സ്വകാര്യ മേഖലകളെ അപേക്ഷിച്ച് സര്ക്കാര് ജീവനക്കാരുടെ ശമ്പളവും അലവന്സും താരതമ്യേന ഉയര്ന്നതാണ്. ഐടി സെക്ടര് ഉള്പ്പെടെയുള്ള വന്കിട മേഖലകളില്പ്പോലും കുറഞ്ഞ ശമ്പളം നല്കി തൊഴിലാളികളെ ചൂഷണം ചെയ്യുന്നുണ്ടെന്ന റിപ്പോര്ട്ടുകളുണ്ട്. ഇവയ്ക്കെല്ലാം പരിഹാരമായി ഏതുവിധേനയും സര്ക്കാര് ജോലി നേടിയെടുത്ത് തൊഴില് സ്ഥിരത ഉറപ്പാക്കുക എന്നതാണ് യുവതലമുറയുടെ ലക്ഷ്യം. സര്ക്കാര് ജോലിക്ക് വേണ്ടിയുള്ള കോച്ചിംഗ് സെന്ററുകളുടെ ബാഹുല്യം ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്. അപേക്ഷകളും വിജയകളും കൂടിയപ്പോള് പരീക്ഷാ നടത്തിപ്പിന്റെ രീതി തന്നെ മാറ്റി കേരള പിഎസ്സിയും പുതിയ ചുവടുവയ്പ്പിലാണ്.
സര്ക്കാര് ജോലി നല്കുന്ന തൊഴില് സ്ഥിരതയും ഉയര്ന്ന ശമ്പളവും തന്നെയാണ് ഉദ്യോഗാര്ഥികളെ ആകര്ഷിക്കുന്നത് എന്ന കാര്യത്തില് തര്ക്കമില്ല. അതിനിടെ, ഒരു കെഎസ്ഇബി ഡ്രൈവര്ക്ക് ഒരു ലക്ഷംരൂപയ്ക്കടുത്ത് ശമ്പളം ലഭിക്കുന്നുവെന്നും ഇത്തരത്തില് ജീവനക്കാര്ക്ക് അധിക ശമ്പളം നല്കുന്നതാണ് കറണ്ട് ചാര്ജ് വര്ധനവിന് കാരണമെന്നുമുള്ള ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില് വൈറലാണ്.
'ഇപ്പോഴല്ലേ മനസിലായത് വൈദ്യുതി പൈസ കൂടിയത് എങ്ങനെയെന്ന് KSEB ഡ്രൈവര് ശമ്പളം 2017യില്,91250, രൂപ മാത്രം' എന്നുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണരൂപം താഴെ കാണാം.
എന്നാല് പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക്ന്യൂസ് വാര് റൂം(AFWA) കണ്ടെത്തി. ജീവനക്കാരുടെ ശമ്പളം നല്കാന് വേണ്ടി കെഎസ്ഇബി വൈദ്യുതി ചാര്ജ് വര്ധിപ്പിക്കുന്നു എന്നത് തെറ്റായ പ്രചാരണമാണ്.
AFWA അന്വേഷണം
ഒരു കെഎസ്ഇബി ഡ്രൈവറുടെ സാലറി സ്ലിപ് എന്ന പേരില് ഒരു ചിത്രത്തിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. ചിത്രത്തിലുള്ള പേ സ്ലിപ്പില് പേരും വ്യക്തിഗത വിവരങ്ങളും മറച്ചുവച്ചിട്ടുണ്ട്. 2017ലെ സാലറി സ്ലിപ്പ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. driver special grade 1 എന്ന പോസ്റ്റില് 31585-59305 പേ സ്കെയില് അനുസരിച്ചുള്ള ശമ്പളമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ബേസിക് പേ(അടിസ്ഥാന ശമ്പളം)-59305, DA ഉള്പ്പെടെയുള്ള മറ്റ് അലവന്സുകളും പേ സ്കെയിലില് രേഖപ്പെടുത്തിയിട്ടുള്ളത് കാണാനാകുന്നുണ്ട്.
ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുന്നതിന് കെഎസ്ഇബിയിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളെപ്പറ്റിയാണ് ഞങ്ങള് ആദ്യം അന്വേഷിച്ചത്. 2021 ഫെബ്രുവരി 26ന് കെഎഎസ്ഇബി ജീവനക്കാരുടെ ശമ്പളവര്ധനവ് നടപ്പാക്കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നതായി കണ്ടെത്താനായി. ഇതില് ഡ്രൈവര്മാരുടെ ശമ്പളത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗങ്ങള് പരിശോധിച്ചു. ഇത് താഴെകാണാം.
2021ലെ ശമ്പള വര്ധനവ് അനുസരിച്ച് ഗ്രേഡ് 1 ഡ്രൈവര് തസ്തികയുടെ ശമ്പളം തുടക്കത്തില് 36000-37600 വരെയാണ്. അടുത്ത ഘട്ടത്തിലുള്ളവര്ക്ക്(സര്വീസ് കാലം പരിഗണിച്ച്)41600- 61400 മുതല് 76400 വരെയാണ് ശമ്പളം.
ഗ്രേഡ് 2 ഡ്രൈവര്ക്ക് തുടക്കത്തില് 31800-34400, 37600-47600-61400-68900(സര്വീസ് പരിഗണിച്ച്) എന്നിങ്ങനെയുമാണ് ശമ്പള സ്കെയില്. അതായത് ഏറ്റവും ഉയര്ന്ന ശമ്പളം വാങ്ങുന്ന ഡ്രൈവര്ക്ക് 15 മുതല് 18 വര്ഷം വരെ സര്വീസുണ്ട് എന്നത് ശ്രദ്ധേയമായ കാര്യമാണ്. മാത്രമല്ല 2021ന് മുന്പ് (പോസ്റ്റില് പറയുന്നത് 2017ലെ ശമ്പളത്തെക്കുറിച്ചാണ്) ഇതിലും കുറവായിരുന്നു ശമ്പള സ്കെയില്.
മറ്റൊരു കാര്യം പോസ്റ്റിലെ ചിത്രത്തില് തന്നെ വ്യക്തമാക്കുന്നത് Dam safety section no2 മൂന്നാറിലെ ജീവനക്കാരന്റെ പേ സ്ലിപ്പാണ് പ്രചരിക്കുന്നതെന്നാണ്. സ്ലിപ്പില് മറച്ചുവയ്ക്കാത്ത ഭാഗം എംപ്ലോയ് കോഡാണ്(1036128). ഇതുപയോഗിച്ചുള്ള തിരച്ചിലില് 2017ല് മൂന്നാറിലേക്കുള്ള കെഎസ്ഇബി സ്ഥലം മാറ്റത്തിന്റെ രേഖ ലഭിച്ചു. ഇതില് നിന്നും ഇതേ എംപ്ലോയി കോഡുള്ള ജീവനക്കാരന് ജി.ബാബു ആണെന്ന് മനസിലാക്കാനായി.
അദ്ദേഹത്തെക്കുറിച്ച് ഞങ്ങള് അന്വേഷിച്ചു. 18 വര്ഷത്തോളം സര്വീസുള്ള ജീവനക്കാരനാണ് അദ്ദേഹമെന്ന് മനസിലാക്കാനായെങ്കിലും നേരിട്ട് ബന്ധപ്പെടാനായില്ല. മറ്റ് ജീവനക്കാരോട് സംസാരിച്ചതില് നിന്ന് മനസിലാക്കാനായത് ഡാം സേഫ്റ്റി പോലെയുള്ള റിസ്ക് മേഖലകളില് ജോലി ചെയ്യുന്ന ജീവനക്കാര്ക്ക് അലവന്സില് വര്ധനയുണ്ടാകും. മാത്രമല്ല ഓവര്സിയര്/ അസിസ്റ്റന്റ് തസ്തികയെക്കാള് ഗ്രേഡ് വണ് ഡ്രൈവര്ക്ക് ശമ്പളമുണ്ട്.
