schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
“ഹീരാക്കുഡ് ഡാമിന്റെ ഉദ്ഘാടനത്തിന് അന്നത്തെ പ്രധാനമന്ത്രി നെഹറു വന്നപ്പോൾ വലിയ ഹോമകുണ്ഡത്തിനു മുന്നിൽ പൂജ നടത്തി ചുവപ്പു മാലകളോക്കെ അണിയിച്ചു ബലി കൊടുക്കാൻ ഒരുക്കിനിർത്തിയിരിക്കുന്ന ആദിവാസി പെൺകുട്ടിയെ കണ്ട് കോപിഷ്ടനായി പൊട്ടിത്തെറിച്ച് പൂജാസാമഗ്രികളൊക്കെ ചവിട്ടിതെറിപ്പിച്ച് പെൺകുട്ടിയുടെ കഴുത്തിലെ മാലകൾ വലിച്ചു പൊട്ടിച്ച് അവളുടെ കൈ പിടിച്ചു വേദിയിലേക്കു കയറ്റി അവളെ കൊണ്ട് തന്നെ ഡാമിന്റെ ഉദ്ഘാടനം നിർവ്വഹിപ്പിച്ചു,” എന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.
പാലോം പാലോം എന്ന മലയാളത്തിൽ ശ്രദ്ധേയമായ നാടൻ പാട്ടിലെ കഥയുമായി ഈ പോസ്റ്റിൽ ബലി കൊടുക്കാൻ നിശ്ചയിച്ച പെൺകുട്ടിയെ നെഹ്റു രക്ഷിച്ച കഥയെ ചേർത്ത് വെക്കുന്നു.
പാലോം പാലോം എന്ന നാടൻ പാട്ടിൻറെ വരികളെ ഇങ്ങനെ സംഗ്രഹിക്കാം. ” അഞ്ചു വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടിയും അച്ഛനും കുടി പാലത്തിലൂടെ നടന്നു പോകുന്നു. അപ്പോൾ പാലത്തിന്റെ തൂണിൽ നിന്നും, “പൊന്നു,പൊന്നു ” എന്നൊരു വിളി കേൾക്കുന്നതായി പെൺകുട്ടിക്ക് തോന്നുന്നു.
” ആരാണച്ഛാ വിളിക്കുന്നത്. അമ്മയുടെ ഒച്ച പോലുണ്ടല്ലോ?.”,എന്നു മകൾ ചോദിക്കുന്നു. അപ്പോൾ അച്ഛൻ ആ കഥ പറഞ്ഞു കൊടുക്കുന്നു.
അച്ഛൻ പറഞ്ഞ കഥയിങ്ങനെയാണ്: “തബ്രാൻ വിളിപ്പിച്ചു പറയുന്നു. നിന്റെ പെണ്ണിനെ പാലത്തിന് കരു നിർത്താം.
‘തബ്രാന്റ വാക്കിനെതിർവാക്കില്ല. നാലിടങ്ങഴി നെല്ലും രണ്ടു നാളികേരവുമായി തബ്രാന്റ ആൾക്കാർ വന്നു നിന്റമ്മയെ കൊണ്ട് പോകുന്നു. നിന്നെ മുലയൂട്ടി ഉറക്കി കിടത്തിയിട്ട് അമ്മ നിറകണ്ണുകളോടെ യാത്ര പോവുന്നു. അങ്ങനെ നിന്റമ്മ പാലത്തിനു കരുവായി തീർന്നു.”
അന്തരിച്ച നാടൻപാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറം എഴുതുകയും പാടുകയും ചെയ്ത നാടൻപാട്ടാണ് ‘പാലോം പാലോം.’ ഈ നാടൻ പാട്ടിൽ പറയുന്ന വിവരങ്ങളെ ഹീരാക്കുഡ് ഡാമിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെടുത്തിയ ഈ പോസ്റ്റിൽ നെഹ്റുവിനൊപ്പം ഒരു സ്ത്രീ ഏതോ പദ്ധതിയുടെ സ്വിച്ച് ഓൺ നിർവഹിക്കുന്ന ഒരു പടം കൊടുത്തിട്ടുണ്ട്.
Rajesh Ku Ku എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 465 ഷെയറുകൾ ഉണ്ടായിരുന്നു.
