schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
തിരുവനന്തപുരത്ത് നിന്നും മൂകാംബികയിലേക്ക് പോയ കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് സർവ്വീസ് വഴി തെറ്റി ഗോവയിൽ എത്തി എന്നൊരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്.
“തിരുവനന്തപുരത്ത് നിന്നും ഞായറാഴ്ച പോയ കൊല്ലൂർ സ്വിഫ്റ്റ് സർവ്വീസിലെ യാത്രക്കാരാണ് നേരം പുലർന്നപ്പോൾ ഗോവ ബീച്ചിലെത്തി വെയിൽകായാൻ കിടക്കുന്ന അർദ്ധനഗ്നരായ വിദേശികളെ കണ്ടത്. തിങ്കളാഴ്ച്ച രാവിലെ മൂകാംബികയിലെത്തി ദർശനം നടത്തേണ്ടിയിരുന്ന യാത്രക്കാർ ഗോവയിലെ ബീച്ചും വരിവരിയായി കിടക്കുന്ന വിദേശികളെയും കണ്ട് അമ്പരന്നു ഞായറാഴ്ച്ച വൈകിട്ടാണ് തിരുവനന്തപുരത്ത് നിന്നും കെ സ്വിഫ്റ്റ് ബസ് കൊല്ലൂർ മൂകാംബികയിലേക്ക് പുറപ്പെട്ടത്. എറണാകുളത്ത് എത്തിയപ്പോൾ മറ്റൊരു ഡ്രൈവർ കയറി. ഈ ഡ്രൈവർക്കാണ് വഴിതെറ്റിയത്. മംഗലാപുരത്തിനും മൂകാംബികക്കും ഇടയിലുള്ള കുന്ദാപുരയിൽ നിന്നും വലത്തോട്ട് തിരിഞ്ഞാണ് മൂകാംബികക്ക് പോകേണ്ടിയിരുന്നത്. എന്നാൽ, ഈ റോഡിലേക്ക് തിരിയാതെ നേരേ ഉള്ള റോഡിലൂടെ പോയി ഉറക്കത്തിലായിരുന്ന യാത്രക്കാരും കണ്ടക്ടറും ബസ് വഴിതെറ്റിയ വിവരം അറിഞ്ഞതുമില്ല. ഒടുവിൽ നേരം വെളുത്തപ്പോൾ കടൽത്തീരത്ത് ചെന്ന് ബസ് നിന്നപ്പോഴാണ് തങ്ങൾക്ക് വഴിതെറ്റിയിരിക്കുന്നു എന്ന് എല്ലാവർക്കും മനസിലായത്,” എന്നാണ് പോസ്റ്റ് പറയുന്നത്.
നഷ്ടത്തിൽ ഓടുന്ന ഒരു പൊതു മേഖല സ്ഥാപനമാണ് കെഎസ്ആർടിസി. ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങുന്ന അവസ്ഥയിലാണ് സ്ഥാപനം.
ഈ പശ്ചാത്തലത്തിലാണ് ഏപ്രിൽ 11 ന് ലാഭം ഉണ്ടാക്കാനുള്ള ഒരു മാർഗമായി സ്വിഫ്റ്റ് സർവ്വീസ് ആരംഭിക്കുന്നത്.”ഒരു മാസത്തില് നടത്തിയ 549 സര്വ്വീസില് നിന്നായി മൂന്ന് കോടിയാണ് സ്വിഫ്റ്റിന്റെ വരുമാനമെന്നാണ് അവസാനത്തെ റിപ്പോർട്ട്“. ഈ അവസരത്തിലാണ് ഇത്തരം ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നത്.ഞങ്ങൾ കാണുമ്പോൾ, Mudra news എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 154 ഷെയറുകൾ ഉണ്ടായിരുന്നു.
Mahendra Kumar P S എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 35 ഷെയറുകൾ ഉണ്ടായിരുന്നു.
Manoj Ponkunnam എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 20 ഷെയറുകൾ ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ ഉണ്ടായിരുന്നു.
പ്രചരണത്തിന്റെ നിജസ്ഥിതി അറിയാൻ കെ എസ്ആർടിസിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകരന്റെ ഓഫീസുമായി ബന്ധപ്പെട്ടു.
”പ്രചരിപ്പിക്കപ്പെടുന്നത് പോലെ നിലവിൽ തിരുവനന്തപുരത്ത് നിന്നും മൂകാംബികയിലെക്ക് കെഎസ്ആർടിസി – സ്വിഫ്റ്റ് സർവ്വീസ് നടത്തുന്നില്ല,” സിഎംഡിയുടെ ഓഫീസ് പറഞ്ഞു.