കൂടുതല് വ്യക്തതയ്ക്കായി ഞങ്ങള് കെഎസ്ഇബി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു. ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള് സമൂഹമാധ്യമങ്ങളില് പങ്കുവയ്ക്കപ്പെടുന്നുവെന്ന് മനസിലാക്കിയ കെഎസ്ഇബി ഇക്കാര്യങ്ങള് വിശദീകരിച്ച് ഔദ്യോഗിക അറിയിപ്പ് നല്കിയിട്ടുണ്ടെന്ന് മനസിലാക്കാനായി. കെഎസ്ഇബി ഉദ്യോഗസ്ഥര്ക്ക് നാല് ലക്ഷം രൂപ വരെ ശമ്പളമുണ്ടെന്ന ചില ഓണ്ലൈന് പോര്ട്ടലുകളില് ഉള്പ്പെടെ വന്ന പ്രചാരണങ്ങള് വ്യാജമാണെന്ന വിശദീകരണമാണ് കെഎസ്ഇബി നല്കുന്നത്. കെഎസ്ഇബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില് പങ്കുവച്ച കുറിപ്പ് താഴെ കാണാം.
മാത്രമല്ല, ജീവനക്കാരുടെ ശമ്പളം നല്കാന് വേണ്ടി കെഎസ്ഇബി നിരക്ക് വര്ധിപ്പിക്കുന്നു എന്ന രീതിയിലുള്ള പ്രചാരണവും അടിസ്ഥാനരഹിതമാണ്. വൈദ്യുതി ചാര്ജ് വര്ധിപ്പിച്ചേക്കാമെന്ന വാര്ത്തകളുണ്ടെങ്കിലും ഇതുസംബന്ധിച്ച് അന്തിമ തീരുമാനം വന്നിട്ടില്ലെന്നാണ് ലഭിച്ച വിവരം. വൈദ്യുതി ചാര്ജ് വാര്ധനയും ജീവനക്കാരുടെ ശമ്പളവുമായി യാതൊരു ബന്ധവുമില്ല. ഇക്കഴിഞ്ഞ നവംബറില് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്കുട്ടിയുടെ പ്രതികരണം മാധ്യമങ്ങള് നല്കിയിരുന്നു. വൈദ്യുതി ബോര്ഡിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഇക്കാര്യം പരിഗണിച്ച് താരിഫ് നിരക്ക് അല്പം വര്ധിപ്പിക്കുന്ന കാര്യം വൈദ്യുതി റെഗുലേറ്ററി കമ്മിഷനോട് അഭ്യര്ഥിച്ചിട്ടുണ്ട്. എന്നാല് ഇക്കാര്യത്തില് ഇതുവരെ അന്തിമ തീരുമാനം വന്നിട്ടില്ല.
ഇവയില് നിന്നെല്ലാം വ്യക്തമാകുന്നത് കെഎസ്ഇബിയിലെ എല്ലാ ഡ്രൈവര്മാര്ക്കും ഒരു ലക്ഷം രൂപയ്ക്കടുത്ത അടിസ്ഥാന ശേമ്പളമില്ലെന്നും സര്വീസിനുസരിച്ച് ഇത് വ്യത്യാസപ്പെട്ടിരിക്കുമെന്നുമാണ്. കൂടാതെ ജീവനക്കാര്കക്ക് ശമ്പളം നല്കാന് വേണ്ടിയാണ് കെഎസ്ഇബി വൈദ്യുതി ചാര്ജ് വര്ധിപ്പിക്കുന്നതെന്നതും തെറ്റിദ്ധരിപ്പിക്കുന്ന വിവരമാണ്.
ജീവനക്കാര്ക്ക് വന് ശമ്പളം നല്കുന്നതിനായി കെഎസ്ഇബി വൈദ്യുതി ചാര്ജ് വര്ധിപ്പിക്കുന്നു.
പോസ്റ്റിനൊപ്പം പ്രചരിക്കുന്നത് 18 വര്ഷത്തിനു മുകളില് സര്വീസുള്ള ജീവനക്കാരന്റെ പേസ്ലിപ്പാണ്. മാത്രമല്ല, ജീവനക്കാര്ക്ക് ശമ്പളം നല്കുന്നതിന് വേണ്ടി വൈദ്യുതി ചാര്ജ് വര്ധിപ്പിക്കുന്നുവെന്നതും തെറ്റിദ്ധരിപ്പിക്കുന്ന വിവരമാണ്.