ഇന്ത്യന് നാഷണല് കോണ്ഗ്രസിന്റെ 85-ാമത് പ്ലീനറി സമ്മേളനം ഇക്കഴിഞ്ഞ ഫ്രബ്രുവരി 24 മുതല് 26വരെ ഛത്തീസ്ഗഡിലെ റായ്പുരില് നടന്നിരുന്നു. 2024ലെ പാര്ലമെന്റ് തിരഞ്ഞെടുപ്പിന് കോണ്ഗ്രസ് സുസജ്ജമാണെന്ന് സമ്മേളന ശേഷം പ്രസിഡന്റ് മല്ലികാര്ജ്ജുന് ഖാര്ഗെയുടെ പ്രസ്ഥാവനയും വന്നിട്ടുണ്ട്. കോണ്ഗ്രസില് സുപ്രധാന മാറ്റങ്ങള്ക്ക് വഴിവയ്ക്കുന്ന ചില ഭരണഘടനാ ഭേദഗതികളും സമ്മേളനം നിര്ദ്ദേശിച്ചിരുന്നു. അതിനിടെ മദ്യപാനം വിലക്കിക്കൊണ്ടുള്ള ഭരണഘടനാ നിര്ദ്ദേശം എടുത്തുകളഞ്ഞെന്ന് അവകാശപ്പെട്ട് ചില പോസ്റ്റുകള് സമൂഹമാധ്യമങ്ങളില് വൈറലാണ്.
'*പിണറായി ബാറുകള് തുറക്കുന്നെ...എന്ന് നിലവിളിച്ച് നടന്ന കൊങ്ങികള്ക്കും മൂരികള്ക്കും ബാറില് ഇരുന്നു സുഖമായിരുന്നു കുടിക്കാം.. Cheers...*' എന്നുള്ള പോസ്റ്റിന്റെ പൂര്ണ്ണരൂപം താഴെ കാണാം.
എന്നാല്, പ്രചാരത്തിലുള്ള പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര് റൂം(AFWA) കണ്ടെത്തി. മദ്യപാനം വിലക്കുന്ന നിര്ദ്ദേശം ഇപ്പോഴും നിലവിലുണ്ട്.
AFWA അന്വേഷണം
പ്രചാരത്തിലുള്ള പോസ്റ്റിനെപ്പറ്റി തിരഞ്ഞപ്പോള് മുഖ്യധാരാ മലയാളം മാധ്യമങ്ങളില് ഉള്പ്പെടെ ഇത്തരത്തിലൊരു വാര്ത്ത വന്നിട്ടുള്ളതായി കണ്ടെത്താനായി. മദ്യപിക്കുന്നതിന് പ്രവര്ത്തകര്ക്ക് ഏര്പ്പെടുത്തിയിട്ടുള്ള വിലക്ക് നീക്കി കോണ്ഗ്രസ് പ്ലീനറി സമ്മേളനത്തില് ഭേദഗതി വരുത്തിയെന്ന രീതിയിലാണ് മാധ്യമ വാര്ത്തകള്. മനോരമ ന്യൂസ്, 24ന്യൂസ്, മീഡിയ വണ് തുടങ്ങിയ മാധ്യമങ്ങളിലെല്ലാം സമാനമായ വാര്ത്ത വന്നിരുന്നു.
എന്നാല് ദേശീയ മാധ്യമങ്ങളില് മദ്യപാനവുമായി ബന്ധപ്പെട്ട ഭാഗം ഭേദതി ചെയ്തതായി പറയുന്നുണ്ടെങ്കിലും വിലക്ക് നീക്കിയതായി വാര്ത്തകളില്ല. തുടര്ന്ന് ഞങ്ങള് കോണ്ഗ്രസിന്റെ
നിലവിലെ ഭരണഘടനയും, ഭേദഗതി ചെയ്ത ഭരണ ഘടനയും തമ്മിലുള്ള വ്യത്യാസമാണ് പരിശോധിച്ചത്.
