നഹേൽ മെർസൂക്ക് എന്ന 17 വയസ്സുകാരനെ ഗതാഗതനിയമം ലംഘിച്ചെന്നാരോപിച്ച് പൊലീസ് വെടിവെച്ച് കൊന്നതിനേത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട കലാപം ഇനിയും അവസാനിച്ചിട്ടില്ല. ആറു ദിവസം നീണ്ട കലാപം അവസാനിപ്പിക്കണമെന്ന് നഹേലിൻ്റെ മുത്തശി നാദിയ ആവശ്യപ്പെട്ടു. കലാപത്തിൽ ഫ്രാൻസിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കലാപകാരികൾ ഈഫൽ ടവറിന് സമീപത്ത് തീവെച്ചതായി അവകാശപ്പെട്ട് ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
“നിങ്ങൾ ഈ കാണുന്നത് ഈഫൽ ടവറിന് മുൻപിൽ തണുപ്പകറ്റാൻ ആയി പാവങ്ങൾ തീ കായുന്നതല്ല...നോക്കൂ... മനുഷ്യത്വം നല്ലത് തന്നെ...അതിന്റെ പേരിൽ ആപത്ത് വന്നപ്പോൾ നിങ്ങൾ കൈ പിടിച്ചു സ്വന്തം വീട്ടിലേക്ക് കയറ്റിയവൻ വീട്ടിലെ സ്ത്രീകളെ ബലാത്സംഗം ചെയ്തു, വീട്ടിലെ വസ്തുവകകൾ മോഷണം നടത്തി, വീടിന് തീയിട്ടിട്ട് പോയാൽ എന്താവും അവസ്ഥ. ഇപ്പോൾ ഫ്രാൻസിലെ ജനങ്ങൾ അനുഭവിക്കുന്നത് ഏറെക്കുറെ ഇങ്ങനെ ആണ്” എന്ന് തുടങ്ങുന്ന പോസ്റ്റ് ഇവിടെ വായിക്കാം.
ഫ്രാൻസിൽ നടന്ന 2016 യൂറോകപ്പ് ഫൈനൽ സമയത്ത് കാണികളും പൊലീസും ഏറ്റുമുട്ടിയതിൻ്റെ ചിത്രമാണ് പ്രചരിക്കുന്നതെന്ന് ഇന്ത്യാ ടുഡേ കണ്ടെത്തി.
അന്വേഷണം
പ്രചാരത്തിലുള്ള ഫോട്ടോ റിവേഴ്സ് ഇമേജ് സെർച്ചിൻ്റെ സഹായത്തോടെ പരിശോധിച്ചു. അന്വേഷണത്തിൽ ഒട്ടേറെ മാധ്യമങ്ങൾ വാർത്തയിൽ ഈ ചിത്രം ഉപയോഗിച്ചിട്ടുള്ളതായി കണ്ടെത്തി. വാർത്തകൾ പ്രകാരം 2016 ജൂലൈ 10ന് പോർച്ചുഗലും ഫ്രാൻസും തമ്മിലുള്ള ഫുഡ്ബോൾ ഫൈനൽ കാണാനെത്തിയവരും പൊലീസും തമ്മിലാണ് സംഘർഷമുണ്ടായത്. പാരിസിലെ സ്റ്റേഡ് ഡെ ഫ്രാൻസ് (Stade De France) സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം. ഈഫൽ ടവറിന് ചുവട്ടിൽ വലിയ സ്ക്രീനുമായി ഫാൻ സോൺ ഒരുക്കിയിരുന്നു. ഇവിടേയ്ക്ക് പ്രവേശനം കിട്ടാതെ വന്നതോടെ കാണികൾ അക്രമാസക്തരാവുകയായിരുന്നു. ബഹളത്തിനിടെ പ്രശ്നക്കാർ 'വേസ്റ്റ്' കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. സംഭവസ്ഥലത്തുനിന്ന് റോയിട്ടേഴ്സ് ഫോട്ടോഗ്രാഫർ പകർത്തിയതാണ് പ്രചാരത്തിലുള്ള ചിത്രം.
ഈഫൽ ടവറിന് സമീപമൊരുക്കിയ കൂറ്റൻ സ്ക്രീനും അതിന് പിറകിലായി അക്രമാസക്തരായ കാണികൾക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതിൻ്റെയും ചിത്രം 2016 ജൂലൈ 11ന് വാർത്താ ഏജൻസിയായ എഎഫ്പി ട്വീറ്റ് ചെയ്തിരുന്നു.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2016 ൽ പാരീസിൽ നടന്ന യൂറോകപ്പ് ഫൈനൽ സമയത്ത് കാണികളും പൊലീസും ഏറ്റുമുട്ടിയതിൻ്റെ ഫോട്ടോയാണ് പ്രചരിക്കുന്നതെന്ന് വ്യക്തം.
ഈഫൽ ടവറിന് സമീപം തീയിട്ട് കുടിയേറ്റക്കാരായ കലാപകാരികൾ
2016 ൽ പാരീസിൽ നടന്ന ഫ്രാൻസ്-പോർച്ചുഗൽ യൂറോകപ്പ് ഫൈനൽ കാണാൻ ഫാൻ സോണിൽ പ്രവേശനം ലഭിക്കാതിരുന്ന കാണികളും പൊലീസും ഏറ്റുമുട്ടിയതിൻ്റെ ചിത്രമാണിത്.