schema:text
| - മികച്ച രീതിയിലുള്ള റോഡ്, റെയില് ശൃംഖലയുള്ള രാജ്യമാണ് ചൈന. സോഷ്യല് മീഡിയ ഉപയോക്താക്കള് പലപ്പോഴും ചൈനയിലെ റോഡുകളെ ഇന്ത്യയിലേതുമായി താരതമ്യം ചെയ്യാറുമുണ്ട്. അത്തരത്തില് ചൈനയിലെ ഒരു റോഡിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് 50 ലെയിനുകളുള്ള ഈ റോഡ് ലോകത്തിലെ ഏറ്റവും വീതികൂടിയ ഹൈവേയാണ് എന്ന രീതിയില് സോഷ്യല് മീഡിയ പോസ്റ്റുകള് പ്രചരിക്കുന്നുണ്ട്. വീതിയേറിയ റോഡില് നിരവധി വാഹനങ്ങള് നിരന്നു കിടക്കുന്നത് ചിത്രത്തില് കാണാം.
"എട്ടു വരി വേണോ? ആറു വരി പോരെ ? ആര്ക്കടാ ഇത്രയും വേഗത്തില് പോകേണ്ടത് ? എന്നൊക്കെ 2025 ല് നമ്മള് വിദഗ്ധരെ വച്ച് ചാനല് ചര്ച്ച നടത്തുമ്പോള്. ..!
2003 ല് ജനങ്ങള്ക്ക് വേണ്ടി തുറന്നുകൊടുത്ത ഭൂമിയിലെ ഏറ്റവും വലിയ ഹൈവെ യാണ് ചൈനയിലെ ജി4 എക്സ്പ്രസ് വേ ലോകത്തിലെ ഏറ്റവും വലുത്. .
അതിന് 50 വഴികളുണ്ട്, അത് ഭൂമിയിലെ ഏറ്റവും തിരക്കേറിയതും വീതിയുള്ളതുമായ റോഡുകളില് ഒന്നാണ്!
ഹൈവേയുടെ നീളം 2300 കിലോമീറ്റര് ആണ് .
ഓര്ക്കുക... ഇന്ത്യയും ചൈനയും ഒരേ വര്ഷം പിച്ച വച്ച് മുന്നോട്ട് നടന്ന രാജ്യങ്ങള് ആണ്." എന്നുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണരൂപം താഴെ കാണാം.
എന്നാല്, പ്രചരിക്കുന്ന പോസ്റ്റുകള് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തില് കണ്ടെത്തി. ചൈനയിലെ ജി4 എക്സ്പ്രസ് വേയ്ക്ക് 50 ലെയിനുകളില്ല, ടോള് ബൂത്തുകളില് മാത്രം 25 ലെയിനുള്ള നാലുവരി പാതയാണിത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ ആര്ക്കൈവ് ചെയ്ത ലിങ്ക്
അന്വേഷണം
വൈറല് പോസ്റ്റിലുള്ള റോഡിന്റെ ചിത്രമാണ് ഞങ്ങള് ആദ്യം പരിശോധിച്ചത്. റിവേഴ്സ് ഇമേജിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള് ഇതേ ചിത്രം ഉള്പ്പെടുന്ന നിരവധി മാധ്യമ റിപ്പോര്ട്ടുകള് ലഭ്യമായി. 2015 ഒക്ടോബര് എട്ടിന് Bloomberg എന്ന മാധ്യമം നല്കിയ റിപ്പോര്ട്ട് പ്രകാരം ഈ ചിത്രം G4 ബീജിംഗ്-ഹോങ്കോംഗ്-മക്കാവു എക്സ്പ്രസ് വേയിലെ ഒരു ടോള് ബൂത്തിന് മുന്നില് നിന്നുള്ളതാണ്. ഒരാഴ്ചത്തെ അവധി ആഘോഷം കഴിഞ്ഞുള്ള റോഡിലെ ഈ ട്രാഫിക് കുരുക്ക് മണിക്കൂറുകളോളം നീണ്ടു നിന്നുവെന്നും റിപ്പോര്ട്ടിലുണ്ട്. മൂടല്മഞ്ഞാണ് ഇത്തരത്തില് വലിയൊരു ട്രാഫിക് കുരുക്കിന് കാരണമായെതെന്ന് ചൈനീസ് മാധ്യമങ്ങളും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.
