schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
Claim: കോണ്ഗ്രസ് എംപിമാര് അയോധ്യയില് ഭൂമി പൂജ ചെയ്ത ദിവസം കറുത്ത വസ്ത്രങ്ങള് ധരിച്ച് പാര്ലമെന്റില്.
Fact: വിലക്കയറ്റം മുതലായ വിഷയങ്ങള് ഉയര്ത്തി കോണ്ഗ്രസ് നടത്തിയ പ്രതിഷേധം.
“കോണ്ഗ്രസ് എംപിമാർ അയോധ്യയില് ഭൂമി പൂജ ചെയ്ത ദിവസം കറുത്ത വസ്ത്രങ്ങള് ധരിച്ച് പാര്ലമെന്റില് വന്നുവെന്ന് ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. രാഹുല് ഗാന്ധി ഉള്പ്പെടെയുള്ള കോണ്ഗ്രസ് എംപിമാര് കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങള് ധരിച്ച് പ്രതിഷേധിക്കുന്ന ചിത്രത്തിനൊപ്പമാണ് പ്രചരണം. കേരളത്തിൽ നിന്നുള്ള ഹൈബി ഈഡന്, രമ്യ ഹരിദാസ്, ബെന്നി ബഹനാന്, ജെബി മേത്തര് തുടങ്ങിയ എംപിമാരും ചിത്രത്തിലുണ്ട്. അഞ്ച് സംസ്ഥാന അസംബ്ലികളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ് ചിത്രം പ്രചരിക്കുന്നത്.
“ഈ ചിത്രം ഹൈന്ദവർ എല്ലാവരും ഓർത്തിരിക്കണം. രാമ ക്ഷേത്രം രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നു എന്ന് പറയുന്ന കൊങ്ങികൾ, രാമ ക്ഷേത്ര ഭൂമി പൂജ ചെയ്ത ദിവസം അവരുടെ എംപിമാർ കറുത്ത വസ്ത്രം ധരിച്ചു പാർലിമെൻ്റിൽ വന്ന ചിത്രം,” എന്ന അടികുറിപ്പോടെയാണ് ചിത്രം.
ഹിന്ദുപരിവാർ എന്ന ഗ്രൂപ്പിൽ വന്ന ചിത്രം ഞങ്ങൾ കാണും വരെ 74 പേർ ഷെയർ ചെയ്തിരുന്നു.
ഞങ്ങൾ കണ്ടപ്പോൾ Metroman എന്ന ഗ്രൂപ്പിലെ പോസ്റ്റിന് 47 ഷെയറുകൾ ഉണ്ടായിരുന്നു,
ഭാരതീയ ജനതാ പാർട്ടി (BJP) കേരള എന്ന ഗ്രൂപ്പിൽ വന്ന പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 19 ഷെയറുകൾ ഉണ്ടായിരുന്നു.
ഇവിടെ വായിക്കുക: Fact Check: സിപിഎം പ്രവർത്തകർ തമ്മിൽ അടിക്കുന്ന വീഡിയോയാണോയിത്?
ഞങ്ങൾ ചിത്രം റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തു. അപ്പോൾ വാർത്ത ഭാരതി എന്ന വെബ്സെറ്റിൽ ഓഗസ്റ്റ് 5, 2022 ൽ ഈ പടം പ്രസീദ്ധീകരിച്ചതായി കണ്ടു. പിടിഐയ്ക്ക് ക്രെഡിറ്റ് കൊടുത്താണ് വാർത്ത ഭാരതി പടം പ്രസിദ്ധീകരിച്ചത്.
ചിത്രത്തിനൊപ്പം ഉള്ള വാർത്ത ഇങ്ങനെ പറയുന്നു:”വിലക്കയറ്റത്തിനും തൊഴിലില്ലായ്മയും അവശ്യസാധനങ്ങളുടെ ജിഎസ്ടി വർധനവിനുമെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തുന്നതിനിടെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ കറുത്ത വസ്ത്രം ധരിച്ച് കോൺഗ്രസ് എംപിമാർ പാർലമെന്റ് ഹൗസ് സമുച്ചയത്തിൽ പ്രതിഷേധ പ്രകടനം നടത്തി. അവശ്യവസ്തുക്കളുടെ ജിഎസ്ടി വർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടിയുടെ എംപിമാർ സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി, പാർലമെന്റിന്റെ ഒന്നാം നമ്പർ ഗേറ്റിന് പുറത്ത് ബാനർ പിടിച്ച് സോണിയ ഗാന്ധി പാർട്ടിയുടെ വനിതാ എംപിമാർക്കൊപ്പം നിന്നു.”
