വലിയൊരു ആൾക്കൂട്ടം റോഡിലൂടെ നടന്നുനീങ്ങുന്ന ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മോദി സർക്കാരിന്റെ വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം എന്ന രീതിയിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. കൊടികളുമായി നടന്നുനീങ്ങുന്ന സ്ത്രീകളെയും പുരുഷന്മാരെയും വീഡിയോയിൽ കാണാം.
"ഇത് ബംഗ്ളാദേശോ പശ്ചിമ ബംഗാളിലോ കേരളമോ അല്ല 🧐👇 ഇന്നലെ വൈകുന്നേരത്തെ നിങ്ങളുടെ *ഡൽഹി*യിലെ ദൃശ്യമാണിത്. ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ.. മോദിജിയുടെ വഖഫ് ബോർഡ് ഭേദഗതി ബില്ലിനെതിരെ.. മുസ്ലീങ്ങൾ തങ്ങളുടെ ശക്തി കാട്ടി റോഡ് ഉപരോധിച്ചു.. 🧐🥵 രാജ്യത്തെ ഈ ജിഹാദികൾക്കെതിരെ മോദി ജി ഒറ്റയ്ക്ക് പോരാടുകയാണ്. മോദിജിയെ പിന്തുണച്ച് ഹിന്ദുക്കൾ എവിടെയെങ്കിലും ഇത്തരത്തിൽ റാലി നടത്തിയോ?? ഹിന്ദുക്കളേ ഉണരൂ! ഇനി ഉണരൂ...🚩🙏🚩" എന്ന കുറിപ്പോടെ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം.
എന്നാൽ പ്രചാരത്തിലുള്ള വീഡിയോ വഖഫ് ബില്ലിനെതിരായ പ്രതിഷേധത്തിന്റേതല്ലെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷണം
വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാന റാലിയുടെ മറ്റൊരു വീഡിയോ 'Pusa blogger' എന്ന യൂട്യൂബ് ചാനലിൽ കണ്ടെത്തി. 2024 സെപ്റ്റംബർ 12ന് പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ വൈറൽ വീഡിയോയിലുള്ള അതേ കെട്ടിടവും സ്ഥലവുമാണുള്ളത്. വീഡിയോയുടെ തുടക്കത്തിൽ റാലി നടന്ന ദിവസത്തെയും സ്ഥലത്തെയും സൂചിപ്പിക്കാൻ ഡൽഹി സിപി സർക്കിൾ 6.20 പിഎം/11/09/24 എന്ന് എഴുതിയിട്ടുണ്ട്. വീഡിയോ ചുവടെ കാണാം.
യൂട്യൂബ് വീഡിയോയിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ കീവേഡ് സെർച്ചിലൂടെ 2024 സെപ്റ്റംബർ 11ന് ഡൽഹിയിൽ നടന്ന ചെഹ്ലം ഘോഷയാത്രയുടെ ഭാഗമായി ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് സംബന്ധിച്ച് ഡൽഹി പൊലീസ് പങ്കുവച്ച ട്വീറ്റ് ലഭ്യമായി. സിപി സർക്കിൾ എന്ന് യൂട്യൂബ് വീഡിയോയിൽ പരാമർശിച്ച കൊണാട്ട് പ്ലേസിലും ട്രാഫിക് നിയന്ത്രണങ്ങളുള്ളതായി ട്വീറ്റിൽ പറയുന്നു. ഈ ട്വിറ്റിന്റെ സ്ക്രീൻഷോട്ട് ചുവടെ കാണാം.
ചെഹ്ലം ഘോഷയാത്രയെ ബ്ലാക്ക് താസിയ എന്നും കാല താസിയ എന്നും അറിയപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ കീവേഡ് സെർച്ചിലൂടെ ഘോഷയാത്രയുടെ മറ്റ് ചില വീഡിയോകളും ലഭ്യമായി. 'Naugawan Sadat juloos' എന്ന യൂട്യൂബ് ചാനലിൽ സെപ്റ്റംബർ 12ന് പങ്കുവച്ച വീഡിയോയിൽ വൈറൽ വീഡിയോയിലുള്ള പതാകകൾ കാണാം. വീഡിയോയിൽ ആൾക്കൂട്ടത്തിനിടയിലായി ഉയരത്തിലുള്ള ഒരു രൂപം കാണാം. ചെഹ്ലം ഘോഷയാത്രയിൽ ഉപയോഗിക്കുന്ന ടാസിയ എന്ന രൂപമാണ് ഇത്. ഇതേ രൂപം വൈറൽ വീഡിയോയുടെ അവസാന ഭാഗത്തും കാണാം. ഈ രണ്ട് രൂപങ്ങളുടെയും താരതമ്യ ചിത്രം ചുവടെ കാണാം.
2024 സെപ്റ്റംബർ 11ന് ഇംഗ്ലീഷ് ജാഗരൺ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ടാസിയ ഘോഷയാത്ര നടക്കുന്നതിനാൽ ഏർപ്പെടുത്തിയ ട്രാഫിക് നിയന്ത്രങ്ങളെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്ലാമിക മാസമായ റബീ-ഉൽ-പെ അവ്വൽ മാസത്തിലെ 7-ാം ദിവസം, ഷിയാ മുസ്ലീം സമൂഹം മസൂം കാ താസിയയെ പുറത്താക്കിക്കൊണ്ട് ഹസ്രത്ത് സൈനുൽ ആബിദ്ദീൻ്റെ (ഷിയാ സമൂഹത്തിലെ നാലാമത്തെ ഇമാം) ചെഹ്ലൂമിനെ ഓർമ്മിക്കുന്നതാണ് ടാസിയ ഘോഷയാത്ര നടത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ട് ഇവിടെ വായിക്കാം.
ലഭ്യമായ വിവരങ്ങളിൽ നിന്നും വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ റാലി എന്ന രീതിയിൽ പ്രചരിക്കുന്നത് 2024 സെപ്റ്റംബർ 11ന് നടന്ന ചെഹ്ലം ഘോഷയാത്രയുടെ ദൃശ്യമാണെന്ന് വ്യക്തമായി.
വഖഫ് നിയമ ഭേദഗതിക്കെതിരായി ഡൽഹിയിൽ നടന്ന പ്രതിഷേധത്തന്റെ ദൃശ്യം.
വീഡിയോയിലുള്ളത് വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധമല്ല. 2024 സെപ്റ്റംബർ 11ന് നടന്ന ചെഹ്ലം ഘോഷയാത്രയുടെ ദൃശ്യമാണിത്.