schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
Claim
ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്റിൽ തീ അണയ്ക്കാന് ഹെലികോപ്റ്റര് വാടകയ്ക്ക് എടുത്തു.
Fact
തീയണയ്ക്കാൻ ഉപയോഗിക്കുന്നത് നേവിയുടെ ഹെലികോപ്റ്റർ.
ബ്രഹ്മപുരത്ത് കൊച്ചി കോർപറേഷന്റെ ഉടമസ്ഥതയിൽ 110 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മാലിന്യ പ്ലാന്റിൽ തീപിടുത്തം ഉണ്ടായത് മാർച്ച് 2നാണ്.
മാലിന്യത്തിന്റെ രാസവിഘടന പ്രക്രിയ നടക്കുന്നത് മൂലം ബഹിർഗമിക്കുന്ന ചൂട് മൂലമുണ്ടാകുന്ന സ്മോൾഡറിങ് ആണ് പ്രധാനമായും പ്ലാന്റിൽ ഉണ്ടായതെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. തീ ഇന്നത്തോടുകൂടി (മാർച്ച് 9) അണക്കാൻ സാധിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് അവകാശപ്പെടുന്നു.
ഈ സന്ദർഭത്തിലാണ് സംസ്ഥാന സര്ക്കാര് വാടകയ്ക്കെടുത്ത ഹെലികോപ്റ്റര് ഉപയോഗിച്ചാണ് തീ അണയ്ക്കുന്നതെന്ന് വാദിക്കുന്ന ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. “മണ്ടന്മാര് ആണെന്നറിയാം എന്നാലും ഇത്രേം. മലയാളികളെ പറയിപ്പിക്കാന് ഓരോ ജന്മങ്ങള്. കൊച്ചി ബ്രഹ്മപുരം തീ അണയ്ക്കാന് ഓപ്പറേഷന് ബക്കറ്റ്. ഒരു തുള്ളി മതി. വലിയ തീ അണക്കാന്. ഹെലികോപ്റ്റര് വാടക ഇനത്തില് എത്ര കോടി കട്ടെന്ന് മാത്രം ഇനി അറിഞ്ഞാല് മതി,” എന്ന വിവരണത്തോടെയാണ് പോസ്റ്റ് ഷെയർ ചെയ്യുന്നത്.
വിക്രമനും വേതാളവും എന്ന ഐഡിയിൽ നിന്നുമുള്ള പോസ്റ്റിന് ഞങ്ങൾ കാണും വരെ 143 ഷെയറുകൾ ഉണ്ടായിരുന്നു.
Ameerali Kdr എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 63 ഷെയറുകൾ ഞങ്ങൾ കാണും വരെ ഉണ്ടായിരുന്നു.
Praseedkumarvp Valiyaparambil എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 19 പേർ പോസ്റ്റ് ഷെയർ ചെയ്തു.
ബ്രഹ്മപുരം തീപിടുത്തം ഹെലികോപ്റ്റർ എന്ന് കീ വേർഡ് സെർച്ച് ചെയ്തപ്പോൾ മാർച്ച് 8,2023നുള്ള മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫിസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കിട്ടി.
“തീപിടുത്തം നിയന്ത്രണ വിധേയമാക്കാൻ അഗ്നിശമന രക്ഷ സേനയുടെ ശ്രമങ്ങൾക്ക് പുറമെ നേവി, വായു സേനയുൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെയും സഹായം ലഭ്യമാക്കി,”എന്നാണ് പോസ്റ്റ് പറയുന്നത്. “നിലവിലെ സ്ഥിതിഗതികൾ നിയന്ത്രിക്കാനായി 300 അഗ്നിശമന സേനാ ജീവനക്കാർ, 70 മറ്റു തൊഴിലാളികൾ, മാലിന്യനീക്കത്തിനായി 50 ഓളം ഹിറ്റാച്ചി/ജെസിബി ഓപ്പറേറ്റർമാർ, 31 ഫയർ യൂണിറ്റുകള്, 4 ഹെലികോപ്റ്ററുകള്, 14 ഓളം അതിതീവ്ര മർദ്ദ ശേഷിയുള്ള ജലവാഹക പമ്പുകള്, 36 ഹിറ്റാച്ചി ജെസിബികള് എന്നിവയുടെ സഹായത്തോടെ പ്രവർത്തനം നടത്തി വരികയാണ്,”എന്നും പോസ്റ്റ് പറയുന്നു.
