മഹാരാഷ്ട്രയിലെ പാൽഘറിൽ 2020 ഏപ്രിലിൽ ജുനാ അഘാഡാ സന്യാസികളായ രണ്ടുപേരടക്കം മൂന്നുപേർ ആൾക്കൂട്ട മർദ്ദനത്തിരയായി കൊല്ലപ്പെട്ടിരുന്നു. സമാനമായ രീതിയിൽ പഞ്ചാബിൽ സന്യാസിമാർക്ക് നേരെ ആക്രമണം നടന്നു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ കാവിവസ്ത്രധാരികളായ മൂന്നുപേരെ രണ്ടു പേർ ചേർന്ന് മർദ്ദിക്കുന്നത് കാണാം. പഞ്ചാബിൽ നടന്നതെന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റുകളിൽ ബിജെപി ഇല്ലാത്തിടത്ത് ഹിന്ദുക്കളുടെ അവസ്ഥ ഇതാണെന്നാണ് പറയുന്നത്.
എന്നാൽ പ്രചാരത്തിലുള്ള വീഡിയോ രാജസ്ഥാനിൽ നിന്നുള്ളതാണെന്ന് ഇന്ത്യാ ടുഡേ കണ്ടെത്തി.
അന്വേഷണം
വീഡിയോയുടെ കീഫ്രേയ്മ്സ് റിവേഴ്സ് ഇമേജ് സെർച്ചിൻ്റെ സഹായത്തോടെ ഞങ്ങൾ പരിശോധിച്ചു. അന്വേഷണത്തിൽ വീഡിയോയുടെ സ്ക്രീൻഷോട്ട് ഉപയോഗിച്ചിട്ടുള്ള വാർത്തകൾ കണ്ടെത്താനായി. വാർത്തകൾ പ്രകാരം രാജസ്ഥാനിലെ സൂരത്ഗഢിലാണ് കാവിവസ്ത്രധാരികളായ മൂന്ന് പേർക്ക് മർദ്ദനമേറ്റത്. 2023 ജൂൺ ആദ്യവാരമാണ് ഈ സംഭവം നടന്നത്.
സംഭവത്തെക്കുറിച്ചറിയുന്നതിന് സൂരത്ഗഢിലെ ഞങ്ങളുടെ പ്രതിനിധി ഹർദേവ് സിങ്ങുമായി സംസാരിച്ചു. അദ്ദേഹം നൽകിയ വിവരങ്ങൾ പ്രകാരം പലിവാല ബസ്സ്റ്റാൻഡിന് സമീപമുള്ള ശ്രീ വിശ്വകർമ്മ അഗ്രികൾച്ചർ ആൻഡ് റിപെയ്റിങ് വർക്കേഴ്സ് എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്. കാവിവസ്ത്രങ്ങൾ ധരിച്ച, കാറിൽ സഞ്ചരിക്കുന്ന മൂന്ന് പേർ കടക്കാരൻ്റെ അടുത്തെത്തി വീട്ടിൽ ഒരു അനിഷ്ടസംഭവം ഉടനെ നടക്കുമെന്നും അത് ഒഴിവാക്കാൻ 11000 രൂപ പൂജാവശ്യങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അത്രയും പൈസ തൻ്റെ കയ്യിൽ ഇല്ലെന്ന് പറഞ്ഞ് കടക്കാരൻ ഒഴിഞ്ഞുമാറി. കുറച്ച് ദിവസങ്ങൾക്ക് ശേഷം വീണ്ടും കടയിലെത്തിയ മൂവർസംഘം കടക്കാരൻ്റെ വീട്ടിലെ ഒരു അംഗം മരിക്കുമെന്നും അത് ഒഴിവാക്കാൻ പണം നൽകണമെന്നും അവശ്യപ്പെട്ടു. ഇത് കേട്ട് ക്ഷുഭിതനായ ജീവനക്കാരനും മറ്റൊരാളും കൂടി അന്ധവിശ്വാസം പരത്തുന്നതിന് കാവിവസ്ത്രധാരികളെ മർദ്ദിക്കുകയാണുണ്ടായത്.
വീഡിയോ വൈറലായതിനെത്തുടർന്ന് പലിവാല സ്വദേശികളായ ജോരാ സിങ്, ജിതേന്ദ്ര സിങ് എന്നിവരുടെ പേരിൽ സദർ പൊലീസ് കേസെടുത്തതായി വാർത്തകളിലുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് സദർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. മർദ്ദനമേറ്റ മൂവർസംഘം ഇതുവരെ പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇവരെ നേരിട്ട് കണ്ടിട്ടില്ലാത്തതിനാൽ യാഥാർഥ സന്യാസികളാണോ അല്ലയോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലെന്നും, അന്വേഷണം നടക്കുകയാണെന്നും സദർ പൊലീസ് പറഞ്ഞു.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാവിയണിഞ്ഞ മൂവർസംഘം ആക്രമണത്തിനിരയായത് പഞ്ചാബിലല്ല, രാജസ്ഥാനിലാണ്.
പഞ്ചാബിൽ സന്യാസിമാർക്കുനേരെ ആക്രമണം
രാജസ്ഥാനിലെ സൂരത്ഗഢിൽ ജൂൺ ആദ്യവാരം നടന്ന സംഭവത്തിൻ്റ വീഡിയോ ആണ് പ്രചരിക്കുന്നത്.