ടുഡേ ആൻ്റി ഫേക്ക് ന്യൂസ് വാർ റൂം (AFWA) കണ്ടെത്തി.
AFWA അന്വേഷണം
പ്രചാരത്തിലുള്ള ചിത്രം റിവേഴ്സ് ഇമേജ് സെർച്ചിൻ്റെ സഹായത്തോടെ പരിശോധിച്ചതിൽ നിന്നും Hi Fructose ഓൺലൈൻ ആർട്ട് മാഗസിനിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു റിപ്പോർട്ട് ലഭിച്ചു. റിപ്പോർട്ട് പ്രകാരം തായ്വാനിലെ National Chiang Kai-shek Memorial ഹാളിൽ 2019ൽ നടന്ന എക്സിബിഷനിൽ ഓസ്ട്രേലിയൻ ആർട്ടിസ്റ്റായ പട്രീഷ്യ പിചിനിനി Patricia Piccinini നിർമ്മിച്ച ശില്പവും പ്രദർശനത്തിനുണ്ടായിരുന്നു.
പട്രീഷ്യ നിർമ്മിച്ച ശില്പത്തിൻ്റെ ചിത്രമാണ് ഗണപതിയുടെ രൂപമുള്ള കുഞ്ഞെന്ന രീതിയിൽ പ്രചരിക്കുന്നത്. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പട്രീഷ്യ ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ശില്പം നിർമ്മിക്കാൻ നിർമ്മിക്കാൻ സിലിക്കൺ, ഫൈബർഗ്ലാസ്, തലമുടി തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ചതായി പറയുന്നുണ്ട്. Newborn, 2010 എന്ന് പേരിട്ടിട്ടുള്ള ചിത്രം 2019 നവംബർ 19നാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓസ്ട്രേലിയൻ ആർട്ടിസ്റ്റ് പട്രീഷ്യ പിചിനിനി നിർമ്മിച്ച സിലിക്കൺ ശില്പമാണിതെന്നും നോർവേയിൽ ജനിച്ച ഗണപതിയുടെ രൂപമുള്ള കുഞ്ഞല്ലെന്നും വ്യക്തം.
നോർവേയിൽ ജനിച്ച ഗണപതിയുടെ രൂപമുള്ള കുഞ്ഞ്
നോർവേയിൽ ജനിച്ച ഗണപതിയുടെ രൂപമുള്ള കുഞ്ഞെന്ന പേരിൽ പ്രചരിക്കുന്നത് ഓസ്ട്രേലിയൻ ആർട്ടിസ്റ്റ് പട്രീഷ്യ പിചിനിനി നിർമ്മിച്ച സിലിക്കൺ ശില്പമാണ്.