രാഷ്ട്രീയവും മതവും വിഷയമായ സിനിമകള് വിവാദമാകാറുണ്ട്. അടുത്തിടെ കാശ്മീര് ഫയല്സ് സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയും വിമര്ശനവും എല്ലാം ഇത്തരത്തിലുള്ളതാണ്. അതിനിടെ പഴയ ഒരു ഹിന്ദി സിനിമാ ഗാനം പങ്കുവച്ചുകൊണ്ട് ഒരു പ്രചാരണം സമൂഹമാധ്യമങ്ങളില് വൈറലാണ്. പാകിസ്ഥാന് എതിരായ വരികളുള്ള പാട്ട് നിരോധിച്ചുകൊണ്ട് നെഹ്റുവിന്റെ ഇടപെടല് എന്നു വിവരിക്കുന്ന പോസ്റ്റാണിത്.
'60 കളുടെ തുടക്കത്തില് ഒരു ബോളിവുഡ് സിനിമയില് മുഹമ്മദ് റഫി പാടിയ ഈ ഗാനം പാകിസ്ഥാനില് അസ്വസ്ഥത സൃഷ്ടിച്ചിരുന്നു.
തുടര്ന്ന് പാക് സര്ക്കാര് ഗാനം നിരോധിക്കാന് ഇന്ത്യന് സര്ക്കാരില് സമ്മര്ദ്ദം ചെലുത്തി.
ആശ്ചര്യകരമെന്നു പറയട്ടെ, അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ്ജിയുടെ ഉത്തരവനുസരിച്ച് ഗാനം നിരോധിച്ചു. ഇതായിരുന്നു അന്ന് ഇന്ത്യ ഭരിച്ചിരുന്ന കോണ്ഗ്രസ് സര്ക്കാര് !
പാക്കിസ്ഥാന്റെ ആവശ്യപ്രകാരമാണ് ഗാനം നിരോധിച്ചത് എന്ന് വിശ്വസിക്കാമോ ! അതെ. ഇത് സത്യമാണ്. ഇതായിരുന്നു ഞങ്ങളുടെ അടിമ മാനസികാവസ്ഥ. ' എന്നുള്ള പോസ്റ്റിന്റെ പൂര്ണ്ണരൂപം താഴെ കാണാം.
എന്നാല്, പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര് റൂം(AFWA) കണ്ടെത്തി. ഈ ഗാനം നിരോധിച്ചിട്ടില്ല.
AFWA അന്വേഷണം
'ജന്നത്ത് കി ഹേ തസ് വീര്' എന്നു തുടങ്ങുന്ന ഗാനം ഏത് ചിത്രത്തിലേതാണെന്ന വിവരമാണ് ഞങ്ങള് ആദ്യം അന്വേഷിച്ചത്. 1966ല് പുറത്തിറങ്ങിയ Johar in Kashmir എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഇന്ത്യ-പാക് വിഭജനം നടന്ന 1940കളിലെ കാശ്മീരിലെ അവസ്ഥയാണ് ചിത്രത്തിന്റെ പശ്ചാത്തലം.
ഈ ചിത്രത്തിനോ, ഇതിലെ ഗാനങ്ങള്ക്കോ ഏതെങ്കിലും തരത്തിലുള്ള വിലക്കുണ്ടായിരുന്നോ എന്ന വിവരമാണ് പിന്നീട് ഞങ്ങള് അന്വേഷിച്ചത്. ഇത്തരത്തില് ഒരു വിലക്കും സിനിമയ്ക്കോ ഗാനത്തിനോ ഉണ്ടായിരുന്നില്ലെന്ന് മനസിലാക്കാനായി. 1966ല് ഭാരത സര്ക്കാര് പുറത്തിറക്കിയ ഒരു ഗസറ്റ് ലഭ്യമായി. ഇതുപ്രകാരം 'ജന്നത്ത് കി ഹേ തസ് വീര്' എന്നു തുടങ്ങുന്ന ഗാനത്തിലെ ചില വാക്കുകള് മാറ്റാന് സെന്സര് ബോര്ഡ് ശുപാര്ശ ചെയ്തിരുന്നതായി മനസിലാക്കാനായി. 'ഹാജി പിര്' എന്ന വാക്കാണ് മാറ്റാന് നിര്ദ്ദേശിച്ചത്. ഗസറ്റിന്റെ പ്രസക്തഭാഗം താഴെ കാണാം.
ഈ ഗാനത്തിന്റെ വരികള് ഇപ്പോഴും ഓണ്ലൈനില് ലഭ്യമാണ്. ഇതില് സെന്സര്ബോര്ഡ് മാറ്റാന് നിര്ദ്ദേശിച്ച വരികളില്ല.
ഇതേ ചിത്രത്തിലെ മറ്റൊരു പാട്ടായ 'ബെഗുനഹോ കാ ലഹു ഹേ യെ രംഗ് ലയ്ഗാ' എന്ന ഗാനത്തിലെ 'ഹുഷ് ഹുസൈന് കാ ഇന്സാഫ് കിയ ജായേഗാ' എന്ന വരി നീക്കം ചെയ്യാനും സെന്സര്ബോര്ഡ് നിര്ദ്ദേശമുണ്ടായിരുന്നു. 2019ല് ഇത് വൈറലായപ്പോള് ഇന്ത്യാ ടുഡേ ഹിന്ദിയില് നല്കിയ ഫാക്ട് ചെക്ക് റിപ്പോര്ട്ട് ഇവിടെ വായിക്കാം.
ലഭ്യമായ വിവരങ്ങളില് നിന്ന് 'ജന്നത്ത് കി ഹേ തസ് വീര്' എന്ന ഗാനം നെഹ്റു ഇടപെട്ട് പാകിസ്ഥാന് വേണ്ടി നിരോധിച്ചതാണെന്നുള്ള വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തം.
പാകിസ്ഥാന്റെ ആവശ്യപ്രകാരം നെഹ്റു ഇടപെട്ട് നിരോധിച്ച ജൊഹാര് ഇന് കശ്മീര് എന്ന ചിത്രത്തിലെ ഗാനം
ഈ പാട്ട് നിരോധിച്ചിട്ടില്ല. ജൊഹാര് ഇന് കശ്മീര് എന്ന ചിത്രത്തിലെ ഈ പാട്ടിന്റെ വരികളിലെ ചില വാക്കുകള് മാറ്റാന് സെന്സര്ബോര്ഡ് നിര്ദ്ദേശിച്ചിരുന്നു. അതുപ്രകാരം പരിഷ്ക്കരിച്ച ഗാനമാണ് ചിത്രത്തില് ഉള്പ്പെടുത്തിയിട്ടുള്ളത്. പാട്ടിന് നിരോധനമില്ല.