ഗുജറാത്തിൻ്റെ തീരപ്രദേശങ്ങളിൽ കനത്ത നാശം വിതച്ച ബിപോർജോയ് ചുഴലിക്കാറ്റിൽ ഇതുവരെ രണ്ടുമരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടു. മണിക്കൂറിൽ 125 കിലോമീറ്റർ വേഗതയിലാണ് പ്രദേശത്ത് കാറ്റ് വീശുന്നത്. ബിപോർജോയ് ചുഴലിക്കാറ്റിൽ കസേരകളും മേശകളും പറന്നുപോകുന്നുവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
എന്നാൽ പ്രചാരത്തിലുള്ള ഈ വീഡിയോ കർണാടകയിലെ ഹൂബ്ലിയിൽ നിന്നുള്ളതാണെന്ന് ഇന്ത്യാ ടുഡേ കണ്ടെത്തി.
അന്വേഷണം
വീഡിയോയുടെ കീഫ്രേയ്മ്സ് റിവേഴ്സ് ഇമേജ് സെർച്ചിൻ്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ ലഭിച്ച വാർത്തകളിൽ നിന്നും ഈ ദൃശ്യങ്ങൾ 2022ൽ കർണാടകയിലെ ഹൂബ്ലിയിൽ പെയ്ത മഴയുടേതാണെന്ന് മനസ്സിലാക്കാനായി. 2022 മെയ് അഞ്ചിന് പെയ്ത കനത്ത മഴയിലും കാറ്റിലും ഹൂബ്ലി എയർപോർട്ടിലെ സ്റ്റാഫിനുള്ള ക്യാൻ്റീനിൽ നിന്നാണ് കസേരകളും മേശകളുമടക്കമുള്ള വസ്തുക്കൾ പറന്നുപോയത്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദ്ദം അസാനി ചുഴലിക്കാറ്റായി മാറുകയും ഇതിൻ്റെ ഭാഗമായി കർണാടകയിലും കനത്തമഴയും കാറ്റുമുണ്ടായിരുന്നു. കാറ്റിലും മഴയിലും ഹുബ്ലിയിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഹൂബ്ലിയിൽ നിന്നുള്ള പ്രാദേശിക മാധ്യമമായ Hubballi Dharwad Infra ട്വിറ്ററിലൂടെ 2022 മെയ് അഞ്ചിന് ഈ വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് പങ്കുവെച്ചിട്ടുണ്ട്. ട്വീറ്റിൽ ഹൂബ്ലി എയർപോർട്ടിൻ്റെ സ്റ്റാഫ് ക്യാൻ്റീനാണ് വീഡിയോയിലുള്ളതെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ആന്ധ്രാപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിൽ അസാനി ചുഴലിക്കാറ്റിലുണ്ടായ നഷ്ടമെന്ന രീതിയിൽ ഈ വീഡിയോ 2022 മെയ് മാസം പ്രചരിച്ചപ്പോൾ ഇന്ത്യാ ടുഡേ ഫാക്ട് ചെക്ക് ചെയ്തിരുന്നു.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രചാരത്തിലുള്ള വീഡിയോ 2022ൽ കർണാടകയിലെ ഹൂബ്ലിയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലുമുണ്ടായ നാശനഷ്ടങ്ങളുടേതാണെന്ന് വ്യക്തം.
ബിപോർജോയ് ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടം
കർണാടകയിലെ ഹൂബ്ലിയിൽ 2022 മെയിലുണ്ടായ കാറ്റിലും മഴയിലും എയർപോർട്ടിൻ്റെ സ്റ്റാഫ് ക്യാൻ്റീനിലുണ്ടായ നാശനഷ്ടങ്ങളുടെ വീഡിയോ ആണിത്.