schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
കേരളത്തിൽ കാലാവധി കഴിഞ്ഞ ടോൾ പ്ലാസകൾക്ക് അനുമതി തുടരുന്നു എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. “പഞ്ചാബില് ടോള് പ്ലാസകള് അടച്ചുപൂട്ടുന്നു. കേരളത്തില് കാലാവധി കഴിഞ്ഞതിന് അനുമതി കൊടുത്തു കൊണ്ടിരിക്കുന്നു. എന്താവും കാരണം?,”എന്നാണ് പ്രചരിക്കുന്ന ഒരു പോസ്റ്റ് പറയുന്നത്.
“പഞ്ചാബിൽ ഇന്ന് 3 ടോൾ പ്ലാസകൾ കൂടി അടച്ചു പൂട്ടി. ജനങ്ങൾ ഒരു ദിവസം മാത്രം ഇതു വഴി 10.52 ലക്ഷം രൂപ ടോൾ നൽകണമായിരുന്നു.കഴിഞ്ഞ 10 മാസത്തിനിടയിൽ 5 ടോൾ പ്ലാസകളാണ് പഞ്ചാബ് സർക്കാർ അടച്ചു പൂട്ടിയത്. ഇനി നിങ്ങൾ കേരളത്തിലെ സർക്കാരിനെ കുറിച്ച് ചിന്തിക്കൂ? എന്ത് കൊണ്ട് ആം ആദ്മി സർക്കാരുകൾക്ക് മാത്രം ഇത് സാധ്യമാവുന്നു എന്ന് കൂടി ചിന്തിക്കൂ’ എന്നാണ് മറ്റൊരു പോസ്റ്റ് പറയുന്നത്.
“കേരളത്തിൽ പിരിവിന്റെ കാലാവധി കഴിഞ്ഞിട്ടും ഇതുവരെ ടോൾ പിരിവ് നിറുത്താത്ത പാലിയക്കര പോലുള്ള ടോൾ പ്ലാസകൾ അടച്ചു പൂട്ടാൻ സർക്കാർ എന്നാണാവോ തീരുമാനിക്കുക? കേരളം അത് കേന്ദ്രത്തിന്റെ തലയിലും കേന്ദ്രം തിരിച്ചു കേരളത്തിന്റെ തലയിലും വച്ചുകെട്ടി പരസ്പരം കുറ്റപ്പെടുത്തും. എന്തുതന്നെയായാലും അനുഭവിക്കേണ്ടി വരുന്നത് കേരളത്തിലെ സാധാരണ ജനങ്ങൾ.” എന്ന പേരിലും ചില പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. ആദ്മി പാർട്ടി കേരള ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ആയ Aam Aadmi Party Kerala ആം ആദ്മി പാർട്ടി കേരളം എന്ന പേജിലും ഈ പോസ്റ്റ് കണ്ടു. ആ പോസ്റ്റിന് 117 ഷെയറുകൾ ഞങ്ങൾ കാണും വരെ ഉണ്ടായിരുന്നു.
ഞങ്ങൾ കാണും വരെ Rajeev Poovar എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 51 ഷെയറുകൾ ഉണ്ടായിരുന്നു.
Vinod Lall Aryachalil എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 27 ഷെയറുകൾ ഉണ്ടായിരുന്നു.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ സംസ്ഥാന പാതകളിലെ മൂന്ന് ടോൾ പ്ലാസകൾ കൂടി അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പോസ്റ്റുകൾ. ഇതോടെ ആറ് മാസത്തിനുള്ളിൽ അടച്ച സംസ്ഥാന പാതകളിലെ ടോൾ ബൂത്തുകൾ ആകെ ആറായി. എന്നാൽ,പഞ്ചാബിലെ സംസ്ഥാന പാതകളിൽ 14 ടോൾ പ്ലാസകൾ ഇപ്പോഴും പ്രവർത്തനക്ഷമമാണ്. സംസ്ഥാനത്തെ ദേശീയപാതകളിൽ 32 ടോൾ പ്ലാസകളുമുണ്ട്.
ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എടുത്ത ഒരു തീരുമാനം ഫേസ്ബുക്കിൽ കൊടുത്തിരിക്കുന്നത് കണ്ടു. നവംബർ 29,2018 ലെ ആ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്: “പൊതുമരാമത്ത് വകുപ്പിനു കീഴിലുളള 14 പാലങ്ങളുടെ ടോൾ പിരിവ് നിർത്തലാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അരൂർ -അരൂര്ക്കുറ്റി, പുളിക്കക്കടവ്, പൂവത്തും കടവ്, ന്യൂ കൊച്ചിൻ (ചെറുതുരുത്തി), തുരുത്തിപ്പുറം-കോട്ടപ്പുറം, കൃഷ്ണൻകോട്ട, കടലുണ്ടിക്കടവ്, മുറിഞ്ഞപുഴ, മായന്നൂർ , ശ്രീമൂലനഗരം, വെള്ളാപ്പ്, മാൽ മടക്കര, നെടുംകല്ല്, മണ്ണൂർ കടവ് എന്നീ പാലങ്ങളുടെ ടോൾ പിരിവാണ് നിർത്തുന്നത്. സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന പാലങ്ങളുടെ ടോൾ പിരിവ് നിർത്തലാക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയിരുന്നു,”എന്നാണ്.
തുടർന്നുള്ള തിരച്ചിലിൽ മാതൃഭൂമിയുടെ നവംബർ 28,2018 ലെ വാർത്ത കണ്ടു. അതിൽ പറയുന്നത്: “സംസ്ഥാനത്തെ പൊതുമരാമത്ത് പാലങ്ങളുടെ ടോള് പിരിവ് പൂര്ണമായും നിര്ത്തലാക്കി. 14 റോഡുകളിലെ ടോള് പിരിവ് നിര്ത്താന് മന്ത്രിസഭാ യോഗം തീരുമാനിച്ചുവെന്നാണ്.”
“അരൂര്-അരൂര്ക്കുറ്റി ,പുളിക്കക്കടവ്, പൂവത്തുംകടവ്, ന്യൂ കൊച്ചി ന് (ചെറുതുരുത്തി), തുരുത്തിപ്പുറം -കോട്ടപ്പുറം , കൃഷ്ണന്കോട്ട, കടലുണ്ടിക്കടവ്,മുറിഞ്ഞപുഴ, മായന്നൂര്, ശ്രീമൂലനഗരം, വെള്ളാപ്പ്, മാട്ടൂല് മടക്കര, നെടുംകല്ല്,മണ്ണൂര്കടവ് എന്നീ പാലങ്ങളുടെ ടോള് പിരിവാണ് നിര്ത്തുന്നത്,”മാതൃഭൂമി റിപ്പോർട്ട് പറഞ്ഞു.
വാർത്ത തുടരുന്നു: “ഇതിന്റെ ഭാഗമായി ആദ്യം ആറ് പാലങ്ങളുടെ ടോള് പിരിവ് നിര്ത്തി. പിന്നീട് അവശേഷിച്ചത് 14 എണ്ണമായിരുന്നു. അവയിലെ ടോള് പിരിവ് കൂടി നിര്ത്താന് ഇന്ന് ചേര്ന്ന മന്ത്രി സഭായോഗം തീരുമാനിക്കുകയായിരുന്നു. ഇനി സംസ്ഥാനത്ത് ദേശീയ പാതകളില് മാത്രമെ ടോള് ഉണ്ടാവുകയുള്ളൂ. ഇതില് തീരുമാനമെടുക്കാന് സംസ്ഥാന സര്ക്കാരിന് അധികാരമില്ല.
തുടർന്ന് ഞങ്ങൾ പാലങ്ങളും റോഡുകളും നിർമിക്കുന്ന റോഡ്സ് ആന്ഡ് ബ്രിഡ്ജസ് ഡെവല്പ്മെന്റ് കോര്പറേഷന് ഓഫ് കേരള എന്ന സർക്കാർ സ്ഥാപനത്തിന്റെ വെബ്സൈറ്റില് നോക്കി. അത് പ്രകാരം അവർ നിർമ്മിച്ച ഒൻപത് പാലങ്ങളിൽ ഇപ്പോഴും ടോൾ പരിക്കുന്നുണ്ട്. എന്നാൽ അതിൽ ഒന്നിന്റേത് പോലും കാലാവധി കഴിഞ്ഞിട്ടില്ല.
