ഒരു പോളിംഗ് സ്റ്റേഷനിലെ കള്ളവോട്ട് ദൃശ്യങ്ങള് കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്നുള്ളതാണെന്നരീതിയിൽ സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്.
എന്നാല്, ഈ വീഡിയോ പശ്ചിമ ബംഗാളിൽ നിന്നുള്ളതാണെന്നു ഇന്ത്യാ ടുഡേ കണ്ടെത്തി.
അന്വേഷണം
പ്രചരിക്കുന്ന വീഡിയോയില് വോട്ടിംഗ് മെഷീനു സമീപത്തായി പ്രിസൈഡിംഗ് ഓഫീസര് ഇരിക്കുന്നതു കാണാം. ഇവിഎമ്മിന് സമീപം നീല ടീ ഷര്ട്ട് ധരിച്ച ഒരു യുവാവും നിൽക്കുന്നുണ്ട്. വീഡിയോയുടെ തുടക്കത്തില് ഒരു സ്ത്രീ വോട്ട് ചെയ്തു പോകുന്നതായി കാണാനാകും . അടുത്തതായി ഒരാള് ഇവിഎമ്മിന് സമീപത്തെത്തുന്നുണ്ടെങ്കിലും അയാള്ക്ക് വേണ്ടി ബട്ടണ് അമര്ത്തിയത് നീല ടീ ഷര്ട്ട് ധരിച്ച യുവാവാണ്. ബട്ടണ് അമര്ത്തിയപ്പോഴുള്ള ബീപ് ശബ്ദം കേള്ക്കാനാവുന്നുണ്ട്. പിന്നീട് രണ്ടുപേർ കൂടി വേരുന്നുണ്ടെങ്കിലും അവർക്കും വോട്ട് ചെയ്യാനായില്ല. ഈ സമയങ്ങളിലെല്ലാം പ്രിസൈഡിംഗ് ഓഫിസര് സമീപത്തുണ്ടെങ്കിലും അയാൾ പ്രതികരിക്കുന്നില്ല.
പ്രചാരത്തിലുള്ള വീഡിയോയിൽ ആളുകൾ ബംഗാളിയിൽ സംസാരിക്കുന്നത് കേൾക്കാം. ഇതിൽ നിന്നും വീഡിയോ പശ്ചിമ ബംഗാളിൽ നിന്നാകാമെന്ന് ഞങ്ങൾക്ക് സൂചന ലഭിച്ചു. വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ തിരഞ്ഞതിൽനിന്നും , 2022 ഫെബ്രുവരി 27 ന് CPIM പശ്ചിമ ബംഗാളിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഇതേ വീഡിയോ അപ്ലോഡ് ചെയ്തതായി കണ്ടെത്താൻ സാധിച്ചു. ഈ പോസ്റ്റ് പ്രകാരം പശ്ചിമ ബംഗാളിലെ സൗത്ത് ഡം ഡം ജില്ലയിലുള്ള 33-ാം വാർഡിലെ ലേക്വ്യൂ സ്കൂളിലെ 108-ാം നമ്പർ ബൂത്തിൽ നിന്നുള്ളതാണ് വീഡിയോ.
തൃണമൂൽ കോൺഗ്രസ് (ടിഎംസി) തിരഞ്ഞെടുപ്പ് തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ഭാരതീയ ജനതാ പാർട്ടി (ബംഗാൾ), പശ്ചിമ ബംഗാൾ കോൺഗ്രസ് എന്നിവയുടെ ട്വിറ്റർ അക്കൗണ്ടുകളും ഈ വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. 2022 ഫെബ്രുവരി 27നാണ് പശ്ചിമ ബംഗാളിലെ 108 മുനിസിപ്പാലിറ്റികളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.
ഈ വിഷയത്തെക്കുറിച്ച് ഫെബ്രുവരി 27ന് ടിവി9 ബംഗ്ല നല്കിയ റിപ്പോർട്ടും ഞങ്ങൾക്ക് ലഭിച്ചു. ഇതുപ്രകാരവും പശ്ചിമ ബംഗാളില് നടന്ന മുനിസിപ്പല് തിരഞ്ഞെടുപ്പിലാണ് പ്രസ്തുത സംഭവം നടന്നത്. കൊല്ക്കത്ത ലേക്വ്യൂ സ്കൂളിന്റെ 106-ാം നമ്പര് ബൂത്തിലാണ് കള്ളവോട്ട് നടന്നതെന്ന് റിപ്പോര്ട്ടില് വ്യക്തമാക്കുന്നുണ്ട്.
വീഡിയോയില് ബ്ലൂ ടീ ഷര്ട്ട് ധരിച്ച യുവാവ് തൃണമൂല് കോണ്ഗ്രസ് പ്രവര്ത്തകനാണെന്ന് സിപിഎം ആരോപണം ഉന്നയിച്ചതായും റിപ്പോര്ട്ടില് പറയുന്നു.
എഡിറ്റര്ജി എന്ന ഓൺലൈൻ മാധ്യമവും സമാനമായ വാര്ത്ത നല്കിയിട്ടുണ്ട്
ലഭ്യമായ വിവരങ്ങളില് നിന്ന് പ്രചരിക്കുന്ന വീഡിയോ കർണാടക ഇലക്ഷനുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും പശ്ചിമ ബംഗാളില് നടന്ന മുനിസിപ്പല് തിരഞ്ഞെടുപ്പില് നിന്നുള്ളതാണെന്നും വ്യക്തമാണ്.
കർണാടക പോളിംഗ് സ്റ്റേഷനിലെ കള്ളവോട്ട് ദൃശ്യങ്ങള് .
ഈ വീഡിയോ പശ്ചിമ ബംഗാളിൽ നിന്നുള്ളതാണ്.