മെസ്സിയുടെയും റൊണാള്ഡോയുടെയും അവസാന ലോകകപ്പ് എന്ന നിലയിലാണ് ഖത്തര് വേള്ഡ്കപ്പിനെ ആരാധകര് കാത്തിരുന്നത്. 36 വര്ഷത്തെ കാത്തിരിപ്പിനൊടുവില് അര്ജന്റീന കപ്പ് നേടുകയും ചെയ്തു. കപ്പടിക്കുന്നതിന് മുമ്പ് തന്നെ മെസ്സിയാണോ റൊണാള്ഡോയാണോ എക്കാലത്തെയും മികച്ച ഫുട്ബോളര് എന്ന സംവാദം നടന്നിരുന്നു. അതിനിടെ, മെസ്സിയാണ് എക്കാലത്തെയും മികച്ച ഫുട്ബോളര് (GOAT) എന്ന് അമേരിക്കന് മുന് പ്രസിഡൻ്റ് ബറാക് ഒബാമ അഭിപ്രായപ്പെട്ടു എന്ന രീതിയില് ഒരു വീഡിയോ പ്രചാരത്തിലുണ്ട്.
'Obama On Messi VS Ronaldo 'എന്ന ക്യാപ്ഷനോടുകൂടി പ്രചരിക്കുന്ന വീഡിയോ ഇവിടെ കാണാം.
എന്നാല് പ്രചാരത്തിലുള്ള വീഡിയോ എഡിറ്റഡാണെന്ന് AFWA അന്വേഷണത്തില് വ്യക്തമായി. സിബിഎസ് ന്യൂസിന് 2020ല് നല്കിയ അഭിമുഖത്തില് നിന്നുള്ള ഭാഗമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്.
AFWA അന്വേഷണം
'മെസ്സിയേക്കാള് മികച്ച മറ്റൊരു ഫുട്ബോളര് ഇല്ല. ഈ ഒരു കാര്യത്തില് മാത്രമായിരിക്കും എനിക്കും ഡൊണാള്ഡ് ട്രമ്പിനും ഒരേ അഭിപ്രായം ഉണ്ടായിരിക്കുക.' വൈറലായി പ്രചരിക്കുന്ന വീഡിയോയില് ഒബാമ പറയുന്ന വാചകങ്ങളാണിത്. ഈ വീഡിയോയുടെ കീഫ്രേമ്സ് ഉപയോഗിച്ച് പരിശോധിച്ചപ്പോള് 2020ല് സിബിഎസ് ന്യൂസിന് നല്കിയ അഭിമുഖത്തിലെ ദൃശ്യങ്ങളാണ് ഇതെന്ന് മനസ്സിലാക്കാനായി.
2020ല് ഒബാമയുമായി സ്കോട് പെല്ലി നടത്തിയ അഭിമുഖം സിബിഎസ് ന്യൂസ് ഓണ്ലൈനിലും ലഭ്യമാണ്. അഭിമുഖത്തില് രാഷ്ട്രീയം, പ്രസിഡന്റ് ട്രമ്പ്, ജോര്ജ് ഫ്ലോയ്ഡ്, പുസ്തകം തുടങ്ങിയ വിഷയങ്ങളാണ് സംസാരിച്ചിരിക്കുന്നത്. ഇതില് ക്രിസ്ത്യാനോ റൊണാള്ഡോയേ, മെസ്സി തുടങ്ങിയവരെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. ഒബാമ തൻ്റെ പുസ്തകത്തെ പറ്റി പറയുന്ന ഭാഗത്താണ് ഈ ഒരു കാര്യത്തില് മാത്രമായിരിക്കും എനിക്കും ഡൊണാള്ഡ് ട്രമ്പിനും ഒരേ അഭിപ്രായം ഉണ്ടായിരിക്കുക എന്ന് പറഞ്ഞിരിക്കുന്നത്.
എന്നാല് അര്ജന്റീന ലോകകപ്പ് നേടിയതിന് പിന്നാലെ ടീമിന് ആശംസയര്പ്പിച്ച് ഒബാമ ട്വീറ്റ് ചെയ്തിരുന്നു. അതില് മെസ്സിയെ GOAT എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില് വൈറലായി പ്രചരിക്കുന്ന വീഡിയോയില് ഒബാമ മെസ്സിയെ GOAT എന്ന് വിശേഷിപ്പിച്ചിട്ടില്ല. എഡിറ്റ് ചെയ്ത വീഡിയോ ആണ് പ്രചരിക്കുന്നത്.
മെസ്സി എക്കാലത്തെയും മികച്ച ഫുട്ബോളര് എന്ന് ഒബാമ പറയുന്ന വീഡിയോ.
പ്രചരിക്കുന്ന വീഡിയോ എഡിറ്റഡാണ്. 2020ല് സിബിഎസ് ന്യൂസിന് നല്കിയ അഭിമുഖത്തില് നിന്നുള്ള ഭാഗങ്ങള് എഡിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നത്.