പൊലീസ് യൂണിഫോമിലുള്ള ഒരാളെ തടഞ്ഞു വച്ചിരിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില് വ്യാപകമായി ഷെയര്ചെയ്യപ്പെടുന്നുണ്ട്. ഉത്തര്പ്രദേശില് നിന്നുള്ള മുന് പൊലീസുകാരന് വ്യജമായി വാഹനങ്ങളില് നിന്ന് പിഴ ഈടാക്കുന്നുവെന്നാണ് ഇതോടൊപ്പമുള്ള കുറിപ്പുകളില് പറയുന്നത്.
"അങ്ങ് #up യില് പിരിച്ചുവിട്ട എഎസ്ഐ യൂണിഫോം ധരിച്ച് ട്രാക്ടറുകളില് നിന്നും ട്രക്കുകളില് നിന്നും അനധികൃത പിരിവ് നടത്തിയിരുന്നു, ആളുകളുടെ പരാതിയെത്തുടര്ന്ന് പ്രതി വയലിലേക്ക് ഓടി, എന്നാല് പോലീസ് ഓടിച്ചിട്ട് പിടികൂടി, പിടികൂടിയ ശേഷം, പ്രതി പോലീസുകാരുടെ കാലില് വീണ് മാപ്പ് പറഞ്ഞു " എന്നുള്ള വീഡിയോയുടെ പൂര്ണ്ണരൂപം താഴെകാണാം.
എന്നാല്, പ്രചാരത്തിലുള്ള പോസ്റ്റുകള് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തില് വ്യക്തമായി. ഈ വീഡിയേ ഉത്തര്പ്രദേശില് നിന്നുള്ളതല്ല.
AFWA അന്വേഷണം
പൊലീസ് യൂണിഫോമിലുള്ള ഒരാളെ നാട്ടുകാര് തടഞ്ഞുവച്ചിരിക്കുന്നതും ഇയാള് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്റെ കാല്ക്കല് വീഴുന്നതുമാണ് പ്രചാരത്തിലുള്ള വീഡിയോയില് കാണാനാകുന്നത്. വീഡിയോയുടെ വിശദമായ വിവരങ്ങള് അറിയുന്നതിന് കീഫ്രെയ്മുകള് റിവേഴ്സ് ഇമേജില് തിരഞ്ഞു. ഇതില് നിന്ന് പ്രചരിക്കുന്ന വീഡിയോയ്ക്ക് ഉത്തര്പ്രദേശുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി.
രാജസ്ഥാന് തക്ക് നല്കിയ വാര്ത്ത പ്രകാരം ഈ വീഡിയോ രാജസ്ഥാനിലെ ഭരത്പുരില് നിന്നുള്ളതാണ്. രാജസ്ഥാന് പൊലീസിലെ എഎസ്ഐ ആയിരുന്ന ദാവോജി റാവു മീണ എന്നയാളാണ് വീഡിയോയിലുള്ളത്. ഒന്നര വര്ഷം മുന്പ് ഇയാളെ പിരിച്ചുവിട്ടിരുന്നു. എന്നാല് കിഞ്ഞ ദിവസം അനധികൃതമായി ഇയാള് യൂണിഫോം ധരിച്ച് വാഹനങ്ങളില് നിന്ന് പിഴ ഈടാക്കി. ഇയാളെ മനസിലാക്കിയ നാട്ടുകാര് പൊലീസില് അറിയിച്ചു. തുടര്ന്ന് പൊലീസ് എത്തിയപ്പോള് ഇയാള് ഓടി രക്ഷപെടാന് ശ്രമിച്ചു. ഒടുവില് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങളാണിത്. സര്വീസിലിരിക്കെ ഇത്തരത്തില് അനധികൃത കൃത്യങ്ങള് ചെയ്തതിനാണ് മീണയെ പിരിച്ചുവിട്ടത്. എന്നാല് യൂണിഫോം ഇട്ടുകൊണ്ട് ഇയാള് പിരിവ് നടത്തുകയായിരുന്നു. വാഹനങ്ങളില് നിന്നും ചില കടകളില് നിന്നുമെല്ലാം ദാവോജി റാവു മീണ ഇത്തരത്തില് പിരിവ് നടത്തി.രാജസ്ഥാന് തക്ക് നല്കിയ വിശദമായ വീഡിയോ റിപ്പോര്ട്ട് താഴെ കാണാം.
മറ്റ് മാധ്യമങ്ങളും സമാനമായ വാര്ത്ത നല്കിയിട്ടുണ്ട്. കൂടുതല് വിശദീകരണത്തിനായി ഞങ്ങള് സംഭവം നടന്ന പരിധിയിലെ സ്റ്റേഷനായ നഗര് പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫിസര് ഹര്ലാല് സിംഗിനെ ബന്ധപ്പെട്ടു. "ഇത് പ്രചരിക്കുന്നതുപോലെ യുപിയില് നടന്ന സംഭവമല്ല. അടുത്തിടെ ഞങ്ങളുടെ സ്റ്റേഷന് പരിധിയില് നടന്ന സംഭവമാണ്. ഭരത്പുര് ജില്ലയില് ഉള്പ്പെട്ട പ്രദേശമാണിത്. സംഭവം അറിഞ്ഞയുടന് തന്നെ താനാ നഗര് പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു," ഹര്ലാല് സിംഗ് ഇന്ത്യാ ടുഡേയോട് പറഞ്ഞു.
ലഭ്യമായ വിവരങ്ങളില് നിന്ന് പ്രചാരത്തിലുള്ള വീഡിയോ യുപിയില് നിന്നുള്ളതല്ലെന്നും അടുത്തിടെ രാജസ്ഥാനില് നടന്ന സംഭവമാണെന്നും വ്യക്തം.
യുപിയില് പിരിച്ചുവിട്ട പൊലീസുകാരന് യൂണിഫോം ധരിച്ച് പെറ്റി പിരിക്കുന്ന ദൃശ്യം.
ഈ വീഡിയോ യുപിയിലേതല്ല. ഇക്കഴിഞ്ഞ ജൂണ് 20ന് രാജസ്ഥാനിലെ ഭരത്പുരില് നടന്ന സംഭവമാണ്. ദാവോജി റാവു മീണ എന്ന മുന് എഎസ്ഐയാണ് അനധികൃതമായി യൂണിഫോം ധരിച്ച് പിരിവ് നടത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തു.