മക്കള് അപകടത്തിലാവുകയോ നഷ്ടപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളില് എല്ലാ ജീവജാലങ്ങളും വളരെ ദുസഹമായ അവസ്ഥയിലൂടെയാകും കടന്നുപോകുന്നത്. ഇത്തരത്തിലൊരു ചിത്രമിപ്പോള് സമൂഹമാധ്യമങ്ങളില് പ്രചാരത്തിലുണ്ട്. ചുള്ളിക്കമ്പുകള് കൊണ്ട് കുട്ടിയാനയുടെ രൂപമുണ്ടാക്കിയ ഒരു ആനയുടെ ചിത്രമാണിത്.
'നഷ്ടപ്പെട്ട കുഞ്ഞിന് പകരം കമ്പുകള്കൊണ്ട് കുട്ടിയാനയുടെ രൂപമുണ്ടാക്കി അമ്മയാന; അവിശ്വസനീയം ഈ കാഴ്ച.
ആനകളുടെ ബുദ്ധിശക്തി മനുഷ്യന് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. അത് മാത്രമല്ല ഒരുപക്ഷേ മനുഷ്യരെപ്പോലെയോ അല്ലെങ്കില് അതിന് ഒരുപടി മുകളിലോ തനിക്ക് പ്രിയപ്പെട്ടവരോട് അവ സ്നേഹം കാത്തുസൂക്ഷിക്കുകയും ചെയ്യാറുണ്ട്. കുഞ്ഞുങ്ങള് ജനിക്കുന്ന സമയത്തും അവയ്ക്ക് അപകടം പറ്റുകയോ ജീവന് നഷ്ടപ്പെടുകയോ ചെയ്യുന്ന സമയത്തും അവ വിചിത്രമായ രീതിയില് പെരുമാറുന്ന സംഭവങ്ങള് ഇതിനുദാഹരണമാണ് ' എന്നു തുടങ്ങുന്ന ദീര്ഘമായ പോസ്റ്റിന്റെ പൂര്ണ്ണരൂപം താഴെ കാണാം.
എന്നാല്, പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര് റൂം(AFWA) കണ്ടെത്തി. ഇത് എഡിറ്റ് ചെയ്ത ചിത്രമാണ്.
AFWA അന്വേഷണം
പ്രചാരത്തിലുള്ള ചിത്രം റിവേഴ്സ് ഇമേജില് സെര്ച്ച് ചെയ്തപ്പോള് മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള് ഉള്പ്പെടെ ഈ ചിത്രം പ്രസിദ്ധീകരിച്ചതായി കണ്ടെത്താനായി.
മനോരമ ഓണ്ലൈന്, മനോരമ ന്യൂസ്, മംഗളം എന്നീ മാധ്യമങ്ങളാണ് കൊമ്പുകള് കൊണ്ട് കുട്ടിയാനയുടെ രൂപമുണ്ടാക്കിയ ആഫ്രിക്കയിലെ ആനയെപ്പറ്റി വാര്ത്ത നല്കിയത്. മനോരമ പിന്നീട് ഈ വാര്ത്ത പിന്വലിച്ചതായും കണ്ടെത്താനായി.
ചിത്രത്തെപ്പറ്റി വിശദമായി അന്വേഷിച്ചപ്പോള് നിരവധി യാത്രാ വെബ്സൈറ്റുകളില് സമാനമായ ചിത്രം കണ്ടെത്തനായി. എന്നാല് ഇവയിലൊന്നും തന്നെ കമ്പുകള് കൊണ്ട് ഉണ്ടാക്കിയ ആനയുടെ രൂപമില്ല, വലിയ ആന മാത്രമാണുള്ളത്. ട്രിപ്പ് അഡ്വൗസര് എന്ന പേജില് 2018ല് ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. സൗത്ത് ആഫ്രിക്കയിലെ ക്രുഗര് നാഷണല് പാര്ക്കില് (Kruger National Park) നിന്ന് പകര്ത്തിയതാണ് ഈ ചിത്രമെന്നാണ് ഇതിലെ വിവരണം. ട്രിപ്പ് അഡ്വൗസര് പേജില് പങ്കുവച്ച ചിത്രത്തിന്റെ സ്ക്രീന് ഷോട്ട് താഴെ കാണാം.