ജി4 എക്സ്പ്രസ് വേയിലെ ഇതേ ട്രാഫിക് ബ്ലോക്കിന്റെ മറ്റൊരു ആംഗിളില് നിന്നുള്ള ചിത്രം ഫോബ്സ് പങ്കുവച്ചിരുന്നു. പീപ്പിള്സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്ഥാപക ദിനം ആഘോഷിക്കുന്ന ഗോള്ഡന് വീക്കിന്റെ അവസാനഘട്ടത്തിലാണ് ഈ തിരക്ക് അനുഭവപ്പെട്ടതെന്നും റിപ്പോര്ട്ടിലുണ്ട്. വാര്ത്തയുടെ സ്ക്രീന്ഷോട്ട് ചുവടെ കാണാം.
ജി4 എക്സ്പ്രസ് വേ
അടുത്തതായി ഞങ്ങള് പരിശോധിച്ചത് ജി4 എക്സ്പ്രസ് വേയ്ക്ക് 50 ലെയിനുകളുണ്ടോ എന്ന വിവരമാണ്. പ്രധാന നഗരങ്ങളെ തമ്മില് ബന്ധിപ്പിക്കുന്നതിനാല് ചൈനയിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നാണ് ജി4 എക്സ്പ്രസ് വേ. 2004ല് പണി പൂര്ത്തിയായ ഈ ഹൈവേയ്ക്ക് 2285 കിലോമീറ്റര് നീളമുണ്ട്. റിപ്പോര്ട്ടുകള് പ്രകാരം വൈറല് ചിത്രം പകര്ത്തിയത് Zhuozhou ടോള് ഗേറ്റിന് സമീപം നിന്നാണ്.
ഈ സൂചന ഉപയോഗിച്ച് ജി4 എക്സ്പ്രസ് വേയുടെ ഗൂഗിള് ഇമേജ് പരിശോധിച്ചപ്പോള് ഈ റോഡിന് ടോള് ബൂത്തുകളിലാണ് വീതിയേറിയ ലെയ്നുകള് ഉള്ളതെന്ന് വ്യക്തമായി. ടോള് ബൂത്ത് ആരംഭിക്കുന്ന ഭാഗത്ത് റോഡിന് വീതി കൂടുതലാണ്. 25 ലെയിനുകളാണ് ടോള് ബൂത്തിലേക്ക് കടന്നുവരാനുള്ളതെന്ന് ഗൂഗിള് ഇമേജില് കാണാം. ഓരോ ലെയിനിലും രണ്ട് വരിയായി വാഹനങ്ങള് നീങ്ങുന്നതിനാലാണ് അത് 50 ലെയിനാണെന്ന് തെറ്റിദ്ധാരണയുണ്ടായത്. മാത്രമല്ല ടോള് ബൂത്ത് കഴിയുമ്പോള് റോഡ് നാലുവരിയായി ചുരുങ്ങുന്നതും ഗൂഗിള് മാപ്പില് കാണാനാകും. ടോള്ബൂത്തിന്റെ ഗൂഗിള് മാപ് ചുവടെ കാണാം.
ചൈനീസ് മാധ്യമ വാര്ത്തകള് പരിശോധിച്ചപ്പോള് ജി4 എക്സ്പ്രസ് വേ നാല് വരിയാണ്. നിലവില് ചിലയിടങ്ങളില് എട്ടുവരിയായി ഇത് ദീര്ഘിപ്പിക്കാനുള്ള പ്രവര്ത്തനം നടക്കുന്നുണ്ട്. മറ്റൊരു പ്രധാന കാര്യം ജി4 എക്സ്പ്രസ് വേയേക്കാള് കൂടുതല് ലെയിനുകളുള്ള റോഡുകള് ചൈനയില് തന്നെയുണ്ട്. ഷാങ്ഹായ്, ബീജിംഗ്, ഗ്വാങ്ഷോ എന്നിവ ഔട്ടര് റിംഗ് റോഡുകള് ഉള്പ്പെടെ 12 ലെയിനുകള് വരെയുള്ള എക്സ്പ്രസ് വേകളാണ്.
മുന്പ് ചൈനയിലെ 50 വരി പാതയാണ് എന്ന രീതിയില് ഈ ട്രാഫിക് ബ്ലോക്കിന്റെ ചിത്രം പ്രചരിച്ചപ്പോള് സ്നോപ്സ് ഫാക്ട് ചെക്ക് റിപ്പോര്ട്ട് നല്കിയിരുന്നു.
