സ്ത്രീകള്ക്കെതിരായ അതിക്രമത്തിന്റെ നിരവധി വീഡിയോകളാണ് കഴിഞ്ഞ ദിവസങ്ങളില് മണിപ്പൂരില് നിന്ന് പുറത്തുവന്നത്. നിരവധി സ്ത്രീകള് കലാപത്തിന് ഇരയായി കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. അതിനിടെ ഒരു യുവതിയെ തലയ്ക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തുന്ന ദൃശ്യങ്ങള് പങ്കുവച്ചുകൊണ്ട് മണിപ്പൂരിലേതാണെന്ന രീതിയില് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്.
"ഇതാണ് new digital India നമ്മുടെ സഹോദരങ്ങള് കൊല്ലപ്പെടുന്നു. എന്നിട്ടും ഒരു ചെറുവിരല് അനക്കാന് കേന്ദ്രത്തിന് കഴിയുന്നില്ല. Rss nte മെമ്പര്ഷിപ് ഉണ്ടെങ്കില് എന്തും നടക്കും എന്നായി ഇന്ത്യയില്." എന്നുള്ള കുറിപ്പിനൊപ്പമാണ് ചിലര് ഇത് പങ്കിടുന്നത്.
"മണിപ്പൂരില് ക്രിസ്ത്യന് യുവതിയെ കൊലപ്പെടുത്തി
ക്രിസ്ത്യന് യുവതിയെ ആര്എസ്എസ് സംഘം ക്രൂരമായി കൊലപ്പെടുത്തിയ വീഡിയോ" എന്നുള്ള കുറിപ്പോടെയും ഇതേ വീഡിയോ പ്രചരിക്കുന്നുണ്ട്.
എന്നാല്, പ്രചാരത്തിലുള്ള വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തില് കണ്ടെത്താനായി. ഈ വീഡിയോ ബ്രസീലില് നിന്നുള്ളതാണ്.
Archive 1, Archive 2
അന്വേഷണം
പ്രചാരത്തിലുള്ള വീഡിയോയുടെ കീഫ്രെയ്മുകള് റിവേഴ്സ് ഇമേജ് സെര്ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള് സമാനമായ ദൃശ്യങ്ങള് ഉള്പ്പെടുന്ന ഒരു ട്വിറ്റര് സന്ദേശം ലഭ്യമായി. ഫാളന് എയ്ഞ്ചല് എന്ന പ്രൊഫൈലില് നിന്ന് 2020 സെപ്റ്റംബര് 17നാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.
"നിര്ഭാഗ്യവശാല് വളരെ കുറച്ച് ആളുകള്ക്ക് മാത്രമേ ഈ കേസിനെക്കുറിച്ച് അറിയൂ എന്നതിനാല് എനിക്ക് ഇത് നിങ്ങളുമായി പങ്കിടേണ്ടി വന്നു. തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലചെയ്യപ്പെട്ട ബ്രസീലില് നിന്നുള്ള താലിയ ടോറസ് ഡി സൂസ എന്ന 23കാരിയാണ് വീഡിയോയിലെ സ്ത്രീ " എന്നാണ് ബോസ്നിയന് ഭാഷയിലുള്ള പോസ്റ്റിന്റെ വിവര്ത്തനം.
ട്വീറ്റിന്റെ സ്ക്രീന്ഷോട്ട് താഴെ കാണാം.
ബ്രസീലില് നിന്നുള്ള ചില ബ്ലോഗ് വെബ്സൈറ്റുകളിലും ഇതേ പെണ്കുട്ടിയുടെ വിവിധ ചിത്രങ്ങള് കണ്ടെത്താനായി.
ഇവയില് നിന്ന് ലഭിച്ച സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള് ഇതേ സംഭവത്തിന്റെ മാധ്യമ റിപ്പോര്ട്ടുകള് ലഭിച്ചു. വാര്ത്തകള് പ്രകാരം ബ്രസീലിലെ സിയാര(Ceara) സംസ്ഥാനത്ത് 2020 ഓഗസ്റ്റ് അവസാന വാരമാണ് താലിയ ടോറസ് ഡി സൂസ എന്ന 23 കാരിയായ യുവതി ക്രൂരമായി കൊല്ലപ്പെടുന്നത്. ആഗസ്റ്റ് 26 ന് ഗ്രാന്ഡെ ഫോര്ട്ടലേസയില് മരന്ഗ്വാപിഞ്ഞോ നദിക്ക് സമീപമാണ് താലിയയുടെ മൃതദേഹം കണ്ടെത്തിയത്.
2020 ഒക്ടോബര് ഒന്നിന് പ്രസിദ്ധീകരിച്ച ഒരു മാധ്യമ വാര്ത്തയില് താലിയുടെ കൊലപാതകി എന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതായി പറയുന്നു. മറ്റ് നാല് പ്രതികള് ഒളിവിലാണെന്നും റിപ്പോര്ട്ടില് സൂചനയുണ്ട്. ഇതിനു പുറമെ, ബ്രസീല് സര്ക്കാരിന്റെ ഔദ്യോഗിക രേഖയില് 2020ല് സിയാര സംസ്ഥാനത്ത് നടന്ന കൊലപാതകങ്ങളുടെ ലിസ്റ്റ് ഞങ്ങള് കണ്ടെത്തി. ഇതില് 214-ാമതായി താലിയ ടോറസിന്റെ പേരുണ്ട്. 2020 ഓഗസ്റ്റ് 26നാണ് താലിയ കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക രേഖ.
ലഭ്യമായ വിവരങ്ങളില് നിന്ന് യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുന്ന വീഡിയോ 2020ല് ബ്രസീലില് നിന്നുള്ളതാണെന്നും ഈ ദൃശ്യത്തിന് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി.
ഇന്ത്യയില് യുവതിയെ ക്രൂരമായി തലയ്ക്കടിച്ച് കൊല്ലുന്ന ദൃശ്യം.
ഇത് 2020ല് ബ്രസീലിലെ സിയാരയില് നടന്ന സംഭവമാണ്. താലിയ ടോറസ് ഡിസൂസ എന്ന 23കാരിയുടെ കൊലപാതകത്തില് പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.