രാജസ്ഥാനിലെ ഉദയ്പൂരിൽ പ്രവാചകനിന്ദ വിഷയത്തിൽ നൂപുർ ശർമയെ അനുകൂലിച്ച് സമൂഹ മാധ്യമങ്ങൾ പ്രതികരിച്ച തയ്യൽക്കാരനെ രണ്ട് വർഗീയവാദികൾ ചേർന്ന് കൊലപ്പെടുത്തിയത് രാജ്യത്തെ നടുക്കിയിരുന്നു. അറസ്റ്റിലായ പ്രതികളുടെ പാകിസ്ഥാൻ ബന്ധമടക്കം അന്വേഷണം തുടരവേ വിഷയം സമൂഹമാധ്യമങ്ങളിലും വൈറലാണ്.
ഇതിനിടയിൽ, ചില ബിജെപി-അനുകൂല പ്രൊഫൈലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ പ്രതികരിക്കാൻപോലും തയ്യാറായിട്ടില്ല എന്ന വാദവുമായി രംഗത്തെത്തിയിട്ടുണ്ട്. "രാജ്യദ്രോഹി സർക്കാർ" എന്ന തലക്കെട്ടോടുകൂടിയ പോസ്റ്റ് "ട്രെയിനിലെ സീറ്റ് തർക്കത്തിൽ കൊല്ലപ്പെട്ട ജിഹാദിക്ക് പത്ത് ലക്ഷവുമായി ചെന്ന പിണറായി വിജയന്, രാജസ്ഥാനിലെ കൊലപാതകത്തിൽ ഒന്നും പറയാനില്ലേ?," എന്ന കുറുപ്പിനൊപ്പമാണ് പലരും പ്രചരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ഒന്ന് ചുവടെ കാണാം.
ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാർ റൂം (AFWA) നടത്തിയ അന്വേഷണത്തിൽ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. ജൂൺ 28ന് ട്വിറ്ററിലും ജൂൺ 29ന് ഫേസ്ബുക്കിലും പിണറായി വിജയൻ കടുത്തഭാഷയിൽ ഉദയ്പ്പുർ കൊലപാതകത്തെ അപലപിച്ചിരുന്നു.
AFWA അന്വേഷണം
പോസ്റ്റിനൊപ്പം പ്രചരിക്കുന്ന ചിത്രത്തിൽ പിണറായി വിജയന് ഒപ്പമുള്ള കുടുംബം ആരാണെന്നാണ് ആദ്യം അന്വേഷിച്ചത്. പരിശോധിച്ചപ്പോൾ ഇത് ജുനൈദിന്റെ കുടുംബം തന്നെയാണെന്ന് കണ്ടെത്താനായി. 2017 ആഗസ്റ്റ് 6ന് 'ദ് ന്യൂസ് മിനിറ്റ്' നൽകിയ ഒരു റിപ്പോർട്ടിൽ സമാനമായ ചിത്രം ഉപയോഗിച്ചിരിക്കുന്നത് കണ്ടെത്താനായി.
ഹരിയാനയിൽ ട്രെയിനിൽ സഞ്ചരിക്കവേ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട പതിനാറുകാരനാണ് ജുനൈദ് ഖാൻ. കേരള ഹൗസിൽ വച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജുനൈദിന്റെ മാതാപിതാക്കളെയും സഹോദരന്മാരെയും കണ്ടതും 10 ലക്ഷം രൂപ ധനസഹായമായി കൈമാറിയതെന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്.
പിണറായി വിജയൻ ഉദയ്പുർ വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ടോ എന്നാണ് അടുത്തതായി പരിശോധിച്ചത്. ലളിതമായ ഒരു ഗൂഗിൾ സെർച്ചിൽ പോസ്റ്റിലെ വാദം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്താനായി. കനയ്യ ലാലിന്റെ കൊലപാതകം നടന്ന ദിവസംതന്നെ ട്വിറ്ററിലൂടെ പിണറായി വിജയൻ വിഷയത്തെ അപലപിച്ചിരുന്നു. ഇത്തരം കൊലപാതകങ്ങൾ സമാധാനപരമായ ജീവിതാന്തരീക്ഷം ഇല്ലാതാക്കുമെന്നും ഇതിനുപിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കടുത്ത നടപടി എടുക്കണമെന്നും പിണറായി വിജയൻ ഇംഗ്ലീഷ് ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പൂർണ്ണരൂപം താഴെ കാണാം.
Strongly condemn the barbaric murder in #Udaipur. Request the authorities to take stern action against those responsible. Such heinous acts would only serve to upset our harmonious living. Appeal to everyone to maintain peace and calm and let the law take its course.— Pinarayi Vijayan (@pinarayivijayan) June 28, 2022Advertisement
തൊട്ടടുത്ത ദിവസമായ ജൂൺ 29ന് തന്റെ ഫേസ്ബുക്ക് പേജിലൂടെ വിശദമായ കുറിപ്പ് പിണറായി വിജയൻ മലയാളത്തിലും പുറത്തുവിട്ടിരുന്നു. ഉദയ്പൂരിൽ അരങ്ങേറിയത് മനസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യമാണെന്നും വർഗീയതീവ്രവാദമാണ് നാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും കുറിപ്പിൽ മുഖ്യമന്ത്രി പറയുന്നുണ്ട്. മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന മത-സാമുദായിക സംഘടനകൾ ഈ സംഭവത്തെ അപലപിച്ചുകൊണ്ട് സ്വരം ഉയർത്തണമെന്നും ആവശ്യപ്പെടുന്ന ഈ പോസ്റ്റിന്റെ പൂർണരൂപം താഴെ കാണാം.
ഇതിൽനിന്ന് ഉദയ്പൂർ കൊലപാതകത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ മൗനത്തിലാണ് എന്ന വാദം അടിസ്ഥാനരഹിതമാണെന്ന് ഉറപ്പിക്കാനായി.
രാജസ്ഥാനിലെ ഉദയ്പൂരിൽ പ്രവാചകനിന്ദ വിഷയവുമായി ബന്ധപ്പെട്ട ഹിന്ദുമതസ്ഥനായ തയ്യൽക്കാരന്റെ കൊലപാതകത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ വാക്കുകൊണ്ട് പോലും പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
വിഷയത്തിൽ സമൂഹ മാധ്യമങ്ങൾ വഴി കേരള മുഖ്യമന്ത്രി പ്രതികരിച്ചിട്ടുണ്ട്. ട്വിറ്ററിൽ ഇംഗ്ലീഷിലും ഫേസ്ബുക്കിൽ മലയാളത്തിലുമാണ് കൊലയാളികൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പ്രതികരിച്ചത്.