ഏറ്റവും വീതിയേറിയ റോഡ്
അടുത്തതായി ഞങ്ങള് പരിശോധിച്ചത് ലോകത്തിലെ ഏറ്റവും വീതിയേറിയ റോഡ് എതാണെന്ന വിവരമാണ്. കീവേര്ഡ് സെര്ച്ച് നടത്തിയപ്പോള് ഇതുസംബന്ധിച്ച നിരവധി റിപ്പോര്ട്ടുകള് ലഭ്യമായി. അമേരിക്കയിലെ ടെക്സസിലുള്ള ഹൂസ്റ്റണ് കാറ്റി ഫ്രീവേ(Katy Freeway) ആണ് ലോകത്തിലെ ഏറ്റവും വീതിയേറിയ റോഡ് എന്ന ബഹുമതിയുള്ളത്. റോഡിന്റെ തുടക്കത്തില് 26 ലൈനുകളുള്ള ഈ ഹൈവേ 1968ലാണ് നിര്മിച്ചത്. 2008 ഓക്ടോബറില് വികസിപ്പിച്ചു. അതേസമയം, ഈ പാത മുന്നോട്ട് പോകുമ്പോള് വീതി 12 ലെയിനായി ചുരുങ്ങുന്നുണ്ട്.
യുഎസ്എ ടുഡേ നല്കിയ ഒരു റിപ്പോര്ട്ടില് യുഎസില് തന്നെ 12 മുതല് 15 വരെ ലെയിനുകളുള്ള നിരവധി ഹൈവേകളുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല് 50 വരികളിലായി വാഹനങ്ങള് നിരന്നു കിടന്ന വലിയ ട്രാഫിക് ജാം ഉണ്ടായതിനാല് കാറ്റി ഫ്രീവേ യെക്കാള് വലിയ റോഡ് ചൈനയിലെ ജി4 എക്സ്പ്രസ് വേയാണ് എന്ന റിപ്പോര്ട്ടാണ് യുഎസ് വസ്തുതാ പരിശോധനാ ഏജന്സികള് പങ്കുവച്ചിട്ടുള്ളത്. എന്നാല് ചൈനയിലെ ജി4 എക്സ്പ്രസ് വേ ടോള് ബൂത്ത് ഒഴികെയുള്ള ഭാഗങ്ങളില് നാല് വരി മാത്രമാണുള്ളത് എന്ന കാര്യം ശ്രദ്ധേയമാണ്.
നീളത്തില് ഏറ്റവും വലിയ റോഡ് നിരവധി രാജ്യങ്ങളിലൂടെ കടന്നുപോകുന്ന പാന് അമേരിക്കന് ഹൈവേയാണ്. 30,000 കിലോമീറ്ററാണ് ഇതിന്റെ നീളം. സമാനമായി 14500 കിലോമീറ്റര് നീളമുള്ള ആസ്ട്രേലിയയിലെ എന്എച്ച്1 ആണ് ലോകത്തിലെ ഏറ്റവും വലിയ നാഷണല് ഹൈവേ.
ഇന്ത്യയിലെ എക്സ്പ്രസ് ഹൈവേകള്
ചൈനയിലേതുപോലെ മികച്ച റോഡ് ശ്യംഖലകള് ഇന്ത്യയില് ഇല്ലെന്നും പോസ്റ്റില് പ്രതിപാദിക്കുന്നുണ്ട്. ഭാരത് മാല പരിയോജന, സാഗര്മാല പദ്ധതികളില് ഉള്പ്പെടുത്തി ഇന്ത്യയില് നിരവധി എക്സ്പ്രസ് ഹൈവേകളും നാഷണല് ഹൈവേകളും നിലവിലുണ്ട്. അഹമ്മദാബാദ്-വഡോദര എക്സ്പ്രസ് വേ, ഡല്ഹി-മീററ്റ് എക്സ്പ്രസ് വേ, വഡോദര-മുംബൈ എക്സ്പ്രസ് വേ എന്നിങ്ങനെ നിലവിലുള്ളതും ഡല്ഹി-മുംബൈ, ബാംഗ്ലൂര്-ചെന്നൈ, വാരണാസി-കൊല്ക്കത്ത തുടങ്ങി നിര്മാണത്തിലിരിക്കുന്നതുമായ നിരവധി റോഡ് ശൃംഖലകള് ഇന്ത്യയിലുണ്ട്.
ലഭ്യമായ വിവരങ്ങളില് നിന്ന് വൈറല് പോസ്റ്റുകള് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
50 ലെയിനുകളുള്ള ചൈനയിലെ ജി4 എക്സ്പ്രസ് ഹൈവേ.
ചൈനയിലെ ജി4 എക്സ്പ്രസ് ഹൈവേയ്ക്ക് 50 ലെയ്നുകളില്ല. ടോള് ബൂത്തുകളില് മാത്രം 25 ലെയിനുകളുള്ള ഈ റോഡ് മറ്റ് ഭാഗങ്ങളില് നാല് വരി പാതയാണ്.
|