പ്ലാസ്റ്റിക് അരി, മുട്ട എന്നിവയ്ക്ക് ശേഷം വിവാദമായ മറ്റൊരു വീഡിയോ ആണ് കൃത്രിമ ക്യാബേജ് നിർമ്മാണം. ഭക്ഷണാവശ്യങ്ങൾക്ക് ചൈനയിൽ കെമിക്കലുകൾ ഉപയോഗിച്ച് കൃത്രിമമായി ക്യാബേജ് നിർമ്മിക്കുന്നു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് . ദ്രാവകരൂപത്തിലുള്ള വസ്തു ഉപയോഗിച്ച് ക്യാബേജിൻ്റെ രൂപമുണ്ടാക്കുന്നതും അത് മുറിച്ചു കാണിക്കുന്നതും, അതിൽ ഒരാൾ തൊട്ടുനോക്കുന്നതും വീഡിയോയിൽ കാണാം.
ജപ്പാനിലെ ഗുജോയിൽ റെസ്റ്ററൻ്റിൽ പ്രദർശിപ്പിക്കുന്നതിന് വേണ്ടി മെഴുകുപയോഗിച്ച് ക്യാബേജ് നിർമ്മിക്കുന്നതിൻ്റെ വീഡിയോ ആണിതെന്ന് ഇന്ത്യാ ടുഡേ അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷണം
വീഡിയോയുടെ കീഫ്രേയ്മുകൾ റിവേഴ്സ് സെർച്ചിൻ്റെ സഹായത്തോടെ പരിശോധിച്ചു. “macdeetube” എന്ന യൂട്യൂബ് ചാനലിൽ ഈ വീഡിയോ 2014 ഫെബ്രുവരി രണ്ടിന് “Making japanese food samples” എന്ന ടൈറ്റിൽ നൽകി അപ്ലോഡ് ചെയ്തിട്ടുള്ളതായി അന്വേഷണത്തിൽ കണ്ടെത്തി. ഗിഫുവിലെ ഗുജോ നഗരത്തിൽ സ്ഥിതി ചെയ്യുന്ന റെസ്റ്ററൻ്റുകളുടെ മെനുവിലുള്ള വിഭവങ്ങൾ പ്രദർശിപ്പിക്കുന്നതിനാണ് കൃത്രിമമായി ഇവ ഉണ്ടാക്കുന്നതെന്ന് വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ നൽകിയിട്ടുണ്ട്. പ്ലാസ്റ്റിക്കും മെഴുകുമുൾപ്പടെയുള്ള വസ്തുക്കൾ ഇതിനായി ഉപയോഗിക്കുമെന്നും ഇതിൽ പറഞ്ഞിട്ടുണ്ട്.
മെഴുക് ഉപയോഗിച്ച് സാമ്പിൾ ഉണ്ടാക്കുന്നത് രണ്ട് കുട്ടികൾക്ക് കാണിച്ചുകൊടുക്കുന്നതാണ് യൂട്യൂബ് വീഡിയോയിലുള്ളത്. ഇതിൻ്റെ ഒരു ഭാഗം മാത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ടെമ്പുറ എന്ന ഒരു വിഭവം കൃത്രിമമായി ഉണ്ടാക്കുന്നതും ഈ വീഡിയോയിൽ കാണാം.
പ്രചാരത്തിലുള്ള വീഡിയോയ്ക്ക് സമാനമായ ഒട്ടേറെ വീഡിയോകൾ യൂട്യൂബിൽ കാണാനാകും. ഫുഡ് സാമ്പിൾ എന്നർഥം വരുന്ന “ഷൊക്കുഹിൻ സമ്പുരു” ജപ്പാനിലെ വലിയ വിപണിയാണ്. മെനു കാർഡിന് പകരം ഒട്ടുമിക്ക റെസ്റ്ററൻ്റുകളിലും ഭക്ഷണവസ്തുക്കളുടെ ‘റെപ്ലിക്ക’ അഥവാ മാതൃകയാണ് പ്രദർശിപ്പിക്കുന്നത്.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജപ്പാനിലെ റെസ്റ്ററൻ്റിൽ പ്രദർശിപ്പിക്കുന്നതിന് വേണ്ടി മെഴുകുപയോഗിച്ച് ക്യാബേജ് നിർമ്മിക്കുന്നതിൻ്റെ വീഡിയോ ആണ് പ്രചരിക്കുന്നതെന്ന് വ്യക്തം.
ചൈനയിൽ കൃത്രിമ ക്യാബേജ് നിർമ്മിക്കുന്നതിൻ്റെ ദൃശ്യങ്ങൾ.
ജപ്പാനിലെ റെസ്റ്ററൻ്റിൽ പ്രദർശിപ്പിക്കുന്നതിന് വേണ്ടി മെഴുകുപയോഗിച്ച് ക്യാബേജ് നിർമ്മിക്കുന്നതിൻ്റെ വീഡിയോ ആണ് പ്രചരിക്കുന്നത്. ഇത് ഭക്ഷ്യയോഗ്യമല്ല.