ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) അംഗമായ മലയാളി യുവാവ് അഫ്ഗാനിസ്ഥാനില് കൊല്ലപ്പെട്ട വാര്ത്ത മാധ്യമങ്ങള് നല്കിയിട്ടുണ്ട്. മലപ്പുറം സ്വദേശിയായ നജീബ് അല്-ഹിന്ദി എന്ന കെ.പി നജീബാണ് കൊല്ലപ്പെട്ട ഐഎസ് അംഗം. എന്നാല് ജെഎന്യുവില് നിന്ന് കാണാതായ പിജി വിദ്യാര്ഥി നജീബ് അഹമ്മദാണ് ഇതെന്ന വിവരണവുമായി ഒരു പോസ്റ്റ് ഇപ്പോള് സമൂഹമാധ്യമങ്ങളില് വൈറലാണ്.
' 4 വര്ഷം മുമ്പ് നജീബിനെ ഡല്ഹി JNU വില് നിന്ന് കാണാതായപ്പോള് അത് ABVP ക്കാര് തല്ലിക്കൊന്ന് കുഴിച്ചിട്ടതാണ് എന്നു പറഞ്ഞ് നജീബിന്റെ വയസായ ഉമ്മയുമായി ഡല്ഹിയും കേരളവും ചുറ്റി നടന്ന് വര്ഗീയത ആളി കത്തിച്ചവരാണ് ഇടതുപക്ഷം' എന്നു തുടങ്ങുന്ന പോസ്റ്റിന്റെ പൂര്ണ്ണരൂപം താഴെ കാണാം.
എന്നാല്, പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര് റൂം(AFWA) കണ്ടെത്തി.ജെഎന്യു വിദ്യാര്ഥിയായിരുന്ന നജീബ് അഹമ്മദല്ല അഫ്ഗാനിസ്ഥാനില് മരിച്ച നജീബ് അല്-ഹിന്ദി, ഇയാള് മലയാളിയാണ്.
AFWA അന്വേഷണം
ഐഎസ് അംഗമായ മലയാളി മരിച്ച വാര്ത്ത മാധ്യമങ്ങള് നല്കിയിട്ടുണ്ട്. ന്യൂസ് 18 മലയാളം നല്കിയ വാര്ത്ത പ്രകാരം ഇസ്ലാമിക് സ്റ്റേറ്റ് -ഖൊറേസാന് പ്രവശ്യയുടെ (ഐഎസ്കെപി) പ്രസിദ്ധീകരണമായ വോയ്സ് ഓഫ് ഖുറാസന് (Voice of Khorasan) റിപ്പോര്ട്ട് അധികരിച്ചാണ് വാര്ത്ത നല്കിയത് എന്ന് വ്യക്തമാക്കുന്നു. ഇതുപ്രകാരം 23 കാരനായ മലയാളി എഞ്ചിനിയറിങ് വിദ്യാര്ഥി നജീബ് അല്-ഹിന്ദി(നജീബ് കുണ്ടുവയില്) ആണ് കൊല്ലപ്പെട്ടയാള്. 2017 ഓഗസ്റ്റ് 15നാണ് വെല്ലൂര് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എംടെക് വിദ്യാര്ഥിയായിരുന്ന നജീബിനെ കാണാതായത്.
മറ്റ് മുന്നിര മലയാള മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും നജീബിന്റെ മരണം റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ദി ന്യൂ ഇന്ത്യന് എക്സ്പ്രസ് നല്കിയ വാര്ത്തയില് പറയുന്നത് 2018ല് അഫ്ഗാനിസ്ഥാനില് നടന്ന പോരാട്ടത്തില് ഒരു മലയാളി കൊല്ലപ്പെട്ടതായി ഐഎസ് സ്ഥിരീകരിച്ചു എന്നാണ്. കെ.പി നജീബ് എന്ന നജീബ് അല് ഹിന്ദിയാണ് കൊല്ലപ്പെട്ടയാള്. അഫ്ഗാനിസ്ഥാനിലെ നംഗര്ഹാര് പ്രവിശ്യയില് നടന്ന ആക്രമണത്തിലാണ് നജീബ് കൊല്ലപ്പെട്ടത്. ഇക്കാര്യം അഫ്ഗാനിസ്ഥാനിലെ നജീബിന്റെ കൂട്ടാളികള് 2018 ല് തന്നെ മാധ്യമങ്ങളെ അറിയിച്ചിരുന്നു, എന്നാല് ഐഎസിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നത് ഇപ്പോഴാണ്. ദി ന്യൂ ഇന്ത്യന് എക്സ്പ്രസ് നല്കിയ വാര്ത്തയില് നിന്നുള്ള ചിത്രം താഴെ കാണാം.