തുടർന്നുള്ള തിരച്ചിലിൽ, ഇതേ വിഷയത്തിലുള്ള ഡിഫെൻസ് പിആർഒ കൊച്ചിയുടെ ട്വീറ്റ് കിട്ടി. ഐഎന്എസ് ഗരുഢ യൂണിറ്റാണ് രക്ഷാപ്രവര്ത്തനത്തില് ഏര്പ്പെട്ടിരിക്കുന്നത് എന്നും ബ്രഹ്മപുരം പ്ലാന്റിലും ഗോവയിലെ വൈല്ഡ്ലൈഫ് സാങ്ച്വറിയിലും ഉണ്ടായ തീപിടുത്തങ്ങൾ നിയന്ത്രണ വിധേയമാക്കാൻ അവർ പ്രവർത്തിക്കുന്നുണ്ടെന്നും ഡിഫെൻസ് പി ആർഒ കൊച്ചിയുടെ ഔദ്യോഗിക ട്വിറ്റര് ഹാന്ഡില് നിന്നും മാർച്ച് 8,2023ന് ചെയ്ത ട്വീറ്റ് പറയുന്നു.
2023 മാർച്ച് ആറിന് NationalDefence എന്ന യൂട്യൂബ് ചാനൽ ഇപ്പോൾ പ്രചരിക്കുന്നതിന് സമാനമായ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ പറയുന്നത് നേവിയുടെ ഹെലികോപ്റ്റർ ബ്രഹ്മപുരത്ത് തീയണക്കുന്ന പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുവെന്നാണ്.
തുടർന്ന് ഞങ്ങൾ കേരളാ ഡിസാസ്റ്റർ മാനേജമെന്റ് അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞത്: “കൊച്ചിയിലേത് സ്മോൾഡറിങ്ങ് ഫയറാണ്. അതിന് വലിയ ഒരു ഏരിയയിൽ ഒരുമിച്ച് വെള്ളം ഒഴിക്കുന്നതിനേക്കാൾ നല്ലത് പോയിന്റഡ് ആയിട്ട് വെള്ളം ഒഴിക്കുന്നതാണ്. അതിന് ആകാശത്ത് നിന്നും ഭൂമിയിൽ നിന്നൊഴിക്കുന്നതിനൊപ്പം വെള്ളം ഒഴിക്കുന്നത് നല്ലതാണ് എന്നാണ് ശാസ്ത്രീയ പഠനങ്ങൾ പറയുന്നത്. നേവിയും എയർ ഫോഴ്സുമാണ് ഹെലികോപ്റ്റർ ആണ് അതിന് ഉപയോഗിക്കുന്നത്.”
വായിക്കാം:Fact Check: Nykaaയുടെ വനിതാ ദിന ഓഫറുകൾ എന്ന പേരിലെ പ്രചരണത്തിന്റെ വാസ്തവം അറിയുക
വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റർ അല്ല നേവിയുടെയും എയർഫോഴ്സിന്റെയും ഹെലികോപ്റ്ററാണ് ബ്രഹ്മപുരത്ത് തീപിടുത്തം നിയന്ത്രിക്കാൻ ഉപയോഗിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
Sources
Facebook post by Chief Minister Pinarayi Vijayan on March 8,2023
Tweet by Defence PRO,Kochi on March 8,2023
Youtube video by National Defence on March 6,2023
Telephone conversation with Sekhar Kuriakose, Member Secretary Kerala State Disaster Management Authority
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|