ആഫ്രിക്കന് ബഡ്ജറ്റ് സഫാരീസ്, mzansi travel, എന്നീ പേജുകളിലും സമാനമായ ചിത്രം പങ്കുവച്ചിട്ടുണ്ട്. ഇവയിലും 'കുട്ടിയാന' യുടെ രൂപമില്ല. ഇവയില് നിന്നെല്ലാം പ്രചാരത്തിലുള്ള ചിത്രം എഡിറ്റ് ചെയ്ത് നിര്മിച്ചതാണെന്ന് ഉറപ്പിക്കാനായി. ട്രാവല് പേജുകളിലെ ചിത്രവും പ്രചരിക്കുന്ന ചിത്രവും തമ്മിലുള്ള താരതമ്യം താഴെ കാണാം.
പിന്നീട് എഡിറ്റഡ് ചിത്രത്തെക്കുറിച്ചാണ് ഞങ്ങള് അന്വേഷിച്ചത്. Kruger Sightings എന്ന വേരിഫൈഡ് ട്വിറ്റര് ഹാന്ഡില് ഈ ചിത്രം പങ്കുവിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രില് ഒന്നിനാണ് ഈ പേജില് ചിത്രം നല്കിയിട്ടുള്ളത്. ലേറ്റസ്റ്റ് സൈറ്റിംഗ്.കോം എന്ന വെബ്സൈറ്റില് നല്കിയിട്ടുള്ള വാര്ത്തയുടെ ലിങ്കും ഇതില് നല്കിയിട്ടുണ്ട്. ഈ വെബ്സൈറ്റ് പരിശോധിച്ചപ്പോള് മലയാള മാധ്യങ്ങളില് വന്ന വാര്ത്തയ്ക്ക് സമാനമായ വിവരങ്ങളാണ് ഇവിടെയും നല്കിയിട്ടുള്ളതെന്ന് മനസിലാക്കാനായി. ജാക്വേ നോട്റിയല് (Jacque Notareal) എന്ന ഫോട്ടോഗ്രാഫറാണ് ചിത്രം പകര്ത്തിയിരിക്കുന്നതെന്നാണ് ഈ ലേഖനത്തില് പറയുന്നത്. എന്നാല് ഈ ഫോട്ടോഗ്രാഫറെപ്പറ്റി ഞങ്ങള് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ഇതേ വാര്ത്തയുടെ ട്രാന്സിലേഷന് ആവാം മലയാള മാധ്യമങ്ങളും പങ്കുവച്ചത്. ട്വിറ്ററിനു പുറമെ ഫേസ്ബുക്ക്, ഇന്സ്റ്റഗ്രാം പേജുകളിലും ക്രുഗര് സൈറ്റിംഗ്സ് ഈ ചിത്രം നല്കിയിട്ടുണ്ട്. പലരും ഇത് ഏപ്രില് ഫൂള് ചിത്രമാണെന്ന് കമെന്റ് നല്കിയിട്ടുണ്ടെങ്കിലും ഇവയ്ക്കൊന്നും മറുപടി ലഭിച്ചിട്ടില്ല. ഞങ്ങള് ഇതിന്റെ സത്യാവസ്ഥയെപ്പറ്റി അറിയുന്നതിന് ക്രുഗര് സൈറ്റിംഗ്സിന് ഇ-മെയില് സന്ദേശം അയച്ചിട്ടുണ്ട്.
(ഏപ്രില് 16ന് പ്രസിദ്ധീകരിച്ച ഈ വാര്ത്ത ക്രുഗര് സൈറ്റിംഗ്സിന്റെ കമെന്റ് ഉള്പ്പെടുത്തി ഏപ്രില് 19ന് അപ്ഡേറ്റ് ചെയ്യുന്നു.)
ക്രുഗര് സൈറ്റിംഗ്സ് ഞങ്ങളുടെ ചോദ്യത്തിന് ട്വിറ്ററില് മറുപടി നല്കി. ഇതൊരു ഏപ്രില്ഫൂള് ചിത്രമാണെന്ന് അവര് വ്യക്തമാക്കി. അതിനാല് ഈ ചിത്രം എഡിറ്റ് ചെയ്തതാണെന്ന് ഉറപ്പാക്കാം.
കൊമ്പുകള് കൊണ്ട് കുട്ടിയാനയുടെ രൂപമുണ്ടാക്കി അതിനടുത്ത് നില്ക്കുന്ന അമ്മയാന.
ഈ ചിത്രം എഡിറ്റഡാണ്. Tripadvisor എന്ന പേജില് 2018ല് പങ്കുവച്ച ചിത്രമാണിത്. ഇതില് കമ്പുകള്കൊണ്ടുള്ള നിര്മ്മിതി എഡിറ്റ് ചെയ്ത് ചേര്ത്താണ് പ്രചാരണം.