ഫാസ്റ്റാഗ് വെബ്സെറ്റിലെ വിവരങ്ങൾ അനുസരിച്ച്, കേരളത്തിൽ ചുള്ളിമട ഹാംലെറ്റ്, കുമ്പളം, പാലിയേക്കര, പൊന്നാരിമംഗലം, ആക്കുളം, കുണ്ടന്നൂർ, വരാപ്പഴ പാലം എന്നീ ഏഴ് സ്ഥലങ്ങളിൽ നാഷണൽ ഹൈവേയിൽ ടോൾ പിരിക്കുന്നുണ്ട്. ഫാസ്റ്റാഗ് വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം, പാലിയേക്കരയുടെ ടോൾ കാലാവധി 2028 ജൂലൈ 28 വരെയുണ്ട്. ഫീ പിരിക്കുന്ന മറ്റ് നാഷണൽ ഹൈവേ ടോൾ പ്ലാസകളുടെയും കാലാവധി തീർന്നിട്ടില്ല.
“ഫെറികൾ, സ്ഥിരം പാലങ്ങൾ, താത്കാലിക പാലങ്ങൾ, തുരങ്കങ്ങൾ, ദേശീയ പാതകൾ,അവയുടെ ഭാഗങ്ങൾ എന്നിവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് നൽകുന്ന സേവനങ്ങൾക്കോ ആനുകൂല്യങ്ങൾക്കോ ഇതിനുവേണ്ടി ഉണ്ടാക്കിയ നിയമങ്ങൾ പ്രകാരം ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനത്തിലൂടെ നിശ്ചയിച്ചിരിക്കുന്ന നിരക്കിൽ കേന്ദ്ര ഗവൺമെന്റിന് ഫീസ് ഈടാക്കാം,”കേന്ദ്ര ഉപരിതല ഗതാഗത ദേശീയ പാത വകുപ്പിന്റെ വെബ്സൈറ്റ് പറയുന്നു.
റോഡ്സ് ആന്ഡ് ബ്രിഡ്ജസ് ഡെവല്പ്മെന്റ് കോര്പറേഷന് ഓഫ് കേരള, മാനേജിങ് ഡയറക്ടര് എസ് സുഹാസുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞത്,”പുതിയതായി നിര്മ്മിക്കുന്ന പാലങ്ങള്ക്കും റോഡിനും ടോള് ഈടാക്കുന്നില്ല എന്നാണ്.”
“മുമ്പ് ബിഒടി അടിസ്ഥാനത്തില് നിര്മ്മിച്ച പാലങ്ങളിലും റോഡുകളിലും ഇപ്പോഴും ടോൾ ബൂത്തുകൾ പ്രവർത്തിക്കുന്നുണ്ട്. കാലാവധി തീരുമ്പോൾ ടോള് പിരിവ് നിർത്തും. ഒരിടത്തും കാലാവധി കഴിഞ്ഞ ഒരു ടോള് ബൂത്തുകളും പ്രവര്ത്തിക്കുന്നില്ല.” അദ്ദേഹം കൂടി ചേർത്തു.
വായിക്കാം:Fact check: മോദി, ദ്രൗപദി മുർമു, ഏക്നാഥ് ഷിൻഡേ, യോഗി എന്നിവരുടെ ചിത്രങ്ങളുടെ കൊളാഷിന്റെ വാസ്തവം എന്താണ്?
സംസ്ഥാന സർക്കാർ കാലാവധി കഴിഞ്ഞ ടോള് ബൂത്തുകള് പ്രവര്ത്തിക്കാൻ സമ്മതിക്കുന്നുവെന്ന അവകാശവാദം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
Sources
Facebook Post by Chief Minister Pinarayi Vijayan on November 29,2018
News report in Mathrubhumi on November 28,2018
Website of Kerala Roads and Bridges Corporation
Website of Fastag
Website of Ministry of Road Transport and Highways
Telephone Conversation with S Suhas, MD, Kerala Roads and Bridges Corporation
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|