തുര്ക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തേത്തുടര്ന്ന് പ്രകൃതിദരന്തങ്ങള്ക്ക് മുന്നോടിയായുള്ള പക്ഷി മൃഗാദികളുടെ പ്രതികരണം എന്ന നിലയില് ധാരാളം വീഡിയോകളാണ് സമൂഹമാധ്യമങ്ങളില് പ്രചരിച്ചത്. ജപ്പാനില് കാക്കക്കൂട്ടം ഒരു തെരുവില് നിറഞ്ഞെന്നും വരാനുള്ള ദുരന്തത്തിന്റെ മുന്നോടിയാണ് ഇതെന്നുമാണ് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്.
എന്നാല് പ്രചാരത്തിലുള്ള പോസ്റ്റുകള് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാര് റൂം (AFWA) കണ്ടെത്തി. വീഡിയോ മെക്സിക്കോയില് നിന്നെടുത്തിട്ടുള്ളതാണ്.
AFWA അന്വേഷണം
ജപ്പാനില് നിന്നുള്ള വീഡിയോ എന്നാണ് ട്വീറ്റുകളിലും പോസ്റ്റുകളിലും ഉള്ളത്. ചില മാധ്യമങ്ങളും വാര്ത്ത കൊടുത്തിട്ടുണ്ട്. വീഡിയോയുടെ കീഫ്രേയ്മ്സ് ഉപയോഗിച്ചു നടത്തിയ തിരച്ചിലില് പ്രചാരത്തിലുള്ള വീഡിയോ മെക്സിക്കോയില് നിന്നുള്ളതാണെന്ന് മനസ്സിലാക്കാന് സാധിച്ചു. ഇതേക്കുറിച്ചുള്ള വാര്ത്ത netnoticias.mx എന്ന മാധ്യമത്തില് പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. 2023 ജനുവരി 26ന് ആണ് വാര്ത്ത വന്നിരിക്കുന്നത്.
മെക്സിക്കന് സ്ട്രീറ്റിലെ കാക്കകളെക്കുറിച്ച് എംഎസ്എന്നില് ഒരു വീഡിയോ വന്നിട്ടുണ്ട്. പ്രചാരത്തിലുള്ളതില് നിന്ന് വ്യത്യാസപ്പെട്ട വീഡിയോ ആണെങ്കിലും ഒരു സ്ഥലത്ത് നിന്ന് തന്നെയുള്ള വീഡിയോ ആണെന്ന് സൂക്ഷ്മ പരിശോധനയില് നിന്നും വ്യക്തമായി. 2023 ജനുവരി മൂന്നിന് പബ്ളിഷ് ചെയ്തിട്ടുള്ള വീഡിയോയില് കാണുന്ന കാറില് Guanajuato CPJ-143-E എന്ന് നമ്പര് പ്ലേറ്റില് രേഖപ്പെടുത്തിയിട്ടുണ്ട്. Guanajuato മെക്സിക്കോയിലെ വളരെ പ്രശസ്തമായ സ്ഥലമാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള പ്രദേശമാണിത്.
മുമ്പും സമാനമായ സംഭവം മെക്സിക്കോയില് നടന്നിട്ടുണ്ട്. 2022 ഫെബ്രുവരി 14ന് ആയിരുന്നു സംഭവം.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില് പ്രചാരത്തിലുള്ള വീഡിയോ ജപ്പാനില് നിന്നുള്ളതല്ലെന്നും മെക്സിക്കോയില് നിന്നും പകർത്തിയതാണെന്നും വ്യക്തം.
ജപ്പാനിലെ ക്യോട്ടോ, ഹോൻഷു പ്രവശ്യയിലെത്തിയ കാക്കക്കൂട്ടം
തെരുവ് കീഴടക്കിയ കാക്കക്കൂട്ടത്തിൻ്റെ വീഡിയോ ജപ്പാനിൽ നിന്നുള്ളതല്ല. മെക്സിക്കോയിൽ നിന്ന് പകർത്തിയതാണ്.