നിലവിൽ കെഎസ്ആർടിസി – സ്വിഫ്റ്റിന്റെ എയർ ഡീലക്സ് ബസുകൾ എറണാകുളത്ത് നിന്നും, കൊട്ടാരക്കരയിൽ നിന്നുമാണ് കൊല്ലൂരിലേക്ക് സർവ്വീസ് നടത്തുന്നത്. വാർത്തകൾ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിൽ സിഎംഡി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു”, സിഎംഡിയുടെ ഓഫീസ് അറിയിച്ചു .
” ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഓഫീസർ നടത്തിയ അന്വേഷണത്തിൽ മേയ് 8 ന് കൊട്ടരക്കരക്കയിൽ നിന്നുള്ള സർവ്വീസിലേയും, എറണാകുളത്ത് നിന്നുള്ള സർവ്വീസിലേയും യാത്രക്കാരെ ഫോണിൽ വിളിച്ച് വിവരങ്ങൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ ബസ് റൂട്ട് മാറി സർവ്വീസ് നടത്തിയില്ലെന്നും, യാത്ര സുഖകരമാണെന്നുമാണ് അറിയിച്ചത്. കൂടാതെ ആ സർവ്വീസുകളിൽ ട്രെയിനിംഗ് നൽകുന്നതിന് ചുമതലയുണ്ടായിരുന്ന ഇൻസ്പെക്ടർമാർ നൽകിയ റിപ്പോർട്ടും ബസ് വഴി മാറി സഞ്ചരിച്ചില്ലെന്നുമാണ്. കൂടാതെ ബസുകളുടെ 7,8,9,10 തീയതികളിലെ ലോഗ് ഷീപ്പ് പരിശോധിച്ചപ്പോഴും സ്ഥിരം ഓടുന്ന ദൂരം മാത്രമേ ബസുകൾ സർവ്വീസ് നടത്തിയിട്ടുള്ളൂവെന്നും കണ്ടെത്തി. കൂടാതെ ബസ് ദിശമാറി സഞ്ചരിച്ചുവെന്ന യാത്രക്കാരുടെ പരാതിയും വിജിലൻസ് വിഭാഗത്തിന് ലഭിച്ചതുമില്ല.
തുടർന്നാണ് ലഭ്യമായ രേഖകളുടേയും മൊഴികളുടേയും അടിസ്ഥാനത്തിൽ പത്ര നവമാധ്യമങ്ങളിൽ വന്നത് പോലെ കെഎസ്ആർടിസി – സ്വിഫ്റ്റ് ബസ് ദിശമാറി ഗോവയിലേക്ക് സർവ്വീസ് നടത്തിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയത്.
കെഎസ്ആർടിസി, കെഎസ്ആർടിസി – സ്വിഫ്റ്റ് ബസുകൾ അന്തർ സംസ്ഥാന കരാറിന്റെ അടിസ്ഥാനത്തിലേക്കാണ് കർണ്ണാടകത്തിലേക്ക് സർവ്വീസ് നടത്തുന്നത്. അത്തരം ഒരു കരാർ ഗോവയുമായി കെഎസ്ആർടിസി ഏർപ്പെട്ടിട്ടുമില്ല. ഗോവയിലേക്ക് സർവ്വീസ് നടത്തണമെങ്കിൽ പ്രത്യേക പെർമിറ്റ് എടുക്കണം. അഥവാ വഴിതെറ്റി ഗോവയിലേക്ക് പോയാൽ പോലും പെർമിറ്റ് ഇല്ലാതെ ഗോവയിലേക്ക് കടത്തി വിടില്ല,” സിഎംഡിയുടെ ഓഫീസ് അറിയിച്ചു.
മാതൃഭൂമി തുടങ്ങി മാധ്യമങ്ങളും, ”മൂകാംബികക്ക് പോയ കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് സർവ്വീസ് ഗോവയിൽ എത്തി,” എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ് എന്ന്, വാർത്ത നൽകിയിട്ടുണ്ട്.
വായിക്കാം:കോഴിക്കോട് റെയില്വെ സ്റ്റേഷനില് നിന്ന് 650 kg കോഴിയിറച്ചി പിടിച്ചെടുത്ത വാർത്ത പഴയതാണ്
” മൂകാംബികക്ക് പോയ കെ സ്വിഫ്റ്റ് ബസ് ഗോവയിൽ എത്തി,” എന്ന പേരിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
Sources
Telephone Conversation with KSRTC CMD Biju Prabhakar’s office
Newsreport in Mathrubhumi
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|