schema:text
| - കേരളസര്വകലാശാലയുടെ ഈ കൊല്ലത്തെ ഒ.എന്.വി. പുരസ്കാരം കവി കെ. സച്ചിദാനന്ദന് ഫെബ്രുവരിയിൽ ലഭിച്ചിരുന്നു. വലതുപക്ഷ ഹിന്ദുത്വത്തിന്റെ കടുത്ത വിമർശകനായ സച്ചിദാനന്ദൻ, മതപരമായ അസഹിഷ്ണുതയ്ക്കെതിരായ എഴുത്തുകാരുടെ പോരാട്ടത്തിൽ എന്നും മുൻപന്തിയിലാണ്.
കവി പാകിസ്ഥാനെക്കുറിച്ച് നടത്തിയ പരാമർശം എന്ന പേരിൽ ഒരു പോസ്റ്റ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പാകിസ്ഥാൻ വൈകാതെ ഏഷ്യയുടെ സാംസ്കാരിക തലസ്ഥാനമായി മാറുമെന്ന് സച്ചിദാനന്ദൻ പറഞ്ഞെന്നാണ് പോസ്റ്റിലെ ആരോപണം.
പ്രചാരത്തിലുള്ള ഈ പോസ്റ്റ് തെറ്റിധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാർ റൂം (AFWA) കണ്ടെത്തി. കവിയുടേത് എന്ന പേരിൽ പ്രചരിക്കുന്ന ഈ വാക്കുകൾ അദ്ദേഹം യഥാർത്ഥത്തിൽ മറ്റൊരു സാഹചര്യത്തിൽ വർഷങ്ങൾക്കുമുമ്പ് ബി.ജെ.പി സർക്കാരിനെതിരെ നടത്തിയ ഒരു പരാമര്ശത്തിൽ നിന്നുള്ളതാണ്.
സമാനമായ പോസ്റ്റുകളുടെ ആർക്കൈവ് ചെയ്ത ലിങ്കുകൾ : Archive 1, Archive 2.
AFWA അന്വേഷണം
കവിയുടേത് എന്ന പേരിൽ പ്രചരിക്കുന്ന വാക്കുകൾ ഞങ്ങൾ ഇന്റെർനെറ്റിൽ തിരഞ്ഞപ്പോൾ 2017ൽ നിന്നുള്ള ചില വാർത്താ റിപോർട്ടുകൾ ലഭിക്കാൻ ഇടയായി. ജനുവരി 24, 2017ൽ പ്രസിദ്ധീകരിച്ച "The New Indian Express" റിപ്പോർട്ട് പ്രകാരം, സ്വതന്ത്ര ചിന്താഗതിക്കാരായ ബുദ്ധിജീവികളോടും കലാകാരന്മാരോടും ഇന്ത്യ വിട്ടുപോകാൻ ബി.ജെ.പി നേതൃത്വവും, സംഘ പ്രചാരകരും ആവശ്യപ്പെടുകയാണെങ്കിൽ പാകിസ്ഥാൻ ഉടൻ തന്നെ ഏഷ്യയുടെ സാംസ്കാരിക തലസ്ഥാനമായി മാറുമെന്നാണ് കവി പറഞ്ഞത്. 2017ൽ എറണാകുളത്തു നടന്ന അഖിലേന്ത്യാ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷന്റെ (എ.ഐ.ഐ.ഇ.എ) 24-ാമത് ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംവിധായകൻ കമലിനും എഴുത്തുകാരൻ എം.ടി വാസുദേവൻ നായർക്കുമെതിരെ ആ കാലത്ത് ചില ബിജെപി നേതാക്കൾ നടത്തിയ പരാമർശത്തോട് പ്രതികരിച്ചു സംസാരിച്ച അദ്ദേഹം, സത്യം പറയാൻ തുനിഞ്ഞ കലാകാരന്മാരെ പാകിസ്ഥാനിലേക്ക് അയയ്ക്കാൻ സംഘപരിവാർ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.
സച്ചിദാനന്ദന്റെ ഈ പരാമർശത്തെ ക്കുറിച്ച് മനോരമയും അന്ന് ഒരു ലേഖനം തയാറാക്കിയിരുന്നു. ഈ റിപ്പോർട്ട് പ്രകാരം കവിയുടെ വാക്കുകൾ ഇപ്രകാരമായിരുന്നു, "എം.എഫ് ഹുസൈൻ, യു.ആർ അനന്തമൂർത്തി എന്നിവർക്ക് ശേഷം ഷാരൂഖ് ഖാൻ, നന്ദിത ദാസ്, (മലയാള ചലച്ചിത്ര നിർമ്മാതാവ്) കമൽ എന്നിവരും പാകിസ്ഥാനിലേക്ക് പോകണമെന്ന് സംഘപരിവാർ ആഗ്രഹിക്കുന്നു. അവരുടെ സമീപനം ഫാസിസ്റ്റ് ഗോബെൽഷ്യൻ നിലപാടിന് സമാനമാണ്. ഇതിനെതിരെ ശക്തമായ പ്രതിരോധം ഉണ്ടായിരിക്കണം.
പാകിസ്ഥാൻ ഏഷ്യയുടെ സാംസ്കാരിക തലസ്ഥാനമായി മാറുമെന്ന് സച്ചിദാനന്ദൻ.
സ്വതന്ത്ര ചിന്താഗതിക്കാരായ ബുദ്ധിജീവികളോടും കലാകാരന്മാരോടും ഇന്ത്യ വിട്ടുപോകാന് ബി.ജെ.പി നേതൃത്വവും, സംഘ പ്രചാരകരും ആവശ്യപ്പെടുകയാണെങ്കില് പാകിസ്ഥാന് ഉടന് തന്നെ ഏഷ്യയുടെ സാംസ്കാരിക തലസ്ഥാനമായി മാറുമെന്നാണ് കവി സച്ചിദാനന്ദന് പറഞ്ഞത്. മറിച്ച് പാകിസ്ഥാന് ഉടന് ഏഷ്യയുടെ സാംസ്ക്കാരിക തലസ്ഥാനമാകുമെന്നല്ല.
|