ഞങ്ങൾ കാണുമ്പോൾ, Balachandran Alpy എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 163 ഷെയറുകൾ ഉണ്ടായിരുന്നു.
പോസ്റ്റിലെ അവകാശവാദത്തിലെ വാസ്തവം എന്താണ് എന്നറിയാൻ ഞങ്ങൾ ആദ്യം nehru inaugurated hirakud dam എന്ന കീ വേർഡ് ഉപയോഗിച്ച് സേർച്ച് ചെയ്തു. ഇന്ത്യയിലെ ഒഡീഷ സംസ്ഥാനത്തെ സംബൽപൂരിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ മഹാനദി നദിക്ക് കുറുകെയാണ് ഹിരാകുഡ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്.
കീ വേർഡ് സെർച്ചിൽ ദി നാഷണൽ ഹെറാൾഡ് നവംബർ 12,2016 ൽ അപ്ലോഡ് ചെയ്ത ഒരു വീഡിയോ കണ്ടു.1957ൽ ഒഡീഷയിലെ ഹിരാക്കുഡ് ഡാമിന്റെ ഉദ്ഘാടനം നെഹ്റു നിർവഹിക്കുന്നതിന്റെ ഫയൽ വീഡിയോ ആണത്. അതിൽ നെഹ്റുവിനൊപ്പം ഈ ചിത്രത്തിൽ കാണുന്ന സ്ത്രി ഉണ്ടായിരുന്നില്ല.
ബ്രിട്ടീഷ് കമ്പനിയായ ‘ബ്രിട്ടീഷ് പാഥേ‘ ഏപ്രിൽ 13,13,2014ൽ അപ്ലോഡ് ചെയ്ത ഹിരാക്കുഡ് ഡാമിന്റെ ഉദ്ഘാടനം നെഹ്റു നിർവഹിക്കുന്നതിന്റെ ഫയൽ വീഡിയോയിലും ഇങ്ങനെ ഒരു സ്ത്രീയെ കാണുന്നില്ല. ഒഡീഷയിലെ ഹിരാക്കുഡ് അണക്കെട്ടിന്റെ ഉദ്ഘാടനത്തിലെ പടമല്ല ഇത് എന്ന് ഇതിൽ നിന്നും വ്യക്തമാണ്.
തുടർന്ന് ഞങ്ങൾ പ്രചരിക്കുന്ന പടം റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ 2012 ൽ ദി ഹിന്ദുവിൽ നിന്നും ഒരു റിപ്പോർട്ട് കിട്ടി. അതിൽ ഒരു പടം ഉണ്ടായിരുന്നു. ഇപ്പോൾ പ്രചരിക്കുന്ന അതേ പടം തന്നെയാണത്.
പ്രധാനമന്ത്രി നെഹ്റുവിന്റെ സാന്നിദ്ധ്യത്തിൽവെച്ച് പദ്ധതിയിലെ ജോലിക്കാരിയായ ബുധ്നി മെജാൻ എന്ന ആദിവാസി പെൺകുട്ടി 1959 ഡിസംബർ ആറിന് ദാമോദർ വാലിയുടെ ഭാഗമായ പാഞ്ചേത് അണക്കെട്ടിന്റെ ഉദ്ഘാടനം നിർവഹിക്കുന്ന ചിത്രമാണ് അത്.
ദി ഹിന്ദുവിലെ റിപ്പോർട്ട് പ്രകാരം,”സൈറ്റിലെ തൊഴിലാളിയായ 15 വയസ്സുള്ള ബുധ്നി മെജാനോട് ഝാർഖണ്ഡിലെ (അന്നത്തെ ബിഹാറിലെ).ദാമോദർ വലി പ്രോജക്ടിന്റെ ഭാഗമായ ഡാമിന്റെ പ്രവർത്തനങ്ങളുടെ ആരംഭം സൂചിപ്പിക്കുന്നതിന് പവർ സ്റ്റേഷന്റെ ബട്ടൺ അമർത്തണമെന്ന് നെഹ്റു ആവശ്യപ്പെട്ടു. അവൾ അത് പോലെ ചെയ്തു.