കോണ്ഗ്രസ് ഭരണഘടനയുടെ ആര്ട്ടിക്കിള് 5B യില് ആണ് ഇക്കാര്യം പരാമര്ശിക്കുന്നത്. ഇതുപ്രാകാരം കോണ്ഗ്രസ് അംഗമായിരിക്കുന്ന/ അംഗമാകാന് ആഗ്രഹിക്കുന്നവര് പാലിക്കേണ്ട കാര്യങ്ങളാണ് വ്യക്തമാക്കുന്നത്.
'
5(ബി) ഓരോ അംഗവും ഇനിപ്പറയുന്ന വ്യവസ്ഥകള് പാലിക്കുകയും എ ഉണ്ടാക്കുകയും വേണം
അവന്റെ/അവളുടെ ഒപ്പിന് കീഴിലുള്ള അംഗത്വ ഫോമിലെ പ്രഖ്യാപനം:
(എ) അവന്/അവള് 18 വയസും അതില് കൂടുതലുമുള്ളവരാണ്;
(ബി) അവന്/അവള് സാക്ഷ്യപ്പെടുത്തിയ ഖാദി നെയ്ത്തുകാരിയാണ്;
(സി) അവന്/അവള് മദ്യപാനങ്ങളും ലഹരി മരുന്നുകളും ഒഴിവാക്കുന്നു;
(ഡി) അവന്/അവള് ഏതെങ്കിലും രൂപത്തില് തൊട്ടുകൂടായ്മയില് വിശ്വസിക്കുകയോ ആചരിക്കുകയോ ചെയ്യുന്നില്ല
രൂപീകരിക്കുകയും അത് നീക്കം ചെയ്യുന്നതിനായി പ്രവര്ത്തിക്കുകയും ചെയ്യുന്നു;
(ഇ) അവന്/അവള് മതത്തിന്റെ വേര്തിരിവില്ലാതെ ഒരു സംയോജിത സമൂഹത്തില് വിശ്വസിക്കുന്നു
അല്ലെങ്കില് ജാതി;
(എഫ്) അവന്/അവള് ഏറ്റെടുക്കുന്നു ' എന്നതാണ് ഫോമില് നിഷ്ക്കര്ഷിക്കുന്ന വ്യവസ്ഥകള്.
അതായത് ആര്ട്ടിക്കിള് 5(B)യില് മൂന്നാമത്തെ വകഭേദമായ 'അവന്/അവള് മദ്യപാനങ്ങളും ലഹരി മരുന്നുകളും ഒഴിവാക്കുന്നു;' ( He/She abstains from alcoholic drinks and intoxicant drugs)എന്ന ഭാഗമാണ് ഇപ്പോള് ചര്ച്ചയിലുള്ളത്. നിലവിലുള്ള ഭരണഘടനയില് മദ്യം കുടിക്കരുത് എന്ന വ്യക്തമാക്കുന്നുണ്ട്. എന്നാല് വാര്ത്തകള് പ്രകാരം ഈ വ്യവസ്ഥ 'He/She abstains from use of psychotropic substances, prohibited drugs and intoxicants.' (അവന്/അവള് സൈക്കോട്രോപിക് പദാര്ത്ഥങ്ങള്, നിരോധിത മയക്കുമരുന്ന്, ലഹരിവസ്തുക്കള് എന്നിവയുടെ ഉപയോഗത്തില് നിന്ന് വിട്ടുനില്ക്കുന്നു) എന്നാണ് മാറ്റിയിരിക്കുന്നത്. ഇതില് തന്നെ വ്യക്തമാണ് ലഹരിപദാര്ഥങ്ങള് പാടില്ല എന്ന്. അതായത് മദ്യപാനവും ഇതില് ഉള്പ്പെടും.
മലയാള മാധ്യമങ്ങള് തെറ്റിദ്ധാരണ പരത്തുന്ന രീതിയില് നല്കിയ വാര്ത്തകളാണ് സോഷ്യല് മീഡിയ പോസ്റ്റിന് ആധാരമെന്ന് വ്യക്തമാക്കി പി.സി വിഷ്ണുനാഥ് എംഎല്എ നല്കിയ ഫേസ്ബുക്ക് വീഡിയോ ലഭ്യമായി. ഇത് താഴെ കാണാം.