അതേസമയം, നജീബിന്റെ കേസ് അന്വേഷിക്കുന്ന കേരള പൊലീസിന് അയാളുടെ മരണം സംബന്ധിച്ച വിവരം ലഭിച്ചില്ലെന്നും മാധ്യമവാര്ത്തകളുണ്ട്. മലയാളിയായ എഞ്ചിനിയറിംഗ് വിദ്യാര്ഥിയാണ് ഐഎസ് ആക്രമണത്തില് കൊല്ലപ്പെട്ടതെന്ന് വ്യക്തമാണ്. എന്നിരുന്നാലും ജെഎന്യുവിലെ നജീബിനെക്കുറിച്ചും ഞങ്ങള് അന്വേഷിച്ചു.
2016 ഒക്ടോബറിലാണ് ഡെല്ഹി ജവഹര്ലാല് നെഹ്റു യൂണിവേഴ്സിറ്റിയിലെ(JNU) ഒന്നാം വര്ഷ എംഎസ് സി ബയോടെക് വിദ്യാര്ഥിയായിരുന്ന നജീബ് അഹമ്മദിനെ കാണാതാവുന്നത്. എബിവിപി പ്രവര്ത്തകരായ ചിലരുമായി വാക്കേറ്റമുണ്ടായതിനു പിന്നാലെയാണ് നജീബ് അപ്രത്യക്ഷനാകുന്നത്. ഇതോടെ നജീബിന്റെ തിരോധാനത്തിന് രാഷ്ട്രീയമാനം കൈവരികയും സുഹൃത്തുക്കളും ബന്ധുക്കളും നജീബിനെ കണ്ടെത്താനായി സമരം നടത്തുകയും ചെയ്തു.
ഡല്ഹി പൊലീസ് അന്വേഷിച്ചിരുന്ന കേസ് സിബിഐയ്ക്ക് നല്കിയത് നജീബിന്റെ ഉമ്മ ഫാത്തിമ പ്രത്യക്ഷ സമരത്തിന് ഇറങ്ങിയ ശേഷമാണ്. ഈ വാര്ത്തകള് മാധ്യമങ്ങള് വിശദമായി നല്കിയിരുന്നു. സിബിഐ അന്വേഷണം ഏറ്റെടുത്തെങ്കിലും നജീബിനെ കണ്ടെത്താനുള്ള ഒരു സൂചനയും ലഭിച്ചില്ല. അഞ്ച് വര്ഷങ്ങള്ക്കിപ്പുറവും തെളിയാതെ കിടക്കുന്ന കേസാണ് നജീബ് അഹമ്മദ് എന്ന 27 കാരനായ ഉത്തര്പ്രദേശ് സ്വദേശിയുടേത്. മാധ്യമങ്ങള് നല്കിയ നജീബ് അഹമ്മദിന്റെ ചിത്രവും ഞങ്ങള് പരിശോധിച്ചു.
അഫ്ഗാനിസ്ഥാനില് കൊല്ലപ്പെട്ടുവെന്ന് പറയുന്ന കെ.പി നജീബിന്റേയും ജെഎന്യുവില് നിന്ന് കാണാതായ നജീബ് അഹമ്മദിന്റെയും ചിത്രങ്ങള് തമ്മില് പ്രകടമായ വ്യത്യാസങ്ങളുണ്ട്. ചിത്രങ്ങള് തമ്മിലുള്ള താരതമ്യം താഴെ കാണാം.
ലഭ്യമായ വിവരങ്ങളില് നിന്ന് അഫ്ഗാനിസ്ഥാനില് കൊല്ലപ്പെട്ട ഐഎസ് അംഗം നജീബ് അല്-ഹിന്ദി മലയാളിയാണെന്നും ഇയാള്ക്ക് ജെഎന്യുവില് നിന്ന് കാണാതായ യുപി സ്വദേശി നജീബ് അഹമ്മദുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാണ്.
അഫാഗാനിസ്ഥാനില് കൊല്ലപ്പെട്ട നജീബ് ജെഎന്യുവില് നിന്ന് കാണാതായ വിദ്യാര്ഥിയാണ്.
അഫ്ഗാനിസ്ഥാനില് കൊല്ലപ്പെട്ടുവെന്ന് മാധ്യമ വാര്ത്തകള് വന്ന നജീബ് 23 കാരനായ മലയാളി എഞ്ചിനിയറിംഗ് വിദ്യാര്ഥിയാണ്. നജീബ് അല്-ഹിന്ദി എന്ന് അറിയപ്പെട്ട കെ.പി നജീബ് 2017ലാണ് നാടുവിട്ടത്. ഡല്ഹി ജെഎന്യുവില് നിന്ന് കാണാതായ 27 കാരനായ എംഎസ് സി ബയോടെക് വിദ്യാര്ഥി നജീബ് അഹമ്മദുമായി ഇയാള്ക്ക് യാതൊരു ബന്ധവുമില്ല.