പിടിഐയ്ക്ക് ക്രെഡിറ്റ് കൊടുത്ത്, ഓഗസ്റ്റ് 5, 2022 ൽ ഈ പടം ടെലിഗ്രാഫ് കൊടുത്തതും ഞങ്ങളുടെ ശ്രദ്ധയിൽ വന്നു. “വിലക്കയറ്റം, തൊഴിലില്ലായ്മ, അവശ്യവസ്തുക്കളുടെ ജിഎസ്ടി വർധന എന്നിവയ്ക്കെതിരായ പാർട്ടിയുടെ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കറുത്ത വസ്ത്രം ധരിച്ച് പാർട്ടി എംപിമാർക്കൊപ്പം രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തി,” എന്നാണ് ഈ പടത്തിന് കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്.
“വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ വെള്ളിയാഴ്ച കറുത്ത വസ്ത്രം ധരിച്ച് തെരുവിലിറങ്ങി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വധേരയും ഉൾപ്പെടെ നിരവധി പേരെ പാർലമെന്റിനും എഐസിസി ആസ്ഥാനത്തിനും പുറത്ത് നാടകീയമായ സംഘർഷങ്ങൾക്കിടയിൽ പോലീസ് കസ്റ്റഡിയിലെടുത്തു. അവശ്യ വസ്തുക്കളുടെ വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ചരക്ക് സേവന നികുതി (ജിഎസ്ടി) വർദ്ധനയ്ക്കുമെതിരെയ പാർട്ടി രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പാർട്ടി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് എംപിമാർ പാർലമെന്റ് ഹൗസ് സമുച്ചയത്തിൽ പ്രതിഷേധിക്കുകയും തുടർന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തുകയും ചെയ്തു,”ഈ പടത്തിനൊപ്പമുള്ള വാർത്ത പറയുന്നു.
“ചിത്രങ്ങളിലെ ദിവസം: ഓഗസ്റ്റ് 05, 2022,” എന്ന ഫോട്ടോ ഫീച്ചറിൽ, ഔട്ട്ലൂക്ക് ഈ പടം കൊടുത്തതും ഞങ്ങൾ കണ്ടു. പിടിഐയിലെ അരുൺ ശർമ്മയ്ക്ക് ക്രെഡിറ്റ് കൊടുത്താണ് ഫോട്ടോ. “വിലക്കയറ്റം, തൊഴിലില്ലായ്മ, അവശ്യവസ്തുക്കളുടെ ജിഎസ്ടി വർധന എന്നിവയ്ക്കെതിരായ പാർട്ടിയുടെ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കറുത്ത വസ്ത്രം ധരിച്ച് പാർട്ടി എംപിമാർക്കൊപ്പം രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ,” എന്നാണ് ഫോട്ടോയിക്കൊപ്പമുള്ള വിവരണം.
അയോധ്യാ രാമക്ഷേത്രത്തിലെ ഭൂമി പൂജ നടന്നത് അതിന് രണ്ടു വർഷം മുൻപ് 2020 ഓഗസ്റ്റ് അഞ്ചിനാണ്. അത് കൊണ്ട് തന്നെ ഈ പ്രതിഷേധത്തിന് അതുമായി ബന്ധമുണ്ടാവാൻ കഴിയില്ല.
ഇവിടെ വായിക്കുക:Fact Check: വാളയാർ ചെക്ക് പോസ്റ്റിലെ കൈക്കൂലിയ്ക്ക് അറസ്റ്റിലായ ഉദ്യോഗസ്ഥനാണോ ഇത്?
വൈറലായ പടം 2022ല് വിലക്കയറ്റത്തിനെതിരെ കോണ്ഗ്രസ് നേതാക്കള് ഡല്ഹിയില് നടത്തിയ പ്രതിഷേധത്തില് നിന്നുള്ളതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഇവിടെ വായിക്കുക: Fact Check: മിസൈൽ ആക്രമണത്തിൽ കുട്ടികളെല്ലാം മരിച്ച ഗാസയിലെ സ്ക്കൂളാണോയിത്?
Sources
Photo in Vartha Bharati on August 5,2022
Photo in Telegraph India on August 5,2022
Photo in Outlook on August 5,2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Vasudha Beri
July 9, 2024
Runjay Kumar
June 12, 2024
Sabloo Thomas
January 27, 2024
|