പി.സി.വിഷ്ണുനാഥിനെ ബന്ധപ്പെട്ടപ്പോള് ഭേദഗതി ചെയ്ത കോണ്ഗ്രസ് ഭരണഘടനയുടെ കോപ്പി ഞങ്ങള്ക്ക് കൈമാറി. ഇതിലെ പ്രസ്തുത ഭാഗം താഴെ കാണാം.
ഈ ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട് മുതിര്ന്ന കോണ്ഗ്രസ് നേതാവും മുന് കെപിസിസി പ്രസിഡന്റുമായ വി.എം സുധീരന് മല്ലികാര്ജുന് ഖാര്ഗെയ്ക്ക് കത്ത് നല്കിയിരുന്നു. ഞങ്ങള് അദ്ദേഹത്തെ ബന്ധപ്പെട്ടു. ' ഞാന് കത്തെഴുതിയതിനു തൊട്ടടുത്ത ദിവസം തന്നെ എനിക്ക് മറുപടി ലഭിച്ചിരുന്നു. പുതിയ ഭേദഗതിയില് സോക്കോട്രോപ്പിക് പദാര്ഥങ്ങള് എന്ന് വ്യക്തമാക്കിയിട്ടുണ്ടല്ലോ? ഇതില് മദ്യവും ഉള്പ്പെടും. അതുകൊണ്ടാണ് പ്രത്യേകമായി പരാമര്ശിക്കാതിരുന്നത്-എന്നാണ് ലഭിച്ച മറുപടി. അതേസമയം, ആല്ക്കഹോളിക് ഡ്രിങ്ക് എന്ന് മുന്പ് വ്യക്തമായി എഴുതിയിരുന്നതിനാല് ആ വാചകം മാറ്റിയപ്പോള് സാധാരണക്കാര്ക്കുള്ള ആശങ്കയാകാം വാര്ത്തയായി വന്നത്. ഇക്കാര്യം ഞാന് സൂചിപ്പിച്ചിരുന്നു. എന്തായാലും മദ്യപാനത്തിനുള്ള വിലക്ക് നീക്കിയിട്ടില്ല എന്ന മറുപടിയാണ് എനിക്ക് ലഭിച്ചത്. ' വി.എം. സുധീരന് ഇന്ത്യാ ടുഡേയോട് പറഞ്ഞു.
കോണ്ഗ്രസ് ഭരണഘടനാ ഭേദഗതി കമ്മറ്റി അംഗമായ കെ.സി വേണുഗോപാലിനെയും ഞങ്ങള് ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ പ്രതികരണം ലഭിക്കുന്ന മുറയ്ക്ക് വാര്ത്ത അപ്ഡേറ്റ് ചെയ്യുന്നതാണ്.
ലഭ്യമായ വിവരങ്ങളില് നിന്ന് പ്രചാരത്തിലുള്ള പോസ്റ്റില് പറഞ്ഞിരിക്കുന്ന ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തം.
റായ്പുര് സമ്മേളനത്തില് ഭേദഗതി ചെയ്ത കോണ്ഗ്രസ് ഭരണഘടന പ്രകാരം പ്രവര്ത്തകര്ക്ക് ഇനി മദ്യപാനത്തിന് വിലക്കില്ല
മദ്യപാനം സംബന്ധിച്ച ആര്ട്ടിക്കിള് 5B(C) ഭേദഗതി ചെയ്തിരുന്നു. എന്നാല് ഇതില് എല്ലാ ലഹരിപദാര്ഥങ്ങള്ക്കും വിലക്കുണ്ടെന്നാണ് വ്യക്തമാക്കുന്നത്. മുന്പത്തെ നിര്ദ്ദേശത്തിനൊപ്പം നിരോധിത മയക്കുമരുന്ന് ഉപയോഗം കൂടി ഉള്പ്പെടുത്തിയെന്നു മാത്രമാണ് വ്യത്യാസം.