തുടർന്ന്, ബുധ്നി തന്റെ ഗ്രാമമായ കാർബോണയിലേക്ക് മടങ്ങിയെത്തി. ഗ്രാമത്തിലെ മുതിർന്നവർ അവളോട് പറഞ്ഞു, ചടങ്ങിൽ നെഹ്റുവിനെ മാല ചാർത്തിയത് കൊണ്ട് നീ അവനെ വിവാഹം കഴിച്ചുവെന്നാണ് അർഥം. പ്രധാനമന്ത്രി നെഹ്റു ഒരു സന്താൾ അല്ലാത്തതിനാൽ, നീ ഇപ്പോൾ സന്താൾ സമൂഹത്തിന്റെ ഭാഗമല്ല. തുടർന്ന് അവർ അവളോട് ഗ്രാമം വിടാൻ പറഞ്ഞു. സമുദായത്തിൽ നിന്ന് ബഹിഷ്കരിക്കപ്പെട്ട ബുധ്നിയ്ക്ക് പഞ്ചെതിലെ താമസക്കാരനായ സുധീർ ദത്തയെന്ന യുവാവാണ് അഭയം നൽകിയത്. 1962-ൽ, ബുധ്നിയെ ഡാമിലെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും അവർ തുടർന്ന് ചെറിയ ജോലികൾ ചെയ്തു ജീവിക്കുകയും ചെയ്തു. 1980-കളിൽ അവർ ഡൽഹിയിലേക്ക് പോയി. താൻ മാല അണിയിച്ച പ്രധാനമന്ത്രിയുടെ ചെറുമകനായ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അവർ ഒരു അഭ്യർത്ഥനയുമായി കണ്ടു. ഡാമിലെ ജോലിയിൽ തിരിച്ചെടുക്കണമെന്നാണ് അവർ അഭ്യർഥിച്ചത്.”
ഫിനാൻഷ്യൽ എക്സ്പ്രസ്സ് കൊടുത്ത റിപ്പോർട്ട് പ്രകാരം തുടർന്ന് ഡാമിലെ ജോലിയിലേക്ക് തിരിച്ച് പ്രവേശിച്ച ബുധ്നി റിട്ടയർ ചെയ്തതിന് ശേഷം ഒരു വീട് വെച്ച് കിട്ടാനും മകന് ജോലി ലഭിക്കാനും വേണ്ടി രാഹുൽ ഗാന്ധിയെ സമീപിച്ചതായി പറയുന്നു.
ബുധ്നിയുടെ കഥ മലയാളം എഴുത്തുകാരി സാറ ജോസഫ് നോവലാക്കിയിട്ടുണ്ട്. ബുധ്നിയെ സാറ ജോസഫ് കണ്ട കഥ ന്യൂസ്മിനിറ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യൻ എക്സ്പ്രസിൽ താൻ ബുധ്നിയെ കണ്ട കഥ സാറ ജോസഫ് എഴുതിയിട്ടുണ്ട്. ഹീരാക്കുഡ് ഡാമിന്റെത് എന്ന പേരിൽ പ്രചരിക്കുന്ന ഉദ്ഘാടനം വാസ്തവത്തിൽ പാഞ്ചേത് അണക്കെട്ടിന്റെതാണ് എന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാണ്.
വായിക്കാം: പ്രചരിക്കുന്ന ഫോട്ടോ കേരള സർക്കാർ പുറത്തിറക്കിയ സ്റ്റേറ്റ് സിലബസ് പാഠപുസ്തകത്തിന്റേതല്ല
ഹീരാക്കുഡ് ഡാമിന്റെ ഉദ്ഘാടനത്തിന്റെതല്ല, ദാമോദർ വാലിയുടെ ഭാഗമായ പാഞ്ചേത് അണക്കെട്ടിന്റെ ഉദ്ഘാടനത്തിന്റേതാണ് പ്രചരിക്കുന്ന പടം എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. പോരെങ്കിൽ പടത്തിലുളളത്,ബലി കൊടുക്കാൻ ഒരുക്കിനിർത്തിയിരുന്ന ആദിവാസി പെൺകുട്ടിയല്ല. പദ്ധതിയിലെ ജോലിക്കാരിയായ ബുധിനി മെജാൻ എന്ന ആദിവാസി പെൺകുട്ടിയാണ്.
Sources
Video of The National Herald on November 12, 2016
Video of British Pathe on April 13,2014
Article in Hindu dated July 2,2012
News report in Financial Express dated November 2,2016
News report in News minute dated August 02, 2019
Article in Indian Express dated